25 April Thursday

വീണ്ടും സമനില, കൂമാന്‌ സമ്മർദം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021


നൗകാമ്പ്
ബാഴ്‌സലോണയുടെ കളിയിൽ മാറ്റമില്ല. സ്പാനിഷ് ലീഗിൽ വീണ്ടും കറ്റാലൻമാർ സമനില വഴങ്ങി. പോയിന്റ് പട്ടികയിൽ പിന്നിലുള്ള കാഡിസുമായി  ഗോളടിക്കാതെയാണ് ബാഴ്സ പിരിഞ്ഞത്. അഞ്ച് കളിയിൽ രണ്ട് ജയം മാത്രമായി പട്ടികയിൽ ഏഴാംസ്ഥാനത്ത്. ഇതോടെ പരിശീലകൻ റൊണാൾഡ് കൂമാനുമേൽ സമ്മർദമേറി.

കഴിഞ്ഞ മത്സരത്തിൽ ഗ്രനഡയുമായി സമനില വഴങ്ങിയ ബാഴ്സയ്ക്ക് കാഡിസിനോട് പരീക്ഷണമായിരുന്നു. പക്ഷേ, കൂമാന്റെ പ്രതീക്ഷ തെറ്റി. മറ്റൊരു മോശം പ്രകടനവുമായി കൂടാരം കയറി. ഇതിനിടെ മധ്യനിരക്കാരൻ ഫ്രെങ്കി ഡി യോങ് ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു. അവസാന 25 മിനിറ്റ് പത്തുപേരുമായാണ് ബാഴ്സ കളിച്ചത്. റഫറിയോട് തർക്കിച്ച കൂമാനും അവസാനം ശിക്ഷ കിട്ടി.

ബാഴ്സയുടെ കളിയിൽ പുരോഗതിയുണ്ടായില്ല. ആസൂത്രണമില്ലാതെ പന്ത് തട്ടുന്ന ആൾക്കൂട്ടമായി പലപ്പോഴും മാറി. ഗോൾ കീപ്പർ മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗന്റെ പ്രകടനമാണ് തോൽവിയിൽനിന്ന് രക്ഷിച്ചത്. അവസാനനിമിഷങ്ങളിൽ കാഡിസ് മുന്നേറ്റനിര ബാഴ്സ ഗോൾമുഖത്ത് തമ്പടിച്ചു.

ബാഴ്സയ്ക്ക് കിട്ടിയ അവസരം മെംഫിസ് ഡിപെ പാഴാക്കി. മത്സരശേഷം ഒഫീഷ്യൽസിനെ കൂമാൻ വിമർശിച്ചു. ഇതിനിടെ കൂമാനെ മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സാമ്പത്തികപ്രതിസന്ധിയാണ് തടസ്സമാകുന്നത്. ക്ലബ് പ്രസിഡന്റ് യൊവാൻ ലപോർട്ടയും കൂമാനും നല്ല ബന്ധത്തിലല്ല. ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനോട് മൂന്ന് ഗോളിന് തോറ്റതോടെയാണ് കൂമാനെതിരെ നീക്കമുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top