28 March Thursday

ബാർടി ‘പാർടി’ ; ആഷ്ലി ബാർടി ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് ചാമ്പ്യൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

image credit ashleigh barty twitter


മെൽബൺ
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ഓസ്ട്രേലിയക്കാരി ചാമ്പ്യൻ. 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആഷ്ലി ബാർടിയെന്ന നാട്ടുകാരിയുടെ വിജയാഘോഷം. ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ 6–-3, 7-–6ന് തോൽപ്പിച്ചു. 1978ൽ ക്രിസ് ഓനീലാണ് മെൽബണിൽ അവസാനമായി കിരീടം നേടിയ ഓസ്ട്രേലിയക്കാരി.

ടൂർണമെന്റിൽ ഒറ്റ സെറ്റും കൈവിടാതെയാണ് നേട്ടം. 2019ൽ ഫ്രഞ്ച് ഓപ്പണും 2021ൽ വിംബിൾഡണും നേടിയ ഇരുപത്തഞ്ചുകാരിയുടെ മൂന്നാം ഗ്രാന്റ്സ്ലാം കിരീടമാണിത്. ഫൈനലിൽ ആദ്യസെറ്റ് 32 മിനിറ്റിൽ അനായാസം നേടിയ ഒന്നാംറാങ്കുകാരി രണ്ടാംസെറ്റും കളിയും സ്വന്തമാക്കിയത് പൊരുതിക്കയറിയാണ്.
മുപ്പതാംറാങ്കുകാരിയായ കോളിൻസ് രണ്ടാംസെറ്റിൽ ആധിപത്യം നേടിയതായിരുന്നു. എന്നാൽ, കരുത്തുറ്റ സർവുകൾ ആയുധമാക്കി ബാർടി തിരിച്ചുവന്നു. രണ്ടാംസെറ്റ് 1-5ന് പിന്നിട്ടുനിന്നശേഷമാണ് ടൈബ്രേക്കിൽ വിജയം. 55 മിനിറ്റിലാണ് സെറ്റ് നേടിയത്. ഈവർഷം ഒറ്റ കളിയും തോൽക്കാതെയാണ് (11- 0) കുതിപ്പ്. ഓസ്ട്രേലിയൻ ഓപ്പണിൽ ഏഴു കളി ജയിച്ചപ്പോൾ അവസാനത്തെ നാലിലും എതിരാളികൾ അമേരിക്കക്കാരായിരുന്നു.

ക്യൂൻസ് ലാൻഡിലെ ഇപ്സ് വിച്ചിൽ ജനിച്ച ബാർടി നാലാംവയസ്സിൽ റാക്കറ്റെടുത്തു. ജൂനിയർതലത്തിൽ തിളങ്ങിയ പെൺകുട്ടി 2011ൽ വിംബിൾഡണിൽ കപ്പ് നേടി. പിന്നെ ഡബിൾസിലായി ശ്രദ്ധ. ഗ്രാൻ്റ്സ്ലാം ടൂർണമെന്റുകളിൽ മികവ് തുടരവെ പൊടുന്നനെ കളി നിർത്തി. റാക്കറ്റിനുപകരം ക്രിക്കറ്റ് ബാറ്റെടുത്ത ബാർടിയെയാണ് പിന്നീട് കണ്ടത്. ഓസ്ട്രേലിയൻ ലീഗായ ബിഗ് ബാഷിൽ അരങ്ങേറി അത്ഭുതപ്പെടുത്തി. രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം 2016ൽ ടെന്നീസ് കോർട്ടിൽ തിരിച്ചെത്തി. മൂന്നുവർഷത്തിനുള്ളിൽ ഒന്നാംറാങ്കിലെത്തി ഞെട്ടിച്ചു. പിന്നീട് രണ്ട് ഗ്രാൻ്റ്സ്ലാം അടക്കം 14 കിരീടങ്ങൾ. ഇപ്പോൾ ആദ്യമായി ഓസ്ട്രേലിയൻ ഓപ്പണും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top