23 April Tuesday

ഒറ്റഗോളിൽ 
ഫ്രാൻസ്‌ ; തുടർച്ചയായ രണ്ടാംജയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

അയർലൻഡിന്റെ ഗോൾശ്രമം ഫ്രാൻസ് ഗോളി മൈക്ക്‌ മൈഗ്‌നാൻ രക്ഷപ്പെടുത്തുന്നു image credit uefa eurocup twitter


ഡബ്ലിൻ
യൂറോ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഫ്രാൻസിന്‌ തുടർച്ചയായ രണ്ടാംജയം. അയർലൻഡിനെ ഒരു ഗോളിന്‌ മറികടന്നു. രണ്ടാംപകുതി പ്രതിരോധക്കാരൻ ബെഞ്ചമിൻ പവാർദ്‌ നേടിയ ഉജ്വല ഗോളിലാണ്‌ ജയം. ബി ഗ്രൂപ്പിൽ ആറ്‌ പോയിന്റുമായി ഒന്നാംസ്ഥാനത്താണ്‌ ഫ്രാൻസ്‌. നെതർലൻഡ്‌സ്‌ മൂന്ന്‌ ഗോളിന്‌ ജിബ്രാൾട്ടറിനെ തകർത്തപ്പോൾ സ്വീഡൻ അഞ്ച്‌ ഗോളിന്‌ അസർബൈജാനെ മുക്കി. പോളണ്ട്‌, ഹംഗറി, സെർബിയ ടീമുകളും ജയിച്ചു.

ആദ്യകളിയിൽ നെതർലൻഡ്‌സിനെ നാല്‌ ഗോളിന്‌ വീഴ്‌ത്തിയ ഫ്രാൻസിനെ അയർലൻഡുകാർ മെരുക്കി. മുന്നേറ്റക്കാരായ ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെയുടെയും ഒളിവർ ജിറൂവിന്റെയും വഴി പ്രതിരോധം തടഞ്ഞു. ഇടവേള കഴിഞ്ഞെത്തിയ ഉടൻ ഫ്രാൻസ്‌ കെട്ടുപൊട്ടിച്ചു. ജോഷ്‌ കുല്ലെനിൽനിന്ന്‌ പന്ത്‌ പിടിച്ചെടുത്ത്‌ 18 മീറ്റർ അകലെനിന്ന്‌ പവാർദിന്റെ ഉഗ്രനടി വലകയറി. തിരിച്ചുവരാൻ അയർലൻഡ്‌ ശ്രമിച്ചെങ്കിലും ഫ്രഞ്ചുകാർ വിട്ടുകൊടുത്തില്ല. അവസാന മിനിറ്റിൽ നതാൻ കൊളിൻസിന്റെ ഹെഡ്ഡർ ഗോളി മൈക്ക്‌ മൈഗ്‌നാൻ തട്ടിയകറ്റി. കഴിഞ്ഞകളിയിൽ ഡച്ചുകാർക്കെതിരെ പെനൽറ്റി രക്ഷപ്പെടുത്തിയിരുന്നു ഇരുപത്തേഴുകാരൻ.

പ്രതിരോധക്കാരൻ നതാൻ അക്കെയുടെ ഇരട്ടഗോളാണ്‌ ജിബ്രാൾട്ടറിനെതിരെ ഡച്ചുകാർക്ക്‌ ജയമൊരുക്കിയത്‌. മെംഫിസ്‌ ഡിപെയും ലക്ഷ്യംകണ്ടു. പോളണ്ട്‌ അൽബേനിയയെ ഒരു ഗോളിനാണ്‌ കീഴടക്കിയത്‌. ഹംഗറി ബൾഗേറിയയെ 3–-0നും സെർബിയ മൊണ്ടിനെഗ്രോയെ 2–-0നും തോൽപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top