20 April Saturday

ഗെയ്ക്‌വാദ് കാത്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021


ദുബായ്
ഋതുരാജ് ഗെയ്ക്--വാദിന്റെ ഒറ്റയാൾപോരാട്ടം ചെന്നെെ സൂപ്പർ കിങ്സിന് തുണയായി. മുൻനിര ബാറ്റ്സ്മാൻമാരെല്ലാം തലകുനിച്ചപ്പോൾ പുറത്താകാതെ 58 പന്തിൽ 88 റണ്ണടിച്ച് ഈ ഓപ്പണർ ചെന്നൈയെ കാത്തു. നാലുമാസത്തെ ഇടവേളകഴിഞ്ഞുള്ള ഐപിഎല്ലിലെ ആദ്യ കളിയിൽ മുംബെെ ഇന്ത്യൻസിനെതിരെ ചെന്നൈ 157 റൺ വിജയലക്ഷ്യം കുറിച്ചു. ഗെയ്ക്--വാദിനെ കൂടാതെ ഡ്വെയ്‌ൻ ബ്രാവോയും (8 പന്തിൽ 23) രവീന്ദ്ര ജഡേജയും (33 പന്തിൽ 26) മാത്രമാണ് ചെന്നെെ നിരയിൽ രണ്ടക്കം കടന്നുള്ളൂ.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മഹേന്ദ്രസിങ് ധോണിയുടെ ചെന്നെെക്ക് തിരിച്ചടിയായിരുന്നു. ട്രെന്റ് ബോൾട്ടും ആദം മിൽനെയും ചേർന്നുള്ള മുംബെെ പേസ് സഖ്യം ചെന്നൈ ബാറ്റ്സ്മാൻമാരെ നിലയുറപ്പിക്കാനനുവദിച്ചില്ല. മൂന്നാംപന്തിൽത്തന്നെ ഫാഫ് ഡു പ്ലെസിസിനെ (0) ബോൾട്ട്  മടക്കി.

രണ്ടാം ഓവറിൽ മൊയീൻ അലി മിൽനെയ്ക്കുമുമ്പിൽ കീഴടങ്ങി. അലിയും റണ്ണെടുക്കാനാകാതെയാണ് കൂടാരംകയറിയത്. സുരേഷ് റെയ്നയ്ക്കു പകരം സ്ഥാനക്കയറ്റം കിട്ടിയെത്തിയ അമ്പാട്ടി റായുഡു (0) പരിക്കേറ്റ് കളംവിട്ടത് ചെന്നെെയ്ക്ക് വീണ്ടും പ്രഹരമായി. മിൽനെയുടെ പന്ത് ഇടംകെെയിൽ കൊണ്ട റായുഡു വേദനയോടെയാണ് പുറത്തുപോയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് റണ്ണെന്ന നിലയിലായിരുന്നു ചെന്നെെ അപ്പോൾ.
റെയ്ന (4), ധോണി (3) എന്നീ പരിചയസമ്പന്നർക്കും പതറി. നാലിന് 24 എന്ന നിലയിൽ വിറച്ച ചെന്നെെയെ ഗെയ്--ക്--വാദും ജഡേജയും ഉയർത്തി. പിന്നാലെയെത്തിയ ബ്രാവോ വമ്പനടിയോടെ റൺനിരക്കുയർത്തി. ബ്രാവോ മൂന്ന് സിക്സർ പറത്തി. ബോൾട്ടിന്റെ ഓവറിൽ 24 റണ്ണാണ് ഗെയ്ക്--വാദും ബ്രവോയും ചേർന്നെടുത്തത്.

നാല് സിക്സറും ഒമ്പത് ബൗണ്ടറിയും ഉൾപ്പെട്ടതായിരുന്നു ഗെയ്ക്--വാദിന്റെ ഇന്നിങ്സ്. തുടക്കം പതറിയെങ്കിലും പതിയെ താളം കണ്ടെത്തി ഈ ഓപ്പണർ. ഇന്നിങ്സിന്റെ അവസാന പന്തിൽ സിക്സർ പറത്തിയാണ് കളി അവസാനിപ്പിച്ചത്. ബോൾട്ട്, മിൽനെ, ജസ്‌പ്രീത് ബുമ്ര എന്നിവർ മുംബെെക്കായി രണ്ടുവീതം വിക്കറ്റുകൾ നേടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top