28 March Thursday

ബ്രൂണോ തെളിഞ്ഞു പോർച്ചുഗലും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

image credit Bruno Fernandes twitter

‘ആ ഗോൾ റോണോയ്‌ക്കെന്ന്‌ കരുതി’
ഉറുഗ്വേക്കെതിരായ ആദ്യ ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയതാണെന്നാണ്‌ കരുതിയതെന്ന്‌ ബ്രൂണോ ഫെർണാണ്ടസ്‌. ബ്രൂണോയുടെ ക്രോസിൽ ഹെഡറിലൂടെ പോർച്ചുഗൽ ക്യാപ്‌റ്റനാണ്‌ ലക്ഷ്യംകണ്ടതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, വീഡിയോ പരിശോധനയിലൂടെ പന്ത്‌ റൊണാൾഡോയുടെ തലയിൽ തട്ടിയില്ലെന്ന്‌ വ്യക്തമായി. പന്തിനകത്തുള്ള സാങ്കേതികവിദ്യയും തീരുമാനം ശരിവച്ചു. ഇതോടെ ഗോൾ ബ്രൂണോയുടെ പേരിലായി. റൊണാൾഡോ ഗോളാഘോഷം നടത്തികഴിഞ്ഞിരുന്നു ഇതിനിടയിൽ.

ദോഹ
റഷ്യൻ ലോകകപ്പിൽ രണ്ട്‌ കളിയിൽമാത്രമാണ്‌ ബ്രൂണോ ഫെർണാണ്ടസ്‌ എന്ന പ്രതിഭാധനനായ മധ്യനിര താരത്തിന്‌ പോർച്ചുഗലിനായി കളിക്കാനായത്‌. ക്ലബ്‌ കുപ്പായത്തിൽ ഗോളടിച്ചും അവസരമൊരുക്കിയും മുന്നേറുമ്പോഴും ദേശീയ ടീമിനായി തെളിഞ്ഞില്ല. കഴിഞ്ഞ യൂറോയിൽ വൻ വിമർശം നേരിട്ടു. എന്നാൽ, ലോകകപ്പ്‌ പ്ലേ ഓഫിൽ മാസിഡോണിയക്കെതിരെ ഇരട്ടഗോളടിച്ചായിരുന്നു ബ്രൂണോയുടെ മറുപടി. ഖത്തറിൽ പോർച്ചുഗലിന്റെ മുന്നേറ്റത്തിന്‌ ഈ ഇരുപത്തെട്ടുകാരൻ ചുക്കാൻ പിടിക്കുന്നു. രണ്ട്‌ മത്സരം കഴിയുമ്പോൾ രണ്ട്‌ ഗോൾ, രണ്ടെണ്ണത്തിന്‌ അവസരം.
ഉറുഗ്വേയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തിയപ്പോൾ ബ്രൂണോയായിരുന്നു അമരത്ത്‌. രണ്ട്‌ കളിയും ജയിച്ച മൂന്ന്‌ ടീമേയുള്ളു. ബ്രസീലിനും ഫ്രാൻസിനുമൊപ്പം പോർച്ചുഗലും. അവസാനമത്സരം ഡിസംബർ രണ്ടിന്‌ ദക്ഷിണകൊറിയക്കെതിരെയാണ്‌.

ഉറുഗ്വേക്കെതിരെ തുടക്കം മികച്ചതായില്ല. ഇരുവശത്തും കളി മധ്യനിരയിൽ കെട്ടിനിന്നു. ഉറുഗ്വേക്കാണ്‌ മികച്ച അവസരം കിട്ടിയത്‌. റോഡ്രിഗോ ബെന്റാങ്കുർ പോർച്ചുഗൽ പ്രതിരോധം മറികടന്നതാണ്‌. പക്ഷേ, ഗോളായില്ല. ആദ്യകളിയിൽ ഘാനയ്‌ക്കെതിരെ രണ്ട്‌ ഗോളിന്‌ അവസരമൊരുക്കിയ ബ്രൂണോ ഉറുഗ്വേക്കെതിരെ രണ്ട്‌ ഗോളുമായി തിളങ്ങി. കളിയുടെ രണ്ടാംപകുതിയിൽ  ബ്രൂണോയുടെ കിടിലൻ ക്രോസ്‌ നേരിട്ട്‌ വിലയിൽ പതിച്ചായിരുന്നു പോർച്ചുഗലിന്റെ തുടക്കം. പിന്നെ പോർച്ചുഗൽ കളി നിയന്ത്രിച്ചു. റൂബെൻ നെവെസ്‌, ബെർണാഡോ സിൽവ എന്നിവരുടെ പ്രകടനവും നിർണായകമായി.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂർണമായും ആശ്രയിക്കാതെയാണ്‌ പോർച്ചുഗലിന്റെ കളി. കളിമെനയാനും ഗോളടിക്കാനുമുള്ള ബ്രൂണോയുടെ മിടുക്കിലാണ്‌ പോർച്ചുഗലിന്റെ മുന്നോട്ടുപോക്ക്‌. ജാവോ ഫെലിക്‌സ്‌, റാഫേൽ ലിയാവോ തുടങ്ങിയ യുവതാരങ്ങളും കൂട്ടിനുണ്ട്‌. മുപ്പത്തൊമ്പതുകാരൻ പെപെ പ്രതിരോധത്തിൽ ഇപ്പോഴും അത്ഭുതം കാട്ടുന്നു. ജോയോ കാൻസെലോ, റൂബെൻ ഡയസ്‌ എന്നിവരും അവസരത്തിനൊത്തുയർന്നു. ഇതിനിടെ ന്യൂനോ മെൻഡിസിന്റെ പരിക്ക്‌ തിരിച്ചടിയാണ്‌.

ഗ്രൂപ്പ്‌ എച്ചിൽ ഒന്നാംസ്ഥാനക്കാരായി മുന്നേറുകയാണ്‌  ലക്ഷ്യം. രണ്ട്‌ കളിയിൽ ആറ്‌ പോയിന്റുണ്ട്‌ പോർച്ചുഗലിന്. ഘാനയ്‌ക്ക്‌ മൂന്ന്‌. കൊറിയക്കും ഉറുഗ്വേക്കും ഓരോന്നുവീതം. ഗ്രൂപ്പിൽ ഉറുഗ്വേ–-ഘാന മത്സരവും ബാക്കിയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top