19 April Friday

കലക്കി, കാസെമിറോ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

twitter.com/FIFAWorldCup/status

ദോഹ> നായകനില്ലാതെ പതറിനിന്ന ബ്രസീലിന്‌ കാസെമിറോ കപ്പിത്താനായി. സ്വിറ്റ്‌സർലൻഡുകാരുടെ കടുത്ത പ്രതിരോധത്തിന്റെ കെട്ടുപൊട്ടിച്ച്‌ കാസെമിറോ തൊടുത്ത ഗോളിൽ ബ്രസീൽ ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്‌ കുതിച്ചുകയറി. പരിക്കുകാരണം നെയ്‌മർ പുറത്തിരുന്ന കളിയിൽ സ്വിസുകാർ ബ്രസീലിന്‌ കടുത്ത വെല്ലുവിളിയാണ്‌ നൽകിയത്‌. ആ വെല്ലുവിളിയിൽ കാസെമിറോയുടെ രൂപത്തിൽ ബ്രസീലിന്‌ ഒരു രക്ഷകൻ പിറന്നു.

നല്ല നിമിഷങ്ങളില്ലാതെയാണ്‌ കളിയുടെ ആദ്യപകുതി അവസാനിച്ചത്‌. നെയ്‌മറുടെ അഭാവം ബ്രസീലിന്റെ കളിയിൽ വലിയ വിടവ്‌ സൃഷ്‌ടിച്ചു. ഒരുതവണമാത്രമാണ്‌ ബ്രസീൽ ഗോളിലേക്കുള്ള അർഥപൂർണമായ നീക്കം നടത്തിയത്‌. വലതുപാർശ്വത്തിൽനിന്ന്‌ റഫീന്യ ഗോൾമുഖത്തേക്ക്‌ നൽകിയ ക്രോസിലേക്ക്‌ വിനീഷ്യസ്‌ ഓടിയെത്തി കാൽവച്ചെങ്കിലും സ്വിസ്‌ ഗോൾ കീപ്പർ യാൻ സോമ്മെർ തടഞ്ഞു. റിച്ചാർലിസൺ ബോക്‌സിൽ കടന്നെങ്കിലും സ്വിസ്‌ പ്രതിരോധം വിട്ടുകൊടുത്തില്ല. മധ്യനിരയിൽനിന്നുള്ള പന്തൊഴുക്കിന്‌ വേഗം കുറഞ്ഞത്‌ ബ്രസീലിന്റെ കളിയെ ബാധിച്ചു. ലൂകാസ്‌ പക്വേറ്റയ്‌ക്ക്‌ സ്വാധീനമുണ്ടാക്കാനായില്ല.

ഇടവേളയ്‌ക്കുശേഷം പരിശീലകൻ ടിറ്റെ, പക്വേറ്റയെ പിൻവലിച്ച്‌ റോഡ്രിഗോയെ കൊണ്ടുവന്നു. സ്വിസ്‌ രണ്ടുതവണ ബ്രസീൽ ബോക്‌സിലേക്ക്‌ അപകടകരമായി മുന്നേറി. പ്രതിരോധം അവസരത്തിനൊത്തുയർന്നു. മറുവശത്ത്‌ വിനീഷ്യസിന്റെ മനോഹരമായ ക്രോസിൽ റിച്ചാർലിസൺ ചാടിയിറങ്ങിയെങ്കിലും കാൽവയ്‌ക്കാനായില്ല. ഇതിനിടെ ഫ്രെഡിന്‌ പകരം ബ്രൂണോ ഗിമറസെത്തി. ബ്രസീലിന്റെ കളിക്ക്‌ വേഗംവന്നു. പിന്നാലെ മനോഹരനീക്കത്തിലൂടെ വിനീഷ്യസ്‌ വലകുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്‌സൈഡാണെന്ന്‌ തെളിഞ്ഞു.

ടിറ്റെ വീണ്ടും മാറ്റങ്ങൾ വരുത്തി. റിച്ചാർലിസണ്‌ പകരം ഗബ്രിയേൽ ജെസ്യൂസും റഫീന്യയ്‌ക്ക്‌ പകരം ആന്തണിയുമെത്തി. ബ്രസീൽ ആക്രണമുഖം തുറന്നു. ചെറുനീക്കങ്ങളുമായി സ്വിസ്‌ ഗോൾമുഖത്തേക്ക്‌ നീങ്ങി. ആന്തണിയും വിനീഷ്യസും ഇരുവശങ്ങളിലൂടെയും ക്രോസുകൾ പായിച്ചു. അതുവരെ പിടിച്ചുനിന്ന സ്വിസ്‌ പ്രതിരോധം ഉലയാൻ തുടങ്ങി. കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ശേഷിക്കെ ബ്രസീലിന്റെ നിമിഷം പിറന്നു. വിനീഷ്യസ്‌ ഇടതുപാർശ്വത്തിലൂടെ നടത്തിയ നീക്കം. റോഡ്രിഗോയിലേക്ക്‌ പന്ത്‌. റോഡ്രിഗോ കാസെമിറോയിലേക്ക്‌. മിന്നുന്നൊരു ഹാഫ്‌വോളി പറന്നു. അതിൽ ബ്രസീൽ നിറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top