09 December Saturday

ലോകകപ്പിന്‌ പരിക്കിന്റെ ബൗൺസർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

അക്സർ പട്ടേൽ, നസീം ഷാ, ട്രവിസ് ഹെഡ്

കൊളംബോ> ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ തുടങ്ങാൻ ദിവസങ്ങൾമാത്രം ശേഷിക്കെ കിരീടമോഹികളായ ടീമുകൾക്ക്‌ പരിക്കിന്റെ ബൗൺസർ. ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ശ്രീലങ്ക ടീമുകൾ ആശങ്കയിലാണ്‌. ഇന്ത്യയുടെയും പരിക്ക്‌ ആശങ്ക മാറിയിട്ടില്ല. ഒക്‌ടോബർ അഞ്ചിനാണ്‌ ലോകകപ്പിന്‌ തുടക്കം.

ഓസീസിനാണ്‌ കനത്ത ക്ഷതം. ഒടുവിലായി വെടിക്കെട്ട്‌ ഓപ്പണർ ട്രവിസ്‌ ഹെഡാണ്‌ പരിക്കിന്റെ പട്ടികയിൽ ഉൾപ്പെട്ടത്‌. ഈ ഓപ്പണർ ലോകകപ്പ്‌ കളിക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. ദക്ഷിണാഫ്രിക്കയുമായുള്ള നാലാംഏകദിനത്തിനിടെ ഇടതുകൈയിൽ പരിക്കേൽക്കുകയായിരുന്നു. ഹെഡ്‌ പുറത്തായാൽ ഓസീസിന്‌ കനത്ത തിരിച്ചടിയാകും. സ്‌റ്റീവൻ സ്‌മിത്ത്‌, മിച്ചെൽ സ്‌റ്റാർക്‌, ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ്‌ കമ്മിൻസ്‌ എന്നിവരൊക്കെ നിലവിൽ ടീമിന്‌ പുറത്താണ്‌. ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിൽ ഇവർ കളിച്ചേക്കുമെന്നാണ്‌ സൂചന.

ഇരുപതുകാരൻ പേസർ നസീം ഷായുടെ പരിക്കാണ്‌ പാകിസ്ഥാന്റെ നെഞ്ചിടിപ്പ്‌ കൂട്ടുന്നത്‌. ഏഷ്യാകപ്പിൽ ഇന്ത്യയുമായുള്ള കളിക്കിടെ ഓവർ പൂർത്തിയാക്കാതെയാണ്‌ നസീം മടങ്ങിയത്‌. തോളിന്‌ വേദനയുള്ള നസീമിന്‌ ലോകകപ്പിലെ ആദ്യമത്സരങ്ങൾ ഉറപ്പായും നഷ്ടമാകും. വലംകൈയൻ പേസർ ഹാരിസ്‌ റൗഫും പരിക്കുകാരണം ഏഷ്യാകപ്പിലെ അവസാന മത്സരങ്ങൾ കളിച്ചില്ല. ലോകകപ്പിനുമുമ്പ്‌ സുഖം പ്രാപിക്കുമെന്നാണ്‌ സൂചന.

ലങ്കൻ നിരയിൽനിന്ന്‌ അവസാനമായി പുറത്തായത്‌ സ്‌പിന്നർ മഹീഷ്‌ തീക്ഷണയാണ്‌. പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഫീൽഡ്‌ ചെയ്യുന്നതിനിടെയാണ്‌ തീക്ഷണയ്ക്ക്‌ പരിക്കേറ്റത്‌. വണീന്ദു ഹസരങ്ക, ദുശ്‌മന്ത ചമീര എന്നിവരും പുറത്താണ്‌.
ന്യൂസിലൻഡിന്‌ പേസർ ടിം സൗത്തിയുടെ സേവനം നഷ്ടമായേക്കും. ഇംഗ്ലണ്ടുമായുള്ള നാലാംഏകദിനത്തിനിടെ വലതുകൈവിരലിന്‌ പൊട്ടലേൽക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച്‌ നോർത്യെ ഓസീസുമായുള്ള ഏകദിന പരമ്പരയ്‌ക്കിടെ പിന്മാറുകയായിരുന്നു.

അക്‌സർ പട്ടേലിന്റെ പരിക്കിലാണ്‌ ഇന്ത്യയുടെ ആശങ്ക. ഏഷ്യാകപ്പിൽ തിരിച്ചെത്തിയ മധ്യനിര ബാറ്റർ ശ്രേയസ്‌ അയ്യരുടെ കാര്യത്തിലും ഉറപ്പില്ല. ഒരു കളിമാത്രമാണ്‌ ശ്രേയസ്‌ കളിച്ചത്‌. പുറംവേദനയാണ്‌ കാരണം.
നിലവിൽ പ്രഖ്യാപിച്ച ടീമിൽ മാറ്റങ്ങൾ വരുത്താൻ ഈ മാസം 28 വരെ അവസരമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top