25 April Thursday
ഇന്ന് എടികെ–ഹെെദരാബാദ്

ഷൂട്ടൗട്ട് ത്രില്ലറിൽ ബംഗളൂരു ; മുംബെെയെ 9–8ന് തോൽപ്പിച്ച് ഫെെനലിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 13, 2023

image credit bengaluru fc twitter

ബംഗളൂരു
ബംഗളൂരു എഫ്‌സി ഐഎസ്‌എൽ ഫുട്‌ബോൾ ഫൈനലിൽ. ആവേശകരമായ ഷൂട്ടൗട്ടിൽ മുംബൈ സിറ്റിയെ 9–-8ന്‌ മറികടന്നു. ആദ്യപാദ സെമിയിൽ ബംഗളൂരു ഒരുഗോളിന്‌ ജയിച്ചിരുന്നു. രണ്ടാംപാദത്തിൽ നിശ്ചിതസമയത്തും അധികസമയത്തും മുംബൈ 2–-1ന്‌ മുന്നിലെത്തി. ഇരുപാദങ്ങളിലുമായി 2–-2. ഇതോടെയാണ്‌ കളി ഷൂട്ടൗട്ടിലേക്ക്‌ നീണ്ടത്‌.

ഷൂട്ടൗട്ടിൽ ഇരുടീമുകളും ആദ്യ എട്ട്‌ കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു. മുംബൈയുടെ മെഹ്‌താബ്‌ സിങ്ങിന്റെ ഒമ്പതാം കിക്ക്‌ തടുത്ത ഗോൾകീപ്പർ ഗുർപ്രീത്‌സിങ് സന്ധു ബംഗളൂരുവിന്‌ ജയം നൽകി. പിന്നാലെ സന്ദേശ്‌ ജിംഗൻ ബംഗളൂരുവിന്റെ ജയമുറപ്പിച്ചു.

സീസണിന്റെ തുടക്കം പതറിയ മുൻ ചാമ്പ്യൻമാർ അവസാന 11 കളിയും ജയിച്ചു. ഒരു തവണ ചാമ്പ്യൻമാരായ ബംഗളൂരുവിന്റെ മൂന്നാം ഫൈനലാണ്‌. 2018ലും 2019ലും കലാശപ്പോരിനിറങ്ങി. 2019ൽ എഫ്‌സി ഗോവയെ തോൽപ്പിച്ച്‌ കിരീടം ചൂടി. ആദ്യപാദത്തിലെ ഒരുഗോൾ തോൽവി തിരിച്ചടിയെന്ന ബോധ്യത്തോടെയാണ്‌ മുംബൈ തുടങ്ങിയത്‌. ആദ്യംതൊട്ടെ നയം വ്യക്തമാക്കി. ആക്രമണം തന്നെ. ഗ്രെഗ്‌ സ്റ്റുവർട്ടും ലാലിയൻസുവാല ചാങ്തെയും ബിപിൻ സിങ്ങും ജോർജ്‌ ഡയസും മുന്നേറ്റത്തിന്റെ കണ്ണികളായി. എല്ലാ വശങ്ങളിൽനിന്നും കുതിച്ച മുംബൈക്ക്‌ മുന്നിൽ ബംഗളൂരുവിന്‌ പിടിച്ചുനിൽക്കാനായില്ല. ബോക്‌സിലെ തള്ളിക്കയറ്റത്തിൽ പെനൽറ്റി വഴങ്ങി. എന്നാൽ സ്റ്റുവർട്ടിന്റെ കിക്ക്‌ തട്ടിയകറ്റി ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത്‌ സന്ധു ആശ്വാസമേകി. കളിഗതിക്കെതിരെയായിരുന്നു ബംഗളൂരു മുന്നിലെത്തിയത്‌. മിന്നൽവേഗത്തിലുള്ള പ്രത്യാക്രമണത്തിൽ പന്ത്‌ ഇടതുവശത്ത്‌ ശിവ നാരായണന്‌ കിട്ടി. ഇരുപത്തൊന്നുകാരന്റെ ക്രോസ്‌ ബോക്‌സിൽ നിലയുറപ്പിച്ചിരുന്ന ജാവിയർ ഹെർണാണ്ടസിന്‌ പാകമായിരുന്നു. ഹെഡ്ഡർ മുംബൈ വലകുലുക്കി. ഇതോടെ ഇരുപാദങ്ങളിലുമായി ബംഗളൂരു രണ്ട്‌ ഗോളിന്‌ മുന്നിലായി.

സമ്മർദമില്ലാതെ മുംബൈ പൊരുതി. എട്ട്‌ മിനിറ്റിനുള്ളിൽ ആദ്യ മറുപടി. നിരന്തരമായുള്ള നീക്കത്തിന്റെ ഫലമായിരുന്നു അത്‌. റൗളിൻ ബോർജെസിന്റെ ഷോട്ട്‌ ഗുർപ്രീത്‌ കുത്തിയകറ്റിയെങ്കിലും തിരിച്ചെത്തിയ പന്ത്‌ ബിപിൻ ഗോളാക്കി. സ്‌കോർ: 2–-1.

രണ്ടാംപകുതിയിൽ മുംബൈ ഗോളി ഫുർഭ ലാചെൻപയ്--ക്കും ബംഗളൂരുവിന്റെ ഗുർപ്രീതിനും പിടിപ്പത്‌ പണിയായി. എന്നാൽ അടങ്ങാത്ത വീര്യവുമായി കുതിച്ച മുംബൈക്ക്‌ മുന്നിൽ ബംഗളൂരു ഒരിക്കൽക്കൂടി കീഴടങ്ങി. സ്റ്റുവർട്ടിന്റെ ക്രോസിൽ ഹെഡ്ഡറിലൂടെ മെഹ്‌താബ്‌ മുംബൈക്ക്‌ സമനില ഗോൾ സമ്മാനിച്ചു.  നിശ്ചിതസമയത്തിനുള്ളിൽ വീണ്ടും ഗോൾ വീഴാതെ പൊരുതിയതോടെ കളി അധികസമയത്തേക്ക്‌ നീണ്ടു. അവിടെയും ഒപ്പത്തിനൊപ്പം. ഒടുവിൽ ഷൂട്ടൗട്ട്‌ വിധിയെഴുതി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top