24 April Wednesday

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് : നദാൽ, ബാർടി സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022


മെൽബൺ
ഇരുപത്തൊന്നാം ഗ്രാന്റ്‌ സ്ലാം കിരീടത്തിലേക്ക് റാഫേൽ നദാലിന് രണ്ട് ചുവടുകൂടി. അഞ്ചുസെറ്റ് പോരാട്ടം ജയിച്ച് സ്പാനിഷ് താരം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സെമിയിൽ കടന്നു. ക്വാർട്ടറിൽ ക്യാനഡയുടെ ഡെനിസ് ഷാപോവലോവിനെ 6–--3, 6–--4, 4–--6, 3–--6, 6-–-3ന് കീഴടക്കി. ഇരുവരും ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ കളി നാല് മണിക്കൂറും എട്ട്‌ മിനിറ്റുമെടുത്തു.

മുപ്പത്തഞ്ചുകാരനായ നദാൽ 2009 ലാണ് ഏക ഓസ്ട്രേലിയൻ ഓപ്പൺ നേടിയത്. ഇത് ഏഴാംതവണയാണ് സെമിയിലെത്തുന്നത്. നൊവാക് ജൊകോവിച്ച്, റോജർ ഫെഡറർ എന്നിവർക്കൊപ്പം 20 ഗ്രാന്റ്‌ സ്ലാം കിരീടങ്ങളാണ് സമ്പാദ്യം. രണ്ടുകളി ജയിച്ചാൽ നദാൽ പുതിയ ചരിത്രമെഴുതും.
ഇറ്റലിക്കാരൻ മറ്റിയോ ബെരെറ്റിനിയാണ് സെമിയിലെ എതിരാളി. ബെരെറ്റിനി ഫ്രാൻസിന്റെ ഗെയ്ൽ മൺഫിൽസിനെ 6-–-4, 6-–-4, 3–--6, 3–--6, 6–--2ന് പരാജയപ്പെടുത്തി.

വനിതാ സിംഗിൾസ് സെമിയിൽ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബാർടി അമേരിക്കയുടെ മാഡിസൺ കീസിനെ നേരിടും. ക്വാർട്ടറിൽ ബാർടി അമേരിക്കൻതാരം ജെസിക പെഗുലയെ തകർത്തു (6-–-2, 6-–-0). കീസ് ചെക്ക് താരം ബാർബറ ക്രെജ്സികോവയെ 6–--3, 6–--2ന് മറികടന്നു. മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ- അമേരിക്കയുടെ രാജീവ് റാം സഖ്യം പുറത്തായി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജാസൻ കുബ്ലർ - ജെയ്മി ഫോർലിസ് കൂട്ടുകെട്ട് 6–--4, 7-–-6 ന് ജയിച്ചു. ഈ സീസണോടെ വിടവാങ്ങൽ പ്രഖ്യാപിച്ച സാനിയയുടെ അവസാന ഓസ്ട്രേലിയൻ ഓപ്പണാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top