ന്യൂഡൽഹി
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ആദ്യമായി കളിക്കുന്ന ഇന്ത്യ ഇരട്ടസ്വർണമാണ് ലക്ഷ്യമിടുന്നത്. പുരുഷവിഭാഗത്തിൽ ഋതുരാജ് ഗെയ്‌ക്ക്‌വാദിന്റെ നേതൃത്വത്തിൽ രണ്ടാംനിര ടീമാണ്. വനിതകളിൽ ഹർമൻപ്രീത് കൗറിന്റെ കീഴിൽ ഒന്നാംനിര ടീമും അണിനിരക്കുന്നു. രണ്ട് ടീമുകൾക്കും ക്വാർട്ടറിലേക്ക് നേരിട്ട് പ്രവേശനമുണ്ട്. മത്സരം 20 ഓവർ.
ഏഷ്യൻ ഗെയിംസിൽ രണ്ടുതവണ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായിട്ടുള്ളത്. 2010ൽ ഗുവാങ്ചൗവിലും 2014ൽ ഇഞ്ചിയോണിലും. രണ്ട് ഗെയിംസിലും ഇന്ത്യ ക്രിക്കറ്റ് ടീമിനെ അയച്ചില്ല. രണ്ടുതവണയും വനിതകളിൽ പാകിസ്ഥാനാണ് സ്വർണം. പുരുഷന്മാരിൽ ആദ്യം ബംഗ്ലാദേശും രണ്ടാംതവണ ശ്രീലങ്കയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ 15 ടീമുകളുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ നേരിട്ട് ക്വാർട്ടർ കളിക്കും. ഇന്ത്യയുടെ ആദ്യകളി ഒക്‌ടോബർ മൂന്നിനാണ്. മത്സരങ്ങൾ സെപ്‌തംബർ 27ന് തുടങ്ങും. നേപ്പാളും മംഗോളിയയും തമ്മിലാണ് ആദ്യകളി. വനിതകളിൽ എട്ട് ടീമേയുള്ളു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകൾ ക്വാർട്ടറിലാണ്. സെപ്‌തംബർ 19ന് ഇന്തോനേഷ്യ മംഗാേളിയയെയും മലേഷ്യ ഹോങ്കോങ്ങിനെയും നേരിടും. ഇന്ത്യയുടെ ക്വാർട്ടർ 21നാണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സമയമായതിനാൽ പുരുഷവിഭാഗത്തിൽ പ്രമുഖ ടീമുകൾക്ക് രണ്ടാംനിര ടീമാണ്. എന്നാൽ, ഇന്ത്യൻ ടീമിൽ ദേശീയ കുപ്പായമണിഞ്ഞവർ ധാരാളമുണ്ട്. ടീമിലുണ്ടായിരുന്ന പേസർ ശിവം മാവിക്ക് പരിക്കേറ്റു. ആകാശ്‌ദീപാണ് പകരക്കാരൻ. വനിതാ ടീമിൽ പ്രധാനതാരങ്ങളെല്ലാമുണ്ട്. വയനാട്ടുകാരി മിന്നുമണി ടീമിലുണ്ട്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് തുണച്ചത്.
പുരുഷ ടീം: ഋതുരാജ് ഗെയ്‌ക്ക്‌വാദ് (ക്യാപ്‌റ്റൻ), യശസ്വി ജെയ്‌സ്വാൾ, രാഹുൽ ത്രിപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, അർഷ്‌ദീപ് സിങ്, മുകേഷ് കുമാർ, ശിവം ദുബെ, പ്രഭ് സിമ്രാൻ സിങ്, ആകാശ്‌ദീപ്. വനിതകൾ: ഹർമൻപ്രീത് കൗർ (ക്യാപ്‌റ്റൻ), സ്‌മൃതി മന്ദാന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്‌തി ശർമ, റിച്ചാഘോഷ്, അമൻജോത് കൗർ, ദേവിക വൈദ്യ, പൂജ വസ്‌ത്രാക്കർ, ടിറ്റാസ് സധു, രാജേശ്വരി ഗെയ്‌ക്ക്‌വാദ്, മിന്നുമണി, കനിക അഹുജ, ഉമാ ഛേത്രി, അനുഷ ബാറെഡ്ഡി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..