28 September Thursday

ബ്രസീലിന് 
ക്രൊയേഷ്യൻ കോട്ട

ഖത്തറിൽനിന്ന്‌ 
ആർ രഞ്‌ജിത്‌Updated: Friday Dec 9, 2022

image credit FIFA WORLD CUP twitter


കളം നിറഞ്ഞ കളിയാണ്‌ ബ്രസീൽ ആഗ്രഹിക്കുന്നത്‌. ദക്ഷിണകൊറിയക്കെതിരെയുള്ള പോലൊന്ന്‌. ലക്ഷ്യം സെമിമാത്രമല്ല, അതിനപ്പുറത്തേക്കും നീളുന്നു. ക്വാർട്ടറിൽ ക്രൊയേഷ്യയാണ്‌ എതിരാളി. എഡ്യൂക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ രാത്രി 8.30നാണ്‌ മത്സരം. ആറാം കിരീടത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പാകും ഇന്നത്തെ പോരാട്ടം.

കഴിഞ്ഞ നാല്‌ ലോകകപ്പുകളിൽ മൂന്നിലും ബ്രസീൽ ക്വാർട്ടറിൽ പുറത്തായിട്ടുണ്ട്‌. 2002ൽ ജേതാക്കളായിരുന്നു. 2006ൽ ഫ്രാൻസിനോട്‌ ക്വാർട്ടറിൽ തോറ്റു. 2010ൽ നെതർലൻഡ്‌സിനോട്‌ കീഴടങ്ങി. 2014ൽ സെമിയിൽ തോറ്റു. കഴിഞ്ഞതവണ 2018ൽ ബൽജിയം ക്വാർട്ടറിൽ തോൽപ്പിച്ചു. ഇത്തവണ ഗ്രൂപ്പ്‌ മത്സരത്തിൽ കാമറൂണിനോടുമാത്രം തോറ്റു.

കൊറിയക്കെതിരായ പ്രീക്വാർട്ടർ ബ്രസീലിന്റെ ആധികാരിക പ്രകടനത്തിന്‌ വേദിയായി. വിജയം 4–-1ന്‌. പ്രതിഭകളുടെ നിറഞ്ഞ സാന്നിധ്യമാണ്‌ കോച്ച്‌ ടിറ്റേയുടെ ശക്തി. നെയ്‌മർക്കൊപ്പം വിനീഷ്യസും റിച്ചാർലിസണുമൊക്കെ ഒരേതാളത്തിൽ കളിക്കുന്നു. ഗോളടിക്കാനും അടിപ്പിക്കാനും ഒന്നിലേറെ താരങ്ങളുണ്ട്‌. ജീവനുള്ള മധ്യനിരയും ബൂട്ടിൽ തീയുള്ള സ്‌ട്രൈക്കർമാരും ഏത്‌ പ്രതിരോധത്തിന്റെയും ഉറക്കംകെടുത്തും.


 

നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ ലൂകാ മോഡ്രിച്ചിലൂടെ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നു. അവസാന ലോകകപ്പ്‌ കളിക്കുന്ന മുപ്പത്തേഴുകാരൻ ഫോമിലേക്കുയർന്നിട്ടില്ല. ദെയാൻ ലോവ്‌റൻ, ഇവാൻ പെരിസിച്ച്‌ എന്നീ പരിചയസമ്പന്നരും കൂട്ടിനുണ്ട്‌. ഇത്തവണ ഒരു കളിയിൽമാത്രമാണ്‌ ആധികാരിക ജയം സാധ്യമായത്‌. ഗ്രൂപ്പിൽ ബാക്കി രണ്ടും സമനില. പ്രീക്വാർട്ടറിൽ ജപ്പാനോട്‌ ഷൂട്ടൗട്ടിലാണ്‌ രക്ഷപ്പെട്ടത്‌. മധ്യനിരയിൽ  മോഡ്രിച്ചാണോ ബ്രസീലിന്റെ -കാസെമിറോയാണോ കളി പിടിക്കുക എന്നതും നിർണായകമാകും.

ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ക്രൊയേഷ്യക്ക്‌ വിജയം സാധ്യമായിട്ടില്ല. നാല്‌ കളിയിൽ മൂന്നും ബ്രസീൽ ജയിച്ചു. ഒന്ന്‌ സമനിലയായി. ലോകകപ്പിൽ രണ്ടുതവണ മുഖാമുഖം ഉണ്ടായിരുന്നു. 2006ൽ ഒരു ഗോളിനും 2014ൽ 3–-1നും ബ്രസീൽ ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top