26 April Friday

റൊണാൾഡോ 197 ; രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023

image credit cristiano ronaldo twitter

 

ലിസ്‌ബൺ
രാജ്യാന്തര ഫുട്‌ബോൾ വേദിയിൽ വീണ്ടും ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ ഗർജനം. കാലം കഴിഞ്ഞുവെന്ന്‌ പറഞ്ഞവർക്കുള്ള മറുപടിയുമായി ഈ മുപ്പത്തെട്ടുകാരൻ കളംനിറഞ്ഞു. യൂറോ യോഗ്യതാ റൗണ്ടിലെ ആദ്യകളിയിൽ ലിച്ചെൻസ്‌റ്റെയ്‌നിനെതിരെ ഇരട്ടഗോളുമായി തിളങ്ങിയ റൊണാൾഡോ ഒരു അപൂർവ റെക്കോഡുമിട്ടു. രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം. 197–-ാംമത്സരമായിരുന്നു പോർച്ചുഗൽ താരത്തിന്‌. മത്സരത്തിൽ നാല് ഗോളിനാണ്‌ പോർച്ചുഗൽ ലിച്ചെൻസ്‌റ്റെയ്‌നെ തോൽപ്പിച്ചത്‌.

ഖത്തർ ലോകകപ്പ്‌ ക്വാർട്ടറിൽ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിനുശേഷം റൊണാൾഡോയുടെ രാജ്യാന്തര ഫുട്ബോളിലെ ഭാവി സംശയത്തിലായിരുന്നു. എന്നാൽ, പുതിയ പരിശീലകൻ റോബർട്ടോ മാർട്ടിനെസ്‌ ചുമതലയേറ്റെടുത്ത ആദ്യ കളിയിൽത്തന്നെ റൊണാൾഡോയെ വിശ്വാസത്തിലെടുത്തു. റൊണാൾഡോ ആ വിശ്വാസം കാത്തു. രണ്ടാംപകുതിയുടെ തുടക്കത്തിൽ പെനൽറ്റിയിലൂടെ ആദ്യ ഗോളടിച്ചു. പിന്നാലെ തകർപ്പൻ ഫ്രീകിക്ക്‌. കളിജീവിതത്തിലെ 60–-ാം ഫ്രീകിക്ക്‌ ഗോളായിരുന്നു ഇത്‌.
ഇതോടെ പോർച്ചുഗൽ കുപ്പായത്തിൽ 120 ഗോളുമായി. ജോയോ കാൻസെലൊയും ബെർണാഡോ സിൽവയും മറ്റ്‌ ഗോളുകൾ നേടി.

കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോഡിൽ കുവൈത്തിന്റെ ബാദെർ അൽ മുതാവയെയാണ്‌ മറികടന്നത്‌. രാജ്യാന്തരതലത്തിൽ ഏറ്റവും കൂടുതൽ ഗോളും റൊണാൾഡോയ്‌ക്കാണ്‌. ചാമ്പ്യൻസ്‌ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകളും മത്സരങ്ങളും റൊണാൾഡോയുടെ പേരിലാണ്‌. 140 ഗോളും 183 മത്സരങ്ങളും. അഞ്ചുതവണ ചാമ്പ്യൻസ്‌ ലീഗ്‌ കിരീടം നേടി. നിലവിൽ സൗദി ക്ലബ് അൽ നാസെറിലാണ്‌ കളിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top