26 April Friday

ആര് കടക്കും: പ്രീക്വാർട്ടർ തേടി ഡച്ചും ഇക്വഡോറും സെനെഗലും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

സെനെഗൽ താരങ്ങൾ പരിശീലനത്തിൽ

ദോഹ> പ്രീക്വാർട്ടർ തേടി മൂന്നു ടീമുകൾ. നെതർലൻഡ്‌സ്‌, ഇക്വഡോർ, സെനെഗൽ. നാലാമത്തെ ടീം ഖത്തർ പുറത്തായി. ഗ്രൂപ്പ്‌ എയിലെ ആദ്യ രണ്ട്‌ സ്ഥാനങ്ങൾക്കായാണ്‌ പോരാട്ടം.ഗ്രൂപ്പ്‌ ഘട്ടത്തിലെ അവസാനമത്സരത്തിന്‌ ഇറങ്ങുമ്പോൾ നാല്‌ പോയിന്റുള്ള ഡച്ചാണ്‌ ഒന്നാമത്‌. ഇത്രതന്നെ പോയിന്റുമായി ഗോൾവ്യത്യാസത്തിൽ ഇക്വഡോർ രണ്ടാമത്‌ നിൽക്കുന്നു.  സെനെഗൽ മൂന്ന്‌ പോയിന്റുമായി മൂന്നാമത്‌. ഖത്തറിന്‌ പോയിന്റില്ല.
ഡച്ചിന്‌ ഖത്തറാണ്‌ എതിരാളികൾ. ഇക്വഡോറിന്‌ സെനെഗൽ. രണ്ടു കളിയും രാത്രി 8.30നാണ്‌.

ഖത്തറിനെ മറികടന്ന്‌ ഗ്രൂപ്പ്‌ ജേതാക്കളായി പ്രീക്വാർട്ടറിലേക്ക്‌ മുന്നേറാമെന്ന പ്രതീക്ഷയിലാണ്‌ നെതർലൻഡ്‌സ്‌. ആദ്യ രണ്ടു കളിയും ലക്ഷ്യംകണ്ട കോഡി ഗാക്‌പോ ഗോളടിമികവ്‌ തുടർന്നാൽ നെതർലൻഡ്‌സ്‌ അനായാസം മുന്നേറാം. മധ്യനിരയിൽ കളി മെനയുന്ന ഫ്രങ്കി ഡി യോങ്‌ ഫോമിലാണ്‌. വിർജിൽ വാൻ ഡികിന്റെ നേതൃത്വത്തിലുള്ള പ്രതിരോധനിരയ്‌ക്ക്‌ ഖത്തർ മുന്നേറ്റനിര വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്‌. സമനില നേടിയാലും മുന്നേറാമെന്നത്‌ ഡച്ച്‌ പടയുടെ ആത്മവിശ്വാസം കൂട്ടും.

സെനെഗലിനെതിരെ സമനില നേടിയാലും ഇക്വഡോറിന്‌ മുന്നേറാം. മൂന്ന്‌ ഗോളുമായി സുവർണപാദുകത്തിനുള്ള പോരാട്ടത്തിൽ മുന്നിലുള്ള ക്യാപ്‌റ്റൻ എന്നെർ വലെൻഷ്യ തന്നെയാണ്‌ ഇക്വഡോറിന്റെ കരുത്ത്‌. മുട്ടിനേറ്റ പരിക്ക്‌ വകവയ്‌ക്കാതെയാണ്‌ കഴിഞ്ഞ മത്സരത്തിൽ കളത്തിലിറങ്ങിയത്‌. പെർവിസ്‌ എസ്‌തുപിനാനും ഗോൺസാലോ പ്ലാറ്റയും ക്യാപ്‌റ്റന്‌ മികച്ച പിന്തുണയും നൽകുന്നു. കരുത്തരായ നെതർലൻഡ്‌സിനെ സമനിലയിൽ തളച്ചാണ്‌ വലെൻഷ്യയും കൂട്ടരും ഗ്രൂപ്പിലെ അവസാനമത്സരത്തിനിറങ്ങുന്നത്‌.
ഇക്വഡോറിനെ തോൽപ്പിച്ചാൽ സെനെഗലിന്‌ മുന്നേറാം. ആദ്യകളി തോറ്റ സെനെഗൽ ഖത്തറിനെ തോൽപ്പിച്ചാണ്‌ പ്രതീക്ഷ നിലനിർത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top