20 April Saturday
സീസണിലെ ഏഴാം തോൽവി

ഗോളില്ല, ജയമില്ല ; ലിവർപൂൾ ദുരിതത്തിൽ , വൂൾവ്സിനോട് മൂന്ന് ഗോളിന് തോറ്റു

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

image credit liverpool fc twitter

ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ദുരിതകാലം തുടരുന്നു. അവസാന കളിയിൽ വൂൾവ്‌സിനോടും തോറ്റതോടെ പോയിന്റ്‌ പട്ടികയിൽ ആദ്യ നാലിലെത്താനുള്ള ലിവർപൂളിന്റെ മോഹം പൊലിയുകയാണ്‌. 20 കളിയിൽ 29 പോയിന്റുമായി പത്താംസ്ഥാനത്താണ്‌ യുർഗൻ ക്ലോപ്പിന്റെ സംഘം. ഏഴാംതോൽവിയാണ്‌ സീസണിൽ വഴങ്ങിയത്‌. നാലാമതുള്ള ന്യൂകാസിൽ യുണൈറ്റഡിനെക്കാളും 11 പോയിന്റ്‌ പിന്നിലാണ്‌ ലിവർപൂൾ.
വൂൾവ്‌സിനെതിരെ പ്രതിരോധക്കാരൻ ജോയെൽ മാറ്റിപ്പിന്റെ ഗോളിൽ പിന്നിലായ ലിവർപൂളിന്‌ പിന്നെ തലപൊങ്ങിയില്ല. ലിയാം ഡോസണും റൂബെൻ നെവെസും ചേർന്ന്‌ ശേഷിച്ച ആത്മവീര്യവും ഇല്ലാതാക്കി. പുതിയ പരിശീലകൻ ജൂലെൻ ലൊപ്‌ടെഗുയിക്ക്‌ കീഴിൽ വൂൾവ്‌സ്‌ തരംതാഴ്‌ത്തൽ മേഖലയിൽനിന്ന്‌ ഉയർന്നു.

മറ്റു മത്സരങ്ങളിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ 2–-1ന്‌ ക്രിസ്‌റ്റൽ പാലസിനെയും ലെസ്‌റ്റർ സിറ്റി 4–-2ന്‌ ആസ്‌റ്റൺ വില്ലയെയും കീഴടക്കി. ജയത്തിനിടയിലും മധ്യനിര താരം കാസെമിറോ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ യുണൈറ്റഡിന്‌ തിരിച്ചടിയായി. നാലാമതുള്ള ന്യൂകാസിൽ യുണൈറ്റഡിനെ വെസ്‌റ്റ്‌ഹാം യുണൈറ്റഡ്‌ 1–-1ന്‌ തളച്ചു.

2012നുശേഷം ആദ്യമായാണ്‌ ലിവർപൂൾ എതിർ തട്ടകത്തിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ തോൽക്കുന്നത്‌. അവസാന നാലു കളിയിൽ ഒമ്പത്‌ ഗോൾ വഴങ്ങിയപ്പോൾ തൊടുക്കാനായത്‌ ഒരെണ്ണംമാത്രം. വൂൾവ്‌സിനെതിരെ തുടക്കംതന്നെ പാളി. കളി തുടങ്ങി അഞ്ചാംമിനിറ്റിൽ ഹ്വാങ്‌ ഹീ ചാനിന്റെ ക്രോസ്‌ തടയുന്നതിനിടെ മാറ്റിപ്‌ സ്വന്തം വലയിൽത്തന്നെ പന്തെത്തിച്ചു. മോശം പ്രതിരോധത്തിലൂടെ രണ്ടാംഗാേളും ഉടൻ വഴങ്ങി. അവസാനഘട്ടത്തിലും മാറ്റമുണ്ടായില്ല.

പരിക്കുകൾ തളർത്തിയെങ്കിലും ലിവർപൂളിന്റെ മോശം പ്രകടനത്തിന്‌ കാരണം മധ്യനിരയിലെയും പ്രതിരോധത്തിലെയും പിഴവുകളാണ്‌. കഴിഞ്ഞ രണ്ട്‌ താരകൈമാറ്റ ജാലകത്തിലും മധ്യനിരയിൽ മികച്ചൊരു താരത്തെ കൊണ്ടുവരാൻ ലിവർപൂളിന്‌ കഴിഞ്ഞില്ല. പ്രതിരോധത്തിൽ വിർജിൽ വാൻ ഡിക്കിന്റെ അഭാവം തിരിച്ചടിയായി. 20 കളിയിൽ 28 ഗോളാണ്‌ വഴങ്ങിയത്‌. കഴിഞ്ഞ സീസണിൽ ആകെ വഴങ്ങിയ ഗോൾ 26 എണ്ണമായിരുന്നു.
അവസാന മൂന്ന്‌ എതിർതട്ടക കളികളിലും മൂന്ന്‌ ഗോൾവീതം വഴങ്ങി. ബ്രെന്റ്‌ഫോർഡിനോടും ബ്രൈറ്റണോടും മൂന്ന് ഗോൾ തോൽവിയായിരുന്നു. കഴിഞ്ഞവർഷം തുടർച്ചയായ നാലു ജയങ്ങളുമായി അവസാനിപ്പിച്ച ക്ലോപ്പും കൂട്ടരും അവസാന 360 മിനിറ്റിൽ നേടിയത്‌ ഒറ്റ ഗോളാണ്‌. പുതിയ മുന്നേറ്റക്കാരൻ കോഡി ഗാക്‌പോയ്‌ക്ക്‌ ഇതുവരെ ചലനമുണ്ടാക്കാനായില്ല. മുഹമ്മദ്‌ സലായും ഡാർവിൻ ന്യൂനെസും ഗോൾ മറന്നു. 13ന്‌ എവർട്ടണുമായാണ്‌ അടുത്ത മത്സരം. എട്ടുദിനം കഴിഞ്ഞ്‌ റയൽ മാഡ്രിഡുമായി ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാ പ്രീ ക്വാർട്ടർ.

എറിക്‌ ടെൻ ഹാഗിനുകീഴിൽ ഉയിർപ്പ്‌ നേടുന്ന മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ പാലസിനെതിരെ നല്ല പ്രകടനമാണ്‌ പുറത്തെടുത്തത്‌. ബ്രൂണോ ഫെർണാണ്ടസിന്റെയും മാർകസ്‌ റാഷ്‌ഫഡിന്റെയും ഗോളിൽ ലീഡ്‌ പിടിച്ച യുണൈറ്റഡ്‌ അവസാനനിമിഷങ്ങളിൽ പതറി. വിൽ ഹ്യൂഗ്‌സിന്റെ കഴുത്തിന്‌ പിടിച്ചതിന്‌ കാസെമിറോയ്‌ക്ക്‌ റഫറി ചുവപ്പുകാർഡ്‌ വീശി. 10 പേരായി ചുരുങ്ങിയ യുണൈറ്റഡിനെതിരെ പാലസ്‌ ഷുൽപ്പിലൂടെ ഒരെണ്ണം മടക്കുകയായിരുന്നു. മൂന്നാംസ്ഥാനത്ത്‌ 42 പോയിന്റാണ്‌ യുണൈറ്റഡിന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top