19 April Friday

നോക്കൂ, ഇവിടെയുണ്ട്‌ കാസെമിറോ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

image credit Casemiro twitter

ദോഹ
ഒരുനിമിഷത്തിലായിരിക്കും കാസെമിറോ കളത്തിൽ പ്രത്യക്ഷപ്പെടുക. അതുവരെ അദൃശ്യനായി എതിരാളികളുടെ നീക്കങ്ങളുടെ കണ്ണികൾ മുറിക്കുകയായിരിക്കും. അല്ലെങ്കിൽ അവരിലേക്കുപോയ പന്ത്‌ തിരികെപ്പിടിച്ച്‌ സഹതാരങ്ങൾക്ക്‌ കൈമാറി, കളത്തിൽ അടുത്ത നീക്കത്തെ കാണുകയായിരിക്കും. സ്വിറ്റ്‌സർലൻഡിനെതിരെ തന്റെ കർത്തവ്യത്തെ അൽപ്പസമയത്തേക്ക്‌ മാറ്റിവച്ച്‌ അയാൾ പന്തിനെ വലയിലേക്ക്‌ ലക്ഷ്യംവച്ചു. ആ ഗോളിൽ ബ്രസീൽ ലോകകപ്പിന്റെ പ്രീക്വാർട്ടറിലും കയറി. 

കളിയിൽ ഒരേയൊരുതവണ മാത്രമാണ്‌ കാസെമിറോ ലക്ഷ്യത്തിലേക്ക്‌ പന്ത്‌ തൊടുത്തത്‌. ആക്രമണനിരയിലെ വൈവിധ്യങ്ങൾക്കിടയിലും കാസെമിറോയുടെ ടീമിലെ പ്രാധാന്യത്തെക്കുറിച്ച്‌ വ്യക്തമായി പറഞ്ഞത്‌ മുൻ ബ്രസീൽ മധ്യനിരതാരം ഗിൽബെർട്ടോ സിൽവയാണ്‌. അത്‌ കൃത്യമായിരുന്നു. ഒരു ടീമിന്‌ സന്തുലനം വേണമെങ്കിൽ കാസെമിറോയെപ്പോലൊരു ഡിഫൻസീവ്‌ മിഡ്‌ഫീൽഡർ വേണമെന്നായിരുന്നു സിൽവയുടെ നിരീക്ഷണം.

ബ്രസീൽപോലെ ആക്രമണമനസ്സുള്ള ഒരു ടീമിൽ ക്ഷമ കാണിക്കുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമാണ്‌. എല്ലാവരും ഒരേ താളത്തിൽ മുന്നേറുമ്പോൾ പ്രതിരോധ ഹൃദയത്തിനുമുന്നിൽ ഒരു കാവൽക്കാരൻ എപ്പോഴും ജാഗ്രതയോടെ കാണും. പന്ത്‌ കിട്ടാതിരിക്കുമ്പോൾ അസ്വസ്ഥനാകില്ല. പന്ത്‌ തിരിച്ചുപിടിക്കാൻ ഒരാളുടെ പിറകെപോയാൽ ആ വിടവിലൂടെ മറ്റുള്ളവർ കയറുമെന്ന്‌ കൃത്യമായി അറിയാം. തന്റെ സ്ഥാനംവിട്ട്‌ ഒരിക്കൽപ്പോലും കയറിപ്പോകില്ല. അവിടെനിന്ന്‌ കളിയുടെ ഗതി മനസ്സിലാക്കും. സെർബിയക്കെതിരെ ബ്രസീലിന്റെ സമ്പൂർണ നിയന്ത്രണത്തിലായിരുന്നു പന്ത്‌. വേണമെങ്കിൽ മുന്നേറിക്കളിക്കാനുള്ള അവസരവുമുണ്ടായി. എന്നാൽ ഒരുതവണമാത്രമാണ്‌ കാസെമിറോ മുന്നിൽക്കയറി ഷോട്ട്‌ പായിച്ചത്‌. ടീം 2–-0ന്‌ മുന്നിട്ടുനിൽക്കുമ്പോഴായിരുന്നു അത്. ഷോട്ട്‌ ബാറിൽതട്ടിത്തെറിച്ചു.

സ്വിസ്സിനെതിരെ കാസെമിറോയ്‌ക്കായിരുന്നു കൂടുതൽ ഉത്തരവാദിത്വം. പ്രതിരോധത്തിൽ കരുത്തരായ സ്വിസ്സിനെതിരെ, നെയ്‌മറുടെ അഭാവത്തിൽ ഗോൾ വഴി കാണാതെ വിഷമിക്കുമ്പോഴായിരുന്നു കാസെമിറോ രക്ഷകനായത്‌. വിനീഷ്യസ്‌ ജൂനിയറും റോഡ്രിഗോയും റഫീന്യയുമെല്ലാം ഒന്നൊഴിയാതെ ആക്രമണം നടത്തിയിട്ടും ആ വഴി തുറന്നില്ല. കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ശേഷിക്കെ കാസെമിറോ തൊടുത്ത ഹാഫ്‌ വോളി ഈ ലോകകപ്പിലെ ഏറ്റവും മനോഹര നിമിഷങ്ങളിലൊന്നായി മാറി.

‘ഞാൻ ഗോളടിച്ചു. ആ ഗോളിന്‌ ഈ ടീം മുഴുവനുമാണ്‌ അവസരമൊരുക്കിയത്‌. ജയിക്കുമ്പോൾ ഞങ്ങൾ ഒന്നിച്ചാണ്‌ ജയിച്ചത്‌. വ്യക്തികളല്ല, ഞങ്ങളൊരു സംഘമാണ്‌. ബ്രസീൽ ടീം’–- മത്സരശേഷം കാസെമിറോ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച മധ്യനിരതാരമായി കാസെമിറോ ഏറെക്കാലം വാഴുമെന്നായിരുന്നു നെയ്‌മറുടെ പ്രതികരണം. ഈ ലോകകപ്പിൽ എതിരാളികൾക്ക്‌ ഒരിക്കൽപ്പോലും ബ്രസീൽ ഗോൾമുഖത്തേക്ക്‌ ലക്ഷ്യംവയ്‌ക്കാനായിട്ടില്ല. കാസെമിറോയുടെ മിടുക്കും അതിന്‌ കാരണമാണ്‌. ഗ്രൂപ്പ്‌ ജിയിൽ കാമറൂണുമായാണ്‌ പ്രീക്വാർട്ടറിനുമുമ്പ്‌ ബ്രസീലിന്റെ മത്സരം. ഡിസംബർ രണ്ടിനാണ്‌ കളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top