ചെന്നൈ
പി ടി ഉഷയുടെ ദേശീയ റെക്കോഡ് പിടിച്ചുകുലുക്കിയ വിത്യ രാംരാജ് ഏഷ്യൻ ഗെയിംസിന് ചൈനയിൽ പോകുന്നത് ഒറ്റയ്‌ക്കല്ല, ഇരട്ട സഹോദരി നിത്യയുമുണ്ട്. വിത്യ 400 മീറ്റർ ഹർഡിൽസിലും നിത്യ 100 മീറ്റർ ഹർഡിൽസിലും പങ്കെടുക്കും. ചണ്ഡീഗഢിൽ നടന്ന അഞ്ചാമത് ഗ്രാൻ പ്രി മീറ്റിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിലാണ് ഇരുപത്തിനാലുകാരി വിത്യയുടെ ഞെട്ടിക്കുന്ന പ്രകടനം. സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് ഉഷയുടെ പേരിലുള്ള ദേശീയ റെക്കോഡ് മറികടക്കാനുള്ള അവസരം നഷ്ടപ്പെട്ടത്. വിത്യ 55.43 സെക്കൻഡിൽ ഫിനിഷ് ചെയ്‌തു. ഉഷ 1984 ലോസ്‌ഏഞ്ചൽസ് ഒളിമ്പിക്‌സിൽ സ്ഥാപിച്ച സമയം 55.42 സെക്കൻഡായിരുന്നു. 39 വർഷംമുമ്പ് സെക്കൻഡിന്റെ നൂറിൽ ഒരംശത്തിനാണ് ഉഷയ്‌ക്ക് ഒളിമ്പിക്‌സ് വെങ്കല മെഡൽ നഷ്ടമായത്.
ഏഷ്യൻ ഗെയിംസിൽ ഉഷയുടെ ദേശീയ റെക്കോഡ് മറികടക്കാനാകുമെന്ന് വിത്യ പറഞ്ഞു. ഗ്രാൻ പ്രിയിൽ ഫിനിഷ് ചെയ്യുമ്പോൾ ഈ സമയം പ്രതീക്ഷിച്ചില്ല. സമയം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ആദ്യത്തെ 200 മീറ്റർ അൽപ്പം പതുക്കെയായിരുന്നു. അല്ലെങ്കിൽ ദേശീയ റെക്കോഡ് മറികടക്കാൻ കഴിഞ്ഞേനെയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് വിത്യ പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ മെഡൽ പ്രതീക്ഷിക്കുന്നതായി പരിശീലകൻ നെഹ്‌പാൽ സിങ് പറഞ്ഞു. ഈ സീസണിൽ ഏഷ്യയിലെ മികച്ച രണ്ടാമത്തെ സമയമാണ്. ബഹ്‌റൈനിനായി മത്സരിക്കുന്ന നൈജീരിയക്കാരി കെമി ആദികോയയുടേതാണ് ഒന്നാമത്തെ സമയം.
കോയമ്പത്തൂരിൽ സാധാരണ കുടുംബത്തിലായിരുന്നു. ഇരട്ടകളുടെ ജനനം. ചേച്ചി സത്യ. അച്ഛൻ ടെമ്പോ ഡ്രൈവറായിരുന്നു. അമ്മ മീനയുടെ പ്രോത്സാഹനമാണ് രണ്ടുപേരെയും സ്‌പോർട്‌സിൽ എത്തിച്ചത്. സാമ്പത്തികമായി ഏറെ പിന്നാക്കമായതിനാൽ കഷ്ടപ്പെട്ടായിരുന്നു പഠനവും പരിശീലനവും. ഇപ്പോൾ കഥ മാറി. വിത്യയ്‌ക്ക് റെയിൽവേസിലും നിത്യയ്‌ക്ക് ആദായനികുതി വകുപ്പിലും ജോലി കിട്ടി. ഏഷ്യൻ ഗെയിംസാണ് ആദ്യ കടമ്പ. അടുത്തവർഷം ഒളിമ്പിക്‌സ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..