19 March Tuesday
യുണെെറ്റഡിനെ 2–1ന് തോൽപ്പിച്ചു

എഫ്‌എ കപ്പ്‌ : മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍മാര്‍ , യുണെെറ്റഡിനെ 2–1ന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

www.facebook.com/mancity/photos

ലണ്ടൻ
ഗോളിലേക്ക് ആദ്യം വലംകാൽ. പിന്നെ ഇടംകാൽ. ഇകായ്‌ ഗുൺഡോവൻ മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റെ ഹൃദയം തകർത്തു. എഫ്‌എ കപ്പ്‌ ഫുട്‌ബോൾ കിരീടം മാഞ്ചസ്‌റ്റർ സിറ്റിക്ക്‌ സ്വന്തം. വെംബ്ലിയിൽ നടന്ന ഉശിരൻ പോരിൽ 2–-1നായിരുന്നു സിറ്റിയുടെ ജയം. സീസണിലെ രണ്ടാംകിരീടം. ആഭ്യന്തര ലീഗിൽ ഇരട്ടക്കിരീടം ഒന്നിൽക്കൂടുതൽ നേടുന്ന മൂന്നാമത്തെ ക്ലബ്ബായി സിറ്റി. മാഞ്ചസ്‌റ്റർ യുണൈറ്റഡും അഴ്‌സണലുമാണ്‌ മറ്റ്‌ ക്ലബ്ബുകൾ. ഗുൺഡോവനായിരുന്നു സിറ്റിയുടെ ഊർജം. ക്യാപ്‌റ്റൻ കുപ്പായത്തിൽ ഒന്നാന്തരം കളി. കളി തുടങ്ങി 13–-ാം സെക്കൻഡിൽ ഗുൺഡോവന്റെ വലംകാൽവോളി മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ഗോൾകീപ്പർ ഡേവിഡ്‌ ഡെഗെയയെ കാഴ്‌ചക്കാരനാക്കി വലതുളച്ചു. ആ നിമിഷം യുണൈറ്റഡ്‌ പതറി.

പക്ഷേ, ആഘാതം വിട്ടുണർന്ന അവർ നന്നായി പൊരുതി. ഒടുവിൽ ആദ്യപകുതി അവസാനിക്കുംമുമ്പ്‌ ക്യാപ്‌റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ പെനൽറ്റി ഗോളിൽ ഒപ്പമെത്തുകയും ചെയ്‌തു. അതോടെ എറിക്‌ ടെൻ ഹാഗിന്റെ സംഘം അപകടകാരികളായി മാറി. എന്നാൽ, രണ്ടാംപകുതിയുടെ തുടക്കത്തിൽ ഗുൺഡോവന്റെ ഇടംകാൽ ഷോട്ട്‌ യുണൈറ്റഡ്‌ ഗോൾവലയുടെ ഇടതുമൂലയിൽ പതിഞ്ഞപ്പോൾ സിറ്റി  ഉറപ്പിച്ചു. ഒരിക്കൽക്കൂടി തിരിച്ചടിക്കാനുള്ള ശേഷി യുണൈറ്റഡിനുണ്ടായില്ല.

image credit manchester city twitter

image credit manchester city twitter


 

സീസണിൽ മൂന്ന്‌ കിരീടം ലക്ഷ്യമിടുന്ന പെപ്‌ ഗ്വാർഡിയോളയുടെ സംഘം യുണൈറ്റഡിനെതിരെ ശക്തമായ നിരയെത്തന്നെ ഇറക്കി. ഗ്രീലിഷും സിൽവയും താളം കണ്ടെത്താൻ വൈകിയെങ്കിലും ഡി ബ്രയ്‌നും ഗുൺഡോവനും നീക്കങ്ങൾ നെയ്‌തു. ആദ്യഗോളും അങ്ങനെയായിരുന്നു. കിക്കോഫ്‌ കഴിഞ്ഞുള്ള ആദ്യ നീക്കംതന്നെ ഗോളിലേക്ക്‌. ഗോൾകീപ്പർ ഒർട്ടേഗയിൽനിന്നുള്ള ലോങ്‌ പാസ്‌ എർലിങ് ഹാലണ്ടിന്‌. ഡി ബ്രയ്‌നിലേക്ക്‌ ഹാലണ്ടിന്റെ മിന്നൽനീക്കം. ഡി ബ്രയ്‌ൻ ഗുൺഡോവനെ കണ്ടു. അടുത്ത നീക്കത്തിനായി കാത്തുനിന്ന യുണൈറ്റഡ്‌ പ്രതിരോധത്തെ കാഴ്‌ചക്കാരാക്കിയായിരുന്നു ഈ ജർമനിക്കാരന്റെ തകർപ്പൻ ഗോൾ.

അരമണിക്കൂർ തികഞ്ഞപ്പോഴായിരുന്നു യുണൈറ്റഡിന്റെ മറുപടി. ബോക്‌സിൽ ആരോൺ വാൻ ബിസാക്കയെ തടയാനുള്ള ശ്രമത്തിനിടെ പന്ത്‌ ഗ്രീലിഷിന്റെ കൈയിൽ തട്ടി. ഫെർണാണ്ടസ്‌ പെനൽറ്റി എളുപ്പത്തിൽ വലയിലെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിലായിരുന്നു സിറ്റിയുടെ വിജയഗോൾ. ഗുൺഡോവന്റെ അടി തടയാൻ ഡെഗെയയുടെ വേഗം കുറഞ്ഞ നീക്കത്തിനായില്ല. പത്തിന്‌ ഇന്റർ മിലാനുമായാണ്‌ സിറ്റിയുടെ ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top