24 April Wednesday
എർലിങ് ഹാലണ്ടിന് അഞ്ച് ഗോൾ

അഞ്ചടിച്ച്‌ ഹാലണ്ട്‌ ; ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

image credit Manchester city fc twitter

 

ലണ്ടൻ
എർലിങ്‌ ഹാലണ്ടിനുമുന്നിൽ ഗോളടി റെക്കോഡുകൾ വഴിമാറുന്നു. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടർ രണ്ടാംപാദത്തിൽ ആർ ബി ലെയ്‌പ്‌സിഗിനെതിരെ അഞ്ച്‌ ഗോളാണ്‌ ഹാലണ്ട്‌ തൊടുത്തത്‌. ആദ്യപകുതിയിൽത്തന്നെ ഹാട്രിക്‌ പൂർത്തിയാക്കി. കളി 7–-0നാണ്‌ സിറ്റി ജയിച്ചത്‌. ഇരുപാദങ്ങളിലുമായി 8–-1ന്‌ ക്വാർട്ടറിൽ.
കഴിഞ്ഞവർഷം സിറ്റിയിലെത്തിയ ഹാലണ്ട്‌ 36 കളിയിൽ 39 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. സിറ്റിക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമായി. ഈ സീസൺ അവസാനിക്കാൻ മാസങ്ങൾ ശേഷിക്കെയാണ്‌ ഈ പ്രകടനം. 94 വർഷം പഴക്കമുള്ള ടോമ്മി ജോൺസന്റെ റെക്കോഡാണ്‌ മായ്‌ച്ചത്‌.

ചാമ്പ്യൻസ്‌ ലീഗ്‌ ഒരു കളിയിൽ അഞ്ച്‌ ഗോളടിച്ച റെക്കോഡിൽ ലയണൽ മെസി, ലൂയിസ്‌ അഡ്രിയാനോ എന്നിവർക്കൊപ്പമെത്തി. മെസി 2012ൽ ബാഴ്‌സലോണയ്‌ക്കായി ബയേർ ലെവർകൂസനെതിരെയാണ്‌ നേട്ടംകുറിച്ചത്‌. ഷക്താർ ഡൊണെത്‌സ്‌ക്‌ താരമായിരുന്ന അഡ്രിയാനോ 2014ൽ ബെയ്‌റ്റ്‌ ബോറിസോവിനെതിരെയും അഞ്ച്‌ ഗോളടിച്ചു. നോക്കൗട്ട്‌ ഘട്ടത്തിൽ മെസിക്കുശേഷം അഞ്ചടിക്കുന്ന ആദ്യ കളിക്കാരനുമായി.

ചാമ്പ്യൻസ്‌ ലീഗിൽ 25 കളിയിൽ 33 ഗോളാണ്‌ ഹാലണ്ടിന്റെ സമ്പാദ്യം. 30 ഗോൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 22 വയസ്സും 236 ദിവസവുമാണ്‌ ഹാലണ്ടിന്റെ പ്രായം. കിലിയൻ എംബാപ്പെയുടെ റെക്കോഡ്‌ മറികടന്നു.

ചാമ്പ്യൻസ്‌ ലീഗ്‌ ഈ സീസണിൽ 10 ഗോളായി നോർവെക്കാരന്‌. സിറ്റിയിൽ മറ്റൊരു താരത്തിനും ഒരു സീസണിൽ 10 ഗോളടിക്കാനായിട്ടില്ല. ഇത്തിഹാദ്‌ സ്‌റ്റേഡിയത്തിൽ പെനൽറ്റിയിലൂടെയായിരുന്നു തുടക്കം. ഇരുപകുതികളിലുമായി ആകെ 35 മിനിറ്റിലായിരുന്നു അഞ്ച്‌ ഗോളും. 63–-ാംമിനിറ്റിൽ പരിശീലകൻ പെപ്‌ ഗ്വാർഡിയോള ഹാലണ്ടിനെ പിൻവലിച്ചു. ഇരട്ട ഹാട്രിക്‌ അടിക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്ന്‌ ഹാലണ്ട്‌ കോച്ചിനോട്‌ പറഞ്ഞിരുന്നെങ്കിലും ഗ്വാർഡിയോള തീരുമാനം മാറ്റിയില്ല. സീസണിലെ അഞ്ചാം ഹാട്രിക്‌ കുറിച്ചാണ്‌ നോർവെക്കാരൻ കളംവിട്ടത്‌.

ഇകായ്‌ ഗുൺഡോവനും കെവിൻ ഡി ബ്രയ്‌നും സിറ്റിക്കായി മറ്റു ഗോളുകൾ നേടി. ചാമ്പ്യൻസ്‌ ലീഗിൽ ഇതുവരെ കിരീടം നേടാത്ത സിറ്റി ഇക്കുറി ഹാലണ്ടിന്റെ ഗോളടി മികവിലാണ്‌ മുന്നേറുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top