29 March Friday

ബാഴ്‌സയ്‌ക്ക്‌ നിർണായകം ; യുണൈറ്റഡ്‌ അറ്റ്‌ലാന്റയോട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021


നൗകാമ്പ്‌
ചാമ്പ്യൻസ്‌ ലീഗിൽ രണ്ട്‌ കൂറ്റൻ തോൽവികൾ വഴങ്ങിയ ബാഴ്‌സലോണയ്‌ക്ക്‌ ഇന്ന്‌ നിർണായക പോരാട്ടം. മൂന്നാംമത്സരത്തിൽ ഡൈനാമോ കീവാണ്‌ ബാഴ്‌സയുടെ എതിരാളി. രണ്ട്‌ തോൽവിയുമായി ഗ്രൂപ്പ്‌ ഇയിൽ അവസാനസ്ഥാനത്താണ്‌ ബാഴ്‌സ. ഗ്രൂപ്പ്‌ എഫിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ അറ്റ്‌ലാന്റയുമായി ഏറ്റുമുട്ടും.

ബാഴ്‌സയ്‌ക്ക്‌ സ്വന്തം തട്ടകമായ നൗകാമ്പിലാണ്‌ കളി. ആദ്യമത്സരങ്ങളിൽ ബയേൺ മ്യൂണിക്കിനോടും ബെൻഫിക്കയോടും മൂന്നുവീതം ഗോളിനാണ്‌ തോറ്റത്‌. ഡൈനാമോ ആദ്യകളിയിൽ ബെൻഫിക്കയുമായി സമനിലയിൽ പിരിഞ്ഞു. രണ്ടാംമത്സരത്തിൽ ബയേണിനോട്‌ അഞ്ചു ഗോളിന്‌ തോറ്റു.

നോക്കൗട്ട്‌ പ്രതീക്ഷ നിലനിർത്തണമെങ്കിൽ ബാഴ്‌സയ്‌ക്ക്‌ ജയം അനിവാര്യമാണ്‌. സ്‌പാനിഷ്‌ ലീഗിൽ അവസാനമത്സരത്തിൽ വലെൻസിയയെ തോൽപ്പിച്ചതിന്റെ കരുത്തിലാണ്‌ റൊണാൾഡ്‌ കൂമാന്റെ സംഘം ഇറങ്ങുന്നത്‌. കൗമാരതാരം അൻസു ഫാറ്റി ഇറങ്ങിയേക്കും. പരിക്കുമാറി തിരിച്ചെത്തിയ പതിനെട്ടുകാരൻ മികച്ച കളിയാണ്‌ പുറത്തെടുക്കുന്നത്‌. സെർജിയോ അഗ്വേറോ, ഫിലിപ്‌ കുടീന്യോ എന്നിവർക്കും സാധ്യതയുണ്ട്‌. മുന്നേറ്റത്തിൽ മെംഫിസ്‌ ഡിപെ തിളങ്ങിയാൽ ബാഴ്‌സയ്‌ക്ക്‌ മുന്നേറാം. പ്രതിരോധത്തിലാണ്‌ കൂമാന്റെ ആശങ്ക. റൊണാൾഡ്‌ അറൗഹോയ്‌ക്ക്‌ പരിക്കാണ്‌. എറിക്‌ ഗാർഷ്യ സസ്‌പെൻഷനിലും.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബയേൺ മൂന്നാംജയം നേടി ബെൻഫിക്കയെ നേരിടും. തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‌ സ്വന്തം തട്ടകമായ ഓൾഡ്‌ട്രഫോർഡിലാണ്‌ മത്സരം. മൂന്ന്‌ പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമതാണ്‌ യുണൈറ്റഡ്‌. അറ്റ്‌ലാന്റ നാല്‌ പോയിന്റോടെ ഒന്നാമതും. ആദ്യകളിയിൽ യങ്‌ ബോയ്‌സിനോട്‌ തോറ്റ യുണൈറ്റഡ്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഗോളടിമികവിൽ വിയ്യാറയലിനെ കീഴടക്കി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലെസ്‌റ്റർ സിറ്റിയോട്‌ തകർന്നടിഞ്ഞാണ്‌ യുണൈറ്റഡ്‌ ചാമ്പ്യൻസ്‌ ലീഗിൽ ഇറങ്ങുന്നത്‌. ചെൽസി–-മാൽമോ, സെനിത്‌–-യുവന്റസ്‌ മത്സരങ്ങളും ഇന്ന്‌ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top