01 February Wednesday

ഇംഗ്ലണ്ടിന്‌ 
ഇണക്കം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

image credit FIFA WORLD CUP twitter

ദോഹ
ചേരേണ്ടതൊക്കെ കൃത്യ അനുപാതത്തിൽ ചേർന്നുകഴിഞ്ഞപ്പോൾ ഇംഗ്ലണ്ട്‌ ഒരു ടീമായി. നല്ല ഇണക്കമുള്ള ടീം. മുൻനിരയിലും മധ്യനിരയിലുമെല്ലാം പരിശീലകൻ ഗാരെത്‌ സൗത്‌ഗേറ്റ്‌ വരുത്തിയ മാറ്റങ്ങൾ ടീമിന്‌ ഗുണകരമായി. അമേരിക്കയോട്‌ ഗോളടിക്കാതെ എത്തിയ ഇംഗ്ലീഷ്‌ സംഘം വെയ്‌ൽസിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലേക്ക്‌ ഒന്നാംസ്ഥാനക്കാരായി കുതിച്ചത്‌.

നിറയെ പ്രതിഭകളാണ്‌ ഇംഗ്ലണ്ട്‌ നിരയിൽ. പലപ്പോഴും അതിനൊത്ത പ്രകടനമുണ്ടാകാറില്ല. സൗത്‌ഗേറ്റ്‌ പലപ്പോഴും വിമർശിക്കപ്പെട്ടു. അമേരിക്കയുമായുള്ള കളിയിൽ ഫിൽ ഫോദെനെ കളിപ്പിക്കാതിരുന്നതിന്‌ മുൻ താരങ്ങൾ ഉൾപ്പെടെയാണ്‌ രംഗത്തെത്തിയത്‌. അമേരിക്കയുമായുള്ള കളിയിൽ സൗത്‌ഗേറ്റ്‌ ആ കാര്യങ്ങൾ ഉൾക്കൊണ്ടു. മുന്നേറ്റത്തിൽ ഹാരി കെയ്‌നിന്‌ ഇടവും വലവുമായി ഫോദെനും മാർകസ്‌ റാഷ്‌ഫഡും വന്നു. മധ്യനിരയിൽ മാസൺ മൗണ്ടിന്‌ പകരം ജോർദാൻ ഹെൻഡേഴ്‌സൺ എത്തിയപ്പോൾ ടീമിന്‌ സന്തുലനവും കിട്ടി. പ്രതിരോധത്തിൽ കൈൽ വാൾക്കറും ഈ ലോകകപ്പിൽ ആദ്യമായി പന്ത്‌ തട്ടി.

മാറിനിന്നവരും വമ്പൻ താരങ്ങളാണ്‌. ഇറാനെതിരെ ഇരട്ടഗോളടിച്ച ബുകായോ സാക്ക, റഹീം സ്‌റ്റെർലിങ്‌, കീറൺ ട്രിപ്പിയർ എന്നിവർ. പകരക്കാരനായി എത്തുന്ന ജാക്‌ ഗ്രീലിഷ്‌ വേറെ. പരിക്ക്‌ ഭേദമായ ജയിംസ്‌ മാഡിസണ്‌ പകരക്കാരുടെ ഇടയിൽപ്പോലും സ്ഥാനം ലഭിക്കുന്നില്ല.
മാഞ്ചസ്‌റ്റർ സിറ്റിയിൽ കളിക്കുന്നതിന്റെ മികവ്‌ ആവർത്തിക്കാനാകുന്നില്ലെങ്കിലും ഫോദെൻ കളത്തിൽ ഇംഗ്ലണ്ടിന്റെ ഊർജമാണ്‌. റാഷ്‌ഫഡ്‌ യൂറോയിൽ ഇറ്റലിക്കെതിരെ ഷൂട്ടൗട്ടിൽ പെനൽറ്റി നഷ്ടമാക്കിയശേഷം തിരിച്ചെത്തുന്നത്‌ ഈ ലോകകപ്പിലാണ്‌.

വെയ്‌ൽസിനെതിരെ ഇരുവരും നിറഞ്ഞുകളിച്ചു. സൗത്‌ഗേറ്റിന്റെ തീരുമാനത്തോട്‌ നീതിപുലർത്തി. 45 മിനിറ്റ്‌ കഴിഞ്ഞപ്പോൾ റാഷ്‌ഫഡ്‌ മൂന്നുതവണയും ഫോദെൻ രണ്ടുതവണയും വെയ്‌ൽസ്‌ ഗോൾമുഖത്തേക്ക്‌ ഷോട്ട്‌ പായിച്ചിരുന്നു. ഇടവേളയ്‌ക്കുശേഷം ഫോദെനും റാഷ്‌ഫഡും വശങ്ങൾ മാറി. 98 സെക്കൻഡിൽ രണ്ട്‌ ഗോളടിച്ചായിരുന്നു ആ മാറ്റത്തിന്റെ പ്രതിഫലനമുണ്ടായത്‌. ആദ്യത്തേത്‌ റാഷ്‌ഫഡിന്റെ കൃത്യതയുള്ള ഫ്രീകിക്ക്‌. തുടർന്ന്‌ ഫോദെൻ. പിന്നാലെ വീണ്ടും റാഷ്‌ഫഡ്‌. മധ്യനിരയിൽ ഹെൻഡേഴ്‌സൺ കളി നിയന്ത്രിച്ചു. ദിശാബോധം നൽകിയതും ഹെൻഡേഴ്‌സനാണ്‌. ഹാരി കെയ്‌ൻ ഗോളടിക്കാത്തത്‌ മുന്നോട്ടുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ടിന്‌ ആശങ്കയാണ്‌. പ്രത്യേകിച്ചും നോക്കൗട്ട്‌ ഘട്ടത്തിൽ കെയ്‌നിന്റെ പ്രകടനം ഏറെ നിർണായകമാകും. മൂന്ന്‌ കളിയിലും ഗോളില്ല കെയ്‌നിന്‌. മൂന്നെണ്ണത്തിന്‌ അവസരമൊരുക്കി. സെനെഗലുമായുള്ള പ്രീ ക്വാർട്ടറിൽ സൗത്‌ഗേറ്റ്‌ ഏത്‌ തന്ത്രം പ്രയോഗിക്കുമെന്ന്‌ കണ്ടറിയാം. ഞായറാഴ്‌ചയാണ്‌ മത്സരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top