26 April Friday

നമ്മുടെ പ്രാവ്‌ അവരുടെ ഫാൽക്കൺ

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022


മലയാളിയുടെ ആനപ്രേമംപോലെയാണ്‌ ഖത്തറുകാരുടെ ഫാൽക്കൺ പൂതി. പരുന്ത്‌ വർഗത്തിൽപ്പെട്ട ഒരു പ്രാപ്പിടിയൻ പക്ഷിയാണിത്‌. മിക്കവീട്ടിലും ഒരു ഫാൽക്കണുണ്ടാകും, നമ്മൾ പ്രാവിനെ വളർത്തുന്നപോലെ. ഫാൽക്കൺ ഖത്തറുകാരുടെ ചരിത്രവും പാരമ്പര്യവുമായി ചേർന്നുനിൽക്കുന്നു.

ഇതിന്റെ വില കേട്ടാൽ ഞെട്ടും. നാല്‌ ലക്ഷംമുതൽ 15 കോടി രൂപവരെയുള്ള ഫാൽക്കണുകളുണ്ട്‌. ഇറാൻ, പാകിസ്ഥാൻ, മംഗോളിയ, കസാക്കിസ്ഥാൻ, ഈജിപ്‌ത്‌ എന്നിവിടങ്ങളിൽനിന്നാണ്‌ കൊണ്ടുവരുന്നത്‌. വീട്ടിൽ പോറ്റുന്നത്‌ ചെലവേറിയകാര്യമാണ്‌. മാംസാഹാരമാണ്‌ കഴിക്കുക. കോഴി, കാട, പ്രാവ്‌ എന്നിവയാണ്‌ പ്രധാന ഭക്ഷണം.

സാമ്പത്തികമായി പിന്നോക്കമുള്ള ഖത്തറുകാർ വീട്ടിൽ വിലകുറഞ്ഞ ഫാൽക്കണുകളെ പോറ്റും. സാമ്പത്തികസ്ഥിതിയുള്ളവർക്ക്‌ ഫാൽക്കണുകൾ ഒരു പ്രദർശനവസ്‌തുവും ഉല്ലാസവേട്ടയ്ക്കുള്ള ആയുധവുമാണ്‌. ഫാൽക്കണുകളുടെ പ്രദർശനവും വേട്ടയും അറബ്‌ നാടുകളിൽ പ്രശസ്‌തമാണ്‌. മറ്റ്‌ പക്ഷികളെ വേട്ടയാടിപ്പിടിക്കൽ വിനോദംമാത്രമല്ല, മത്സരവുംകൂടിയാണ്‌.

ഫാൽക്കണുകൾക്കായി ഖത്തറിൽ അഞ്ച്‌ ആശുപത്രികളുണ്ട്‌. അതിലൊന്ന്‌ സർക്കാർ നടത്തുന്നതാണ്‌. അവയുടെ പരിശോധന, മരുന്ന്‌, ശസ്‌ത്രക്രിയ എന്നിവയ്‌ക്ക്‌ സൗകര്യമുണ്ട്‌. മിക്ക ആശുപത്രികളിലും മലയാളി സാന്നിധ്യമുണ്ട്‌. ഫാൽക്കൺസ്‌ സെന്റർ എന്ന ആശുപത്രിയിലെ, തൃശൂർ പാവറട്ടിക്കാരൻ കെ ജി റഷീദ്‌ പറയുന്നത്‌ ദിനംതോറും 60–-80 ഫാൽക്കണുകൾ ചികിത്സക്കെത്തുമെന്നാണ്‌.

ആശുപത്രിയിൽ ഫാൽക്കണുകളെ സുന്ദരിയാക്കും. രോഗമുള്ളവയെ ചികിത്സിക്കും. തൂവൽ മാറ്റാനും നഖങ്ങളും കൊക്കും മൂർച്ചകൂട്ടാനും സൗകര്യമുണ്ട്‌. ദഹനക്കുറവും പറക്കാനുള്ള പ്രയാസവുമാണ്‌ സാധാരണ കണ്ടുവരുന്ന രോഗങ്ങൾ. അത്‌ പരിശോധിക്കാൻ എക്‌സ്‌റേ, എൻഡോസ്‌കോപ്പി, സ്‌കാനിങ് എന്നിവയുണ്ട്‌. വേണ്ടിവന്നാൽ ശസ്‌ത്രക്രിയ. ഫാൽക്കണുകളുടെ ആയുർദൈർഘ്യം 10–-12 വർഷമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top