27 September Wednesday

കോഡി ഗാക്‌പോ ; ഡച്ചിന്റെ മുത്ത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

image credit FIFA WORLD CUP twitter

ദോഹ
ഖത്തറിലെ കളത്തിൽനിന്ന്‌ ഇതാ ഒരു പൊൻമുത്ത്‌. കോഡി ഗാക്‌പോ. എട്ടരവർഷത്തെ ഇടവേള കഴിഞ്ഞ്‌ ലോകവേദിയിലെ മടങ്ങിവരവിൽ നെതർലൻഡ്‌സ്‌ ഒളിപ്പിച്ചുവച്ച അത്ഭുതം. തുടർച്ചയായ മൂന്നാംകളിയിലും എതിരാളിയുടെ വലകുലുക്കി ഈ ഇരുപത്തിമൂന്നുകാരൻ ഡച്ച്‌ പടയെ പ്രീ ക്വാർട്ടറിലേക്കുയർത്തി. സെനെഗലിനെതിരെ ഹെഡറായിരുന്നെങ്കിൽ ഇക്വഡോറിനോട്‌ ഇടംകാലിലായിരുന്നു. ഖത്തറിനെതിരെ വലംകാൽ ഗോൾ. എല്ലാം വഴങ്ങുമെന്നും സർവസജ്ജനാണെന്നും പ്രഖ്യാപിച്ചാണ്‌ ഗാക്‌പോ നോക്കൗട്ടിനായി ബൂട്ട്‌ കെട്ടുന്നത്‌. കന്നി ലോകകപ്പിൽ ആദ്യ മൂന്ന്‌ കളിയിലും ഗോളടിക്കുന്ന ആദ്യ ഡച്ചുകാരനുമായി.

റോബിൻ വാൻ പേഴ്‌സിക്കും ആര്യൻ റോബെനുംശേഷം പറ്റിയ ഗോളടിക്കാരനെ തേടുകയായിരുന്നു നെതർലൻഡ്‌സ്‌. റഷ്യൻ ലോകകപ്പിൽ യോഗ്യതയില്ലാതായതും ഇടക്കാലത്ത്‌ പതറിയതിനുമെല്ലാം പ്രധാന കാരണമായത്‌ മുന്നേറ്റത്തിലെ കരുത്തിന്റെ അഭാവമായിരുന്നു. മെംഫിസ്‌ ഡിപെയിലായിരുന്നു പുതിയ പ്രതീക്ഷ. എന്നാൽ, പരിക്കും സ്ഥിരതയില്ലായ്‌മയും ഇരുപത്തെട്ടുകാരനെ വലച്ചു. ഡച്ച്‌ ക്ലബ് പിഎസ്‌വി ഐന്തോവന്റെ അക്കാദമിയിലൂടെയാണ്‌ ഗാക്‌പോ കളി പഠിച്ചത്‌. 2018ൽ സീനിയർ ടീമിനായി അരങ്ങേറ്റം. ഈ സീസണിലാണ്‌ ഇരുപത്തിമൂന്നുകാരൻ കളംവാണത്‌. ഐന്തോവനായി 24 കളിയിൽ അടിച്ചത്‌ 13 ഗോൾ. 17 എണ്ണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌തു. നെതർലൻഡ്‌സിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും പേരിലാക്കി.

ഖത്തറിനെതിരെ ഡച്ച്‌ ആധിപത്യമായിരുന്നു. മൂന്നാംതോൽവി ഒഴിവാക്കാൻ എല്ലാ അടവും ആതിഥേയർ പയറ്റിയെങ്കിലും നെതർലൻഡ്‌സ്‌ വിട്ടുകൊടുത്തില്ല. ഖത്തറിന്റെ പ്രത്യാക്രമണങ്ങൾ സമർഥമായി ചെറുത്തു ഓറഞ്ചുകാർ. ഇരുപത്താറാം മിനിറ്റിലാണ്‌ ഗാക്‌പോയുടെ ഗോളെത്തിയത്‌. ഡേവി ക്ലാസെന്റെ മൈതാനമധ്യത്തിൽനിന്നുള്ള നീക്കം. പന്ത്‌ സ്വീകരിച്ച ഗാക്‌പോ കുതിച്ചു. മൂന്ന്‌ ഖത്തർ പ്രതിരോധക്കാരെ മറികടന്ന്‌ ബോക്‌സിനുള്ളിൽനിന്ന്‌ ഉന്നത്തിലേക്ക്‌ തൊടുത്തു.  നെതർലൻഡ്‌സ്‌ 1 ഖത്തർ 0.

രണ്ടാംപകുതിയുടെ തുടക്കംതന്നെ ഓറഞ്ചുപട ലീഡുയർത്തി. ഇത്തവണയും ആസൂത്രകൻ ക്ലാസെനായിരുന്നു. ബോക്‌സിന്‌ പുറത്ത്‌, വലതുഭാഗത്തുനിന്നുള്ള ക്രോസ്‌ വലയ്‌ക്കുമുന്നിലുള്ള ഡിപെയുടെ കാലുകളിൽ. ഡിപെയുടെ ഷോട്ട്‌ പക്ഷേ ഖത്തർ ഗോളി തട്ടിയകറ്റി. പന്ത്‌ ഫ്രെങ്കി ഡിയോങ്ങിനടുത്ത്‌. മധ്യനിരക്കാരൻ അനായാസം വലകടത്തി. വൈകാതെ പകരക്കാരനായെത്തി സ്റ്റീവൻ ബെർഗയസും ലക്ഷ്യം കണ്ടെങ്കിലും വാർ നിഷേധിച്ചു. ഗോളിനുമുമ്പ്‌ പന്ത്‌ ഗാക്‌പോയുടെ കൈയിൽ തട്ടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top