27 April Saturday
റയൽ പിടഞ്ഞു, സിറ്റി കുതിച്ചു

റയലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 18, 2023

twitter.com/ManCity/status

ലണ്ടൻ
ഇത്തിഹാദിൽ പെപ്‌ ഗ്വാർഡിയോളയും കൂട്ടരും ഒരുക്കിയ കുരുക്കിൽ റയൽ മാഡ്രിഡിന്റെ ശ്വാസംനിലച്ചു. എതിർപ്പിന്റെ ചെറുവിരലനക്കാൻപോലുമാകാതെ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിന്റെ അധിപൻമാർ കിരീടവും ചെങ്കോലും താഴെവച്ചു. രണ്ടാംപാദ സെമിയിൽ നാല്‌ ഗോളിന്‌ റയലിനെ തീർത്ത്‌ മാഞ്ചസ്റ്റർ സിറ്റി ഫൈനലിലേക്ക്‌ കുതിച്ചു. ഇരുപാദങ്ങളിലുമായി 5–-1ന്റെ മിന്നുംജയം. ബെർണാഡോ സിൽവയുടെ ഇരട്ടഗോളിൽ കളിപിടിച്ച സിറ്റിക്ക്‌ ഏദെർ മിലിറ്റാവോയുടെ പിഴവും അനുഗ്രഹമായി. പരിക്കുസമയം പകരക്കാരനായെത്തിയ ജൂലിയൻ അൽവാരസ്‌ റയലിന്റെ പതനം പൂർത്തിയാക്കി.

ആദ്യ ചാമ്പ്യൻസ്‌ കിരീടമാണ്‌ സിറ്റി ലക്ഷ്യംവയ്‌ക്കുന്നത്‌. കഴിഞ്ഞ ഒമ്പത്‌ സീസണിലും നോക്കൗട്ട്‌ റൗണ്ടിൽ പുറത്തായി. ഒരുവട്ടം ഫൈനലിലും രണ്ടുതവണ സെമിയിലും തോറ്റു. കഴിഞ്ഞവർഷം ഉൾപ്പെടെ ഈ രണ്ട്‌ തോൽവികളും റയലിനോടായിരുന്നു.

സ്വന്തം തട്ടകത്തിലിറങ്ങുമ്പോൾ മുൻകാല തോൽവികളുടെ അനുഭവം സിറ്റി പരിശീലകൻ ഗ്വാർഡിയോളയുടെ മനസ്സിലുണ്ടായിരുന്നു. ചെറിയ പഴുതുപോലും തിരിച്ചടിക്കുമെന്ന ബോധ്യത്തിൽ സ്‌പാനിഷുകാരൻ ടീമിനെ അണിനിരത്തി. ചാണക്യന്റെ മനസ്സിലുള്ളത്‌ കാലുകളിൽ പകർത്തി സിറ്റി താരങ്ങൾ നിറഞ്ഞു. ഒരുമയുടെ കരുത്തുകാട്ടിയുള്ള പന്തുതട്ടലിൽ റയൽ കാഴ്‌ചക്കാരായി. ആദ്യപകുതിയിൽ റയൽ ബോക്‌സിൽ 196 പ്രാവശ്യമാണ്‌ സിറ്റിക്കാർ പന്ത്‌ തൊട്ടത്‌. റയലിനാകട്ടെ എതിരാളിയുടെ ഗോൾമുഖത്ത്‌ ആകെ 10 തവണ പന്ത്‌ തൊടാനായി. അച്ചടക്കവും കൃത്യതയും വിജയതൃഷ്ണയും ആത്മവിശ്വാസവും തന്റേടവുമെല്ലാം സംയോജിപ്പിച്ച്‌ 11 പേർ ഒരുമിച്ചു. ഗ്വാർഡിയോള അതിന് താളമൊരുക്കി.

എർലിങ്‌ ഹാലണ്ടിന്റെ ഉഗ്രനൊരു ഹെഡ്ഡർ ഗോൾകീപ്പർ തിബൗ കുർട്ടോ തടഞ്ഞതിന്റെ ആശ്വാസത്തിൽനിന്ന്‌ പുറത്തുവരുംമുമ്പേ സിൽവ റയലിനെ ശിക്ഷിച്ചു. ക്ലോസ്‌ റേഞ്ചിലൂടെ പോർച്ചുഗീസുകാരൻ വരാനിരിക്കുന്ന ആപത്തിന്റെ സൂചന നൽകി. ഇടവേളയ്ക്കുമുമ്പുതന്നെ ഹെഡ്ഡറിലൂടെ സിറ്റിയുടെ ലീഡുയർത്തി ഈ മധ്യനിരക്കാരൻ. രണ്ടാംപകുതിയിൽ കരിം ബെൻസെമയും ഡേവിഡ്‌ അലാബയും സിറ്റി ഗോൾമുഖത്തെ പരീക്ഷിച്ചെങ്കിലും ഗോളി എഡേഴ്‌സൺ വിട്ടുകൊടുത്തില്ല. അപകടകാരിയായ വിനീഷ്യസ്‌ ജൂനിയറിനെ കൈൽ വാൾക്കർ തളയ്‌ക്കുകയും ചെയ്‌തതോടെ റയലിന്റെ മൂർച്ച കുറഞ്ഞു. സിൽവയ്‌ക്കൊപ്പം മധ്യനിരയിൽ ജാക്ക്‌ ഗ്രീലിഷും കെവിൻ ഡി ബ്രയ്‌നും ഇകായ്‌ ഗുൺഡോവനുമാണ്‌ സിറ്റിയുടെ കളി ഒഴുക്കിയത്‌. മാനുവൽ അകാഞ്ജിയുടെ ഹെഡ്ഡർ മിലിറ്റാവോയിൽ തട്ടിയാണ്‌ മൂന്നാം ഗോൾ എത്തിയത്‌. കളത്തിലെത്തി രണ്ട്‌ മിനിറ്റുകൾക്കുള്ളിൽ അൽവാരസ്‌ ആഘോഷത്തിന്‌ ഇരട്ടിസന്തോഷം നൽകി.

മൂന്ന് കിരീടത്തിന്   അരികെ
സീസണിൽ മൂന്ന്‌ കിരീടത്തിനരികെ മാഞ്ചസ്റ്റർ സിറ്റി. ചാമ്പ്യൻസ്‌ ഫുട്‌ബോൾ ലീഗിനുപുറമെ എഫ്‌എ കപ്പ്‌ ഫൈനലിലും കടന്നിട്ടുണ്ട്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ ഒരു ജയം മതി. ഞായറാഴ്‌ച ചെൽസിയെ വീഴ്‌ത്തിയാൽ ലീഗിൽ ഹാട്രിക്‌ ചാമ്പ്യൻമാരാകാം. രണ്ടാമതുള്ള അഴ്‌സണൽ ശനിയാഴ്‌ച നോട്ടിങ്‌ഹാം ഫോറസ്റ്റിനോട്‌ തോറ്റാലും പെപ്‌ ഗ്വാർഡിയോളയും പടയാളികളും ഇംഗ്ലണ്ടിലെ ചാമ്പ്യൻമാരാകും. എഫ്‌എ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ഫൈനൽ ജൂൺ മൂന്നിനാണ്‌. 1999ൽ യുണൈറ്റഡാണ്‌ ഇംഗ്ലണ്ടിൽ ഒരു സീസണിൽ മൂന്ന്‌ ട്രോഫികൾ നേടിയ ഏക ടീം.

പെപ്‌ 4*
പരിശീലകക്കുപ്പായത്തിൽ പെപ്‌ ഗ്വാർഡിയോളയ്‌ക്ക്‌ ഇത്‌ നാലാം ചാമ്പ്യൻസ്‌ ലീഗ്‌ ഫൈനൽ. ബാഴ്‌സലോണയ്‌ക്കൊപ്പം (2009, 2011) രണ്ടുതവണ കിരീടം ചൂടി. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം 2021ൽ തോറ്റു. റയൽ മാഡ്രിഡിന്റെ കാർലോ ആൻസെലോട്ടിയാണ്‌ (5) കൂടുതൽ കലാശപ്പോരിന്‌ ടീമിനെ ഇറക്കിയ കോച്ച്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ 100 ജയം നേടുന്ന മൂന്നാമത്തെ പരിശീലകനുമായി ഗ്വാർഡിയോള. 160 മത്സരത്തിൽനിന്നാണ്‌ നേട്ടം. ആൻസെലോട്ടിയും (107) മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകനായ അലെക്‌സ്‌ ഫെർഗൂസനുമാണ്‌ (102) മുന്നിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top