ഹാങ്ചൗ
പുരുഷ വോളിബോൾ ടീം ഏഷ്യൻ ഗെയിംസിൽ ഇടിമുഴക്കം സൃഷ്‌ടിക്കുന്നു. കഴിഞ്ഞതവണത്തെ വെള്ളി, വെങ്കലം ജേതാക്കളെ തുരത്തിയ ഇന്ത്യ ക്വാർട്ടറിൽ കടന്നു. ചൈനീസ് തായ്‌പേയിയെ 25–-22, 25–-22, 25–-21ന് കീഴടക്കി. നാളെ നിലവിലെ ചാമ്പ്യൻമാരായ ജപ്പാനെ നേരിടും.
ക്യാപ്‌റ്റൻ വിനീത്‌കുമാറിന്റെ നേതൃത്വത്തിൽ കളംനിറഞ്ഞ് കളിച്ച ഇന്ത്യയുടെ ടീംസ്‌പിരിറ്റിനുമുന്നിൽ എതിരാളികൾക്ക് പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞതവണ വെങ്കലം നേടിയ ചൈനീസ് തായ്‌പേയ് ലോക റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 30 പടി മുകളിലാണ്. ചൈനീസ് തായ്‌പേയ് 43, ഇന്ത്യ 73. എന്നാൽ, യാതൊരു പരിഭ്രമവുമില്ലാതെയായിരുന്നു ഇന്ത്യൻ കുതിപ്പ്. അശ്വൽ റായിയും എറിൻ വർഗീസും അമിതും പോയിന്റുകൾ വാരിക്കൂട്ടി. നിലവിലെ റണ്ണറപ്പായ ദക്ഷിണകൊറിയക്കെതിരെ നേടിയ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിരുന്നു.
വോളിയിൽ ഇതുവരെ സ്വർണം നേടാനായിട്ടില്ല. കഴിഞ്ഞതവണ 12–-ാംസ്ഥാനം. 1986ൽ വെങ്കലം നേടിയശേഷമുള്ള മികച്ച പ്രകടനമാണ്.
ടേബിൾ ടെന്നീസിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. പുരുഷന്മാരുടെ ടീം ഇനത്തിൽ രണ്ട് കളിയും ജയിച്ചു. യെമനെയും (3–-0) സിംഗപ്പൂരിനെയും തോൽപ്പിച്ചു. വനിതാ ടീം 3–-2ന് സിംഗപ്പൂരിനെ പരാജയപ്പെടുത്തി. ഇന്ന് നേപ്പാളിനെ നേരിടും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..