23 April Tuesday

ഗോളിൽ ആറാടി ഇം​ഗ്ലണ്ട്: ഇറാനെ തകർത്തത് 6-2ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

twitter.com/FIFAWorldCup/status

ഖത്തറിൽനിന്ന് 
ആർ രഞ്ജിത്‌
ഇതാ ഇംഗ്ലണ്ടിന്റെ പ്രഖ്യാപനം. ഖത്തറിൽ ഞങ്ങൾ ഒരുങ്ങിത്തന്നെ. ഗോളടിക്കാനറിയില്ലെന്ന ദുഷ്‌പേര്‌ മായ്ക്കുന്ന പ്രകടനം. ഏഷ്യൻ കരുത്തുമായി വെല്ലുവിളിക്കാനെത്തിയ ഇറാനെ ഗോളിൽ മുക്കി വരവറിയിച്ചു. ജയം 6–-2ന്‌.

നേഷൻസ്‌ ലീഗിലെ തിരിച്ചടിയും തുടർത്തോൽവികളൊന്നും തളർത്തിയില്ലെന്ന്‌ ഗാരെത്‌ സൗത്‌ഗേയ്‌റ്റിന്റെ പടയാളികൾ ഖലീഫ രാജ്യാന്തര സ്‌റ്റേഡിയത്തിൽ തെളിയിച്ചു.

അർജന്റീനയേയും പോർച്ചുഗലിനേയും വിറപ്പിച്ച പാരമ്പര്യമുള്ള ഇറാൻ ഇംഗ്ലണ്ടിനെതിരെ പത്തിതാഴ്‌ത്തി. അഞ്ച്‌ പ്രതിരോധക്കാരെ അണിനിരത്തി ഇംഗ്ലീഷ്‌ പടയെ നേരിട്ട പരിശീലകൻ കാർലോസ്‌ ക്വിറോസിന്റെ തന്ത്രത്തിന്‌ ആയുസ്സ്‌ അരമണിക്കൂർമാത്രമായിരുന്നു. കളംപിടിക്കാൻ അൽപ്പസമയം. അതുമാത്രം മതിയായിരുന്നു ഇംഗ്ലണ്ടിന്‌. പിന്നീട്‌ ഗോൾമേളം. ഒരിക്കലും വറ്റാത്ത ഊർജവുമായി അവർ കൊടുങ്കാറ്റായി. സാക്കയും മാസൺ മൗണ്ടും ബെല്ലിങ്‌ഹാമുമായിരുന്നു മുന്നേറ്റത്തിന്‌ മൂർച്ചകൂട്ടിയത്‌. ഈ യുവനിര നിരന്തരം ഇറാൻ ബോക്‌സിലേക്ക്‌ ഇരച്ചുകയറി. പത്തൊമ്പതുകാരൻ ബെല്ലിങ്‌ഹാമായിരുന്നു ആദ്യ വെടിമുഴക്കിയത്‌. ഇടതുമൂലയിൽനിന്ന്‌ ലൂക് ഷാ എത്തിച്ച പന്തിൽ ബെല്ലിങ്‌ഹാം പഴുതുകളൊന്നും നൽകാതെ തലവച്ചു. ഇംഗ്ലണ്ട്‌ 1 ഇറാൻ 0. അടുത്ത 10 മിനിറ്റിനുള്ളിൽ രണ്ടുവട്ടംകൂടി ഇറാന്റെ വല കീഴടക്കി ഇംഗ്ലണ്ട്‌. സാക്കയും സ്‌റ്റെർലിങ്ങും ലക്ഷ്യംകണ്ടു.

രണ്ടാംപകുതിയിലും നിർത്തിയില്ല ഇംഗ്ലണ്ടുകാർ. പരുക്കൻകളി പുറത്തെടുത്തു ഇറാൻ. എന്നാൽ ഒന്നും ഇംഗ്ലീഷ്‌ കുതിപ്പിന്‌ തടസ്സമായില്ല. സ്‌റ്റെർലിങ്‌ ഒരുക്കിയ പന്ത്‌ സ്വീകരിച്ച സാക്ക ബോക്‌സിൽ  പ്രതിരോധക്കാരെ കബളിപ്പിച്ച്‌ പോസ്റ്റിലേക്ക്‌ പന്തയച്ചു. അഞ്ച്‌ ഗോൾ വലയിൽ വീണതോടെ ഇറാൻ ഞെട്ടിയുണർന്നു. മിന്നൽ പ്രത്യാക്രമണത്തിലൂടെ തിരിച്ചടിച്ചു. അലി ഗൊലിസാദ്‌ സമ്മാനിച്ച പന്ത്‌ തരേമി ഉന്നംതെറ്റാതെ പായിച്ചു. ഇംഗ്ലണ്ടിന്റെ മറുപടി വേഗത്തിലായിരുന്നു. പകരക്കാരനായെത്തി 49 സെക്കൻഡുകൾക്കുള്ളിൽ റാഷ്‌ഫഡ്‌ ഗോൾ നേടി. പിന്നാലെ ഗ്രീലിഷും പട്ടിക തികച്ചു. പരിക്കുസമയം പെനൽറ്റിയിലൂടെ തരേമി ഇറാന്റെ രണ്ടാംഗോൾ നേടിയെങ്കിലും ഉടനെ അവസാന വിസിൽ മുഴങ്ങി.

25ന്‌ അമേരിക്കയുമായാണ്‌ ഇംഗ്ലണ്ടിന്റെ അടുത്ത കളി. ഇറാൻ വെയ്‌ൽസിനെ നേരിടും.

വേഗഗോളിൽ
മൂന്നാമൻ
ലോകകപ്പ്‌ ചരിത്രത്തിൽ പകരക്കാരനായിറങ്ങി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമായി ഇംഗ്ലണ്ടിന്റെ മാർക്കസ്‌ റാഷ്‌ഫഡ്‌. കളത്തിലിറങ്ങി 49–-ാംസെക്കൻഡിലാണ്‌ വലകുലുക്കിയത്‌. 70–-ാംമിനിറ്റിൽ ബുകായോ സാക്കയ്ക്കുപകരമായാണ്‌ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ താരം കളത്തിലിറങ്ങിയത്‌. ഇംഗ്ലണ്ടിനായി 47 കളിയിൽനിന്ന്‌ 13 ഗോൾ നേടിയിട്ടുണ്ട്‌.

ഡെൻമാർക്കിന്റെ എബ്ബെ സാൻഡിന്റെ പേരിലാണ്‌ പകരക്കാരനായിറങ്ങി വേഗത്തിൽ ഗോളടിച്ചതിന്റെ റെക്കോഡ്‌. 1998 ലോകകപ്പിൽ നൈജീരിയക്കെതിരെയായിരുന്നു ഗോൾ നേട്ടം. കളത്തിലിറങ്ങി 16–-ാംസെക്കൻഡിലാണ്‌ സാൻഡ്‌ ഗോളടിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top