29 March Friday

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്‌ 18ന് തുടങ്ങും ; കുഞ്ചാക്കോ ബോബൻ കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023


കൊച്ചി
വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‌ 18ന് തുടക്കമാകും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവർത്തകർ അണിനിരക്കുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 19ന് തിരുവനന്തപുരത്ത്‌ കേരളത്തിന്റെ ആദ്യ മത്സരത്തിൽ  കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേഴ്സിനെ നേരിടും. കേരള സ്ട്രൈക്കേഴ്സിന്‌ ആ കളി മാത്രമാണ്‌ സ്വന്തം ആരാധകർക്ക്‌ മുന്നിലുള്ളത്‌. മാർച്ച് 19ന് ഹൈദരാബാദിലാണ് ഫൈനൽ. ആകെ 19 മത്സരങ്ങളാണുള്ളത്‌. എല്ലാം വാരാന്ത്യങ്ങളിലായിരിക്കും. പാർലെ ബിസ്കറ്റാണ് ടൈറ്റിൽ സ്പോൺസർ.

ഇത്തവണ പുതിയ മത്സരഘടനയുമായാണ് സിസിഎൽ എത്തുന്നത്. ടെസ്റ്റ് മത്സരങ്ങളുടെയും ട്വന്റി-20 മത്സരങ്ങളുടെയും സംയോജിതരൂപമാണ് പുതിയ ഘടനയിലുള്ളത്. ആദ്യം ഇരുടീമും 10 ഓവർ വീതം ബാറ്റ് ചെയ്യും. തുടർന്ന് ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവർ ബാറ്റ് ചെയ്യും. പിന്നീട് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ അടുത്ത ടീമിന് വീണ്ടും ബാറ്റിങ് അനുവദിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന സിസിഎല്ലിൽ മലയാളത്തെ പ്രതിനിധാനം ചെയ്യുന്നത് കേരള സ്ട്രൈക്കേഴ്സാണ്. കുഞ്ചാക്കോ ബോബനാണ് ക്യാപ്റ്റനും ബ്രാൻഡ് അംബാസഡറും. ദീപ്തി സതിയും പ്രയാഗ മാർട്ടിനുമാണ്‌ വനിതാ അംബാസഡർമാർ. ടീം അം​ഗങ്ങൾ: എസ് ഇന്ദ്രജിത്, ആസിഫ് അലി, സൈജുകുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ്പിള്ള, അർജുൻ നന്ദകുമാർ, വിവേക് ​ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽമേനോൻ, സഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർഥ്‌മേനോൻ, ജീൻ പോൾ ലാൽ. സിസിഎൽ 2014, 2017 വർഷങ്ങളിൽ കേരള സ്ട്രൈക്കേഴ്സ് രണ്ടാംസ്ഥാനക്കാരായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top