13 December Saturday
ചെന്നൈ സൂപ്പർ കിങ്സിന് നാലാം കിരീടം

ചെന്നെെ ‘കിങ്സ്’; കൊൽക്കത്തയെ 27 റണ്ണിന് തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 15, 2021

image credit chennai superkings twitter

ദുബായ്‌ > ചെന്നൈയുടെ റൺമല കയറാൻ കൊൽക്കത്തക്കായില്ല. ഐപിഎൽ ട്വന്റി–-20 ക്രിക്കറ്റ്‌ കിരീടം ചെന്നൈ സൂപ്പർ കിങ്‌സിന്‌. ഫൈനലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 27 റണ്ണിന്‌ തോൽപ്പിച്ചു. സ്‌കോർ: ചെന്നൈ 3–-192, കൊൽക്കത്ത 9–-165.

ഒമ്പതുതവണ ഫൈനലിൽ കടന്ന ചെന്നൈയുടെ നാലാം കിരീടമാണ്‌. 2018ലും 2011ലും 2010ലും ചാമ്പ്യൻമാരായിട്ടുണ്ട്‌.  ദക്ഷിണാഫ്രിക്കൻ ഓപ്പണർ ഫാഫ്‌ ഡു പ്ലെസിസിന്റെ തകർപ്പൻ  ബാറ്റിങ്ങാണ്‌ ചെന്നൈയുടെ വിജയത്തിന്‌ അടിത്തറയിട്ടത്. ഡു പ്ലെസിസ്‌ 59 പന്തിൽ 86 റണ്ണടിച്ചു. ഏഴ്‌ ഫോറും മൂന്ന്‌ സിക്‌സറും അകമ്പടിയായി.

ജയിക്കാൻ വേണ്ട 193 റണ്ണിലേക്ക്‌ ഗംഭീരമായാണ്‌ കൊൽക്കത്ത തുടങ്ങിയത്‌. ഓപ്പണർമാരായ വെങ്കിടേഷ്‌ അയ്യരും (32 പന്തിൽ 50) ശുഭ്‌മാൻ ഗില്ലും (43 പന്തിൽ 51) മികച്ച തുടക്കം നൽകി. ഇവർ 10.4 ഓവറിൽ 91 റണ്ണടിച്ചെങ്കിലും തുടർച്ചയുണ്ടായില്ല. നിതീഷ്‌ റാണ (0), സുനിൽ നരെയ്‌ൻ (2), ദിനേശ്‌ കാർത്തിക് (9), ഷാക്കിബ്‌ അൽ ഹസ്സൻ (0), രാഹുൽ ത്രിപാഠി (2) എന്നിവരെല്ലാം വേഗം മടങ്ങി. ക്യാപ്‌റ്റൻ ഇയോവിൻ മോർഗനും (4) ഒന്നും ചെയ്യാനായില്ല. ഫെർഗൂസനും (18*) ശിവം മാവിയും (20) തോൽവിഭാരം കുറച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ രണ്ട്‌ വിക്കറ്റും രണ്ട്‌ ക്യാച്ചുമെടുത്തു. ശർദുൾ താക്കൂറിന്‌ മൂന്ന്‌ വിക്കറ്റുണ്ട്‌. 

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി ഓപ്പണർ ഋതുരാജ്‌ ഗെയ്‌ക്‌വാദും  ഡു പ്ലെസിസും ഒന്നാം വിക്കറ്റിൽ 61 റൺ നേടി.  ഋതുരാജ്‌ 27 പന്തിൽ 32 റണ്ണെടുത്തു. അതിനിടെ, മൂന്ന്‌ ഫോറും ഒരു സിക്‌സറും കണ്ടെത്തി. റോബിൻ ഉത്തപ്പ 15 പന്തിൽ മൂന്ന്‌ സിക്‌സറിന്റെ അകമ്പടിയോടെ 31 റണ്ണടിച്ചു. മൊയീൻ അലി 20 പന്തിൽ 37 റണ്ണുമായി പുറത്താകാതെനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top