27 April Saturday
മിക്‌സഡ്‌ ഡബിൾസിൽ 
സാനിയ–ബൊപ്പണ്ണ സഖ്യം റണ്ണറപ്പ്‌

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ ; സാനിയയ്‌ക്ക്‌ കണ്ണീർസ്ലാം ; ഫൈനലിൽ ബ്രസീൽ സഖ്യത്തോട്‌ തോറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023


മെൽബൺ
കണ്ണ്‌ നിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ഒടുവിൽ സാനിയ വിതുമ്പി. ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വേദിയായ റോഡ്‌ ലേവർ അരീനയിൽ ഇന്ത്യൻ താരം സാനിയ മിർസയുടെ വൈകാരികമായ വിടവാങ്ങൽ. മിക്‌സഡ്‌ ഡബിൾസ്‌ ഫൈനലിൽ ബ്രസീലിയൻ ജോടിയായ ലൂയിസ സ്‌റ്റെഫാനി–-റാഫേൽ മറ്റോസിനോട്‌ 6–-7, 2–-6ന്‌ തോറ്റു. അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ കിരീടത്തോടെ വിടവാങ്ങാനുള്ള മോഹം സാധിച്ചില്ല.

സാനിയ പറഞ്ഞു: ‘ഇത്‌ സന്തോഷത്തിന്റെ കണ്ണീരാണ്‌. മെൽബണിലെ ഈ വേദിയിലാണ്‌ 2005ൽ 18–-ാംവയസ്സിൽ അരങ്ങേറിയത്‌. മൂന്നാംറൗണ്ടിൽ സെറീന വില്യംസിനോട്‌ തോറ്റ്‌ മടങ്ങുകയായിരുന്നു. കളിജീവിതം അവസാനിപ്പിക്കാൻ ഇതുപോലെ വേറെ ഏത്‌ വേദിയുണ്ട്‌. അതിനാൽ സന്തോഷംകൊണ്ട്‌ കരഞ്ഞുപോകുന്നു.’

‘മകനുമുന്നിൽ ഒരു ഗ്രാൻഡ് സ്ലാം ടൂർണമെന്റ്‌ കളിക്കാനാകുമെന്നു കരുതിയതല്ല. രോഹൻ ബൊപ്പണ്ണ എന്റെ ആദ്യ മിക്‌സഡ്‌ ഡബിൾസ്‌ പങ്കാളിയാണ്‌. എനിക്കന്ന്‌ 14 വയസ്സ്‌. പിന്നീട്‌ എത്രയെത്ര ടൂർണമെന്റുകൾ. ഇപ്പോൾ എനിക്ക്‌ 36 വയസ്സായി. രോഹന്‌ 42. എന്റെ അടുത്തസുഹൃത്തും മികച്ച കളിപങ്കാളിയുമായ രോഹനൊത്തുള്ള വിടവാങ്ങൽ സന്തോഷകരമാണ്‌’–- കണ്ണീർ തുടച്ച്‌ സാനിയ പറഞ്ഞുനിർത്തി.

ഫൈനലിൽ ആദ്യ സെറ്റിൽമാത്രമാണ്‌ ഇന്ത്യൻ സഖ്യത്തിന്‌ വെല്ലുവിളി ഉയർത്താനായത്‌. ടൈബ്രേക്കിലേക്ക്‌ നീണ്ടെങ്കിലും ഫലമുണ്ടായില്ല. രണ്ടാംസെറ്റിൽ ചെറുത്തുനിൽപ്പുണ്ടായില്ല. അടുത്തമാസം 18ന്‌ തുടങ്ങുന്ന ദുബായ്‌ മാസ്‌റ്റേഴ്‌സ്‌ ടൂർണമെന്റോടെ പ്രൊഫഷണൽ കളിജീവിതം അവസാനിപ്പിക്കാനാണ്‌ സാനിയയുടെ തീരുമാനം. റു ഗ്രാൻഡ് സ്ലാം ഡബിൾസ്‌ കിരീടങ്ങൾ സ്വന്തമായുള്ള സാനിയ 91 ആഴ്‌ച ഡബിൾസിൽ ഒന്നാംറാങ്കുകാരിയായി. വിവിധ ടൂർണമെന്റുകളിലായി 43 ഡബിൾസ്‌ കിരീടങ്ങൾ നേടി.

 

വനിതാ ഫൈനലിൽ ഇന്ന്‌ റിബാകിന–സബലെങ്ക

ജൊകോവിച്ച്‌–സിറ്റ്‌സിപാസ്‌ ഫൈനൽ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ പുരുഷവിഭാഗം സിംഗിൾസ്‌ ഫൈനലിൽ സെർബിയൻ താരം നൊവാക്‌ ജൊകോവിച്ച്‌ നാളെ ഗ്രീസിന്റെ സ്‌റ്റെഫാനോസ്‌ സിറ്റ്‌സിപാസിനെ നേരിടും. വിജയിക്കുന്നവർക്ക്‌ ഒന്നാംറാങ്ക്‌ സ്വന്തമാക്കാം. ഈ വേദിയിൽ ജൊകോ കലാശപ്പോരിൽ തോറ്റ ചരിത്രമില്ല.

സെമിയിൽ അമേരിക്കയുടെ ടോമി പോളിനെ 7–-5, 6–-1, 6–-2ന്‌ തോൽപ്പിച്ചു. 10–-ാം ഓസ്‌ട്രേലിയൻ ഓപ്പണും 22–-ാം ഗ്രാൻഡ് സ്ലാം കിരീടവുമാണ്‌ മുപ്പത്തഞ്ചുകാരൻ ലക്ഷ്യമിടുന്നത്‌. പത്താംതവണയാണ്‌ ഫൈനലിൽ കടക്കുന്നത്‌. സിറ്റ്‌സിപാസ്‌ സെമിയിൽ 7–-6, 6–-4, 7–-6, 6–-3ന്‌ റഷ്യയുടെ കരൺ ഖചനോവിനെ മറികടന്നു. സിറ്റ്‌സിപാസ്‌ ഇതുവരെയും ഗ്രാൻഡ് സ്ലാം കിരീടം നേടിയിട്ടില്ല.

വനിതാ സിംഗിൾസ്‌ ഫൈനലിൽ ഇന്ന്‌ വിംബിൾഡൺ ചാമ്പ്യൻ കസാഖ്‌സ്ഥാന്റെ എലെന റിബാകിന ബെലാറസിന്റെ അരീന സബലങ്കയെ നേരിടും. ഇരുപത്തിമൂന്നുകാരിയായ റിബാകിന സെമിയിൽ ബെലാറസ്‌ താരം വിക്‌ടോറിയ അസരങ്കയെ 7–-6, 6–-3ന്‌ പരാജയപ്പെടുത്തി. പോളിഷ്‌ താരം മഗ്‌ദ ലിനെറ്റിനെ 7–-6, 6–-2ന്‌ തോൽപ്പിച്ചാണ്‌ സബലെങ്കയുടെ കുതിപ്പ്‌. ഇരുപത്തിനാലുകാരിയായ സബലെങ്കയുടെ കന്നി ഗ്രാൻഡ് സ്ലാം സിംഗിൾസ്‌ ഫൈനലാണ്‌. 2021ൽ ഇവിടെ ഡബിൾ കിരീടം നേടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top