26 April Friday
ഉടന്‍ തിരിച്ചയക്കും

തോറ്റു, മടങ്ങി ; ജോക്കോവിച്ചിന് വിസയില്ല; അപ്പീല്‍ ഓസ്‌ട്രേലിയന്‍ കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Jan 16, 2022

image credit Novak Djokovic twitter


മെൽബൺ
നൊവാക് ജൊകോവിച്ചിന് ഇനി മടങ്ങാം. ഓസ്ട്രേലിയൻ ഓപ്പണിലെ നിലവിലെ ചാമ്പ്യന്റെ അവസാന പ്രതീക്ഷയും നഷ്ടമായി. വിസ റദ്ദാക്കിയതിനെതിരെ കോടതിയിൽ നൽകിയ അപ്പീലിൽ ജൊകോവിച്ച് തോറ്റു. നാടുകടത്തൽ നടപടിയുമായി ഓസ്ട്രേലിയൻ സർക്കാരിന് മുന്നോട്ടുപോകാം. ഓസ്ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങാനിരിക്കെയാണ് ഒന്നാം റാങ്കുകാരന്റെ മടക്കം. 

വാക്സിൻ വിഷയത്തിൽ ജൊകോവിച്ചും ഓസ്ട്രേലിയൻ സർക്കാരും തമ്മിൽ കഴിഞ്ഞ 10 ദിവസമായി തർക്കത്തിലായിരുന്നു. ഒടുവിൽ അന്തിമജയം ഓസ്ട്രേലിയൻ സർക്കാരിന് കിട്ടി. ടൂർണമെന്റിലെ 10–-ാം കിരീടവും 21–ാം ഗ്രാൻഡ് സ്ലാം കിരീടവും സ്വപ്നംകണ്ടാണ് 10 ദിവസംമുമ്പ് ജൊകോ മെൽബണിൽ എത്തിയത്. എന്നാൽ, വാക്സിൻ സ്വീകരിക്കാത്ത കളിക്കാരനെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് സർക്കാർ ഉറപ്പുപറഞ്ഞതോടെ ആ മോഹം പൊലിഞ്ഞു. സെർബിയക്കാരൻ ആദ്യം നൽകിയ അപ്പീൽ കോടതി പരിഗണിച്ചിരുന്നു. എന്നാൽ, കുടിയേറ്റ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് സർക്കാർ വീണ്ടും വിസ റദ്ദാക്കി. നാടുകടത്തലിനുപുറമെ മൂന്ന് വർഷത്തേക്ക് ഓസ്ട്രേലിയയിലേക്ക് കടക്കാനും ജൊകോയ്ക്ക് കഴിയില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്തു എന്ന കാരണത്താലായിരുന്നു ആദ്യം ജൊകോയുടെ വിസ റദ്ദാക്കിയത്. വിമാനത്താവളത്തിൽ ഏറെ സമയം തടഞ്ഞുവച്ച ജൊകോയെ പിന്നീട് ഹോട്ടലിൽ അഞ്ചു ദിവസം നിരീക്ഷണത്തിലാക്കി. അപ്പീലിനെ തുടർന്ന് വിട്ടയക്കാൻ കോടതി ഉത്തരവിട്ടു.

ഡിസംബറിൽ കോവിഡ് ബാധിച്ചതിനെ തുടർന്ന് വാക്സിൻ സ്വീകരിച്ചില്ലെന്നായിരുന്നു ജൊകോ കോടതിയെ അറിയിച്ചത്. ഓസ്ട്രേലിയയിലെ രണ്ട് മെഡിക്കൽ സമിതികൾ ഇളവു നൽകുകയും ചെയ്തിരുന്നു. എന്നാൽ, കോവിഡ് ബാധിച്ച സമയത്ത് സെർബിയക്കാരൻ പല പൊതുപരിപാടികളിലും പങ്കെടുത്തതായി കണ്ടെത്തി. സമർപ്പിച്ച യാത്രാരേഖയിൽ മതിയായ വിവരങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് കോടതി അപ്പീൽ തള്ളിയത്. ആരും രാജ്യത്തെ നിയമങ്ങളെക്കാൾ വലുതല്ലെന്നായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസണിന്റെ പ്രതികരണം.

വാക്‌സിനേഷനെതിരെ പരസ്യമായി നിലപാട്‌ സ്വീകരിച്ച വ്യക്തിയാണ് ജൊകോവിച്ച്. നിലവിലെ ചാമ്പ്യൻ മടങ്ങിയതോടെ ഓസ്ട്രേലിയൻ ഓപ്പണിന്റെ മത്സരക്രമം പുതുക്കി. ജൊകോയ്ക്ക് പകരം 150–ാം റാങ്കുകാരൻ ഇറ്റലിയുടെ സാൽവതോർ കറുസോ ഇടംപിടിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top