ഹാങ്ചൗ
ഇന്ത്യൻ തോക്ക് ഗർജിച്ചുകൊണ്ടേയിരിക്കുന്നു. മാമ്പഴം വീഴ്‌ത്തുന്ന ലാഘവത്തോടെയാണ് കൗമാര ഷൂട്ടർമാർ മെഡലുകൾ വെടിവച്ചിടുന്നത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ‘വെടിവെപ്പ് സംഘം’ സ്വന്തമാക്കിയത്. ഇതുവരെ നേടിയത് 18 മെഡൽ. അതിൽ ആറ് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുണ്ട്. 2006 ദോഹ ഗെയിംസിലാണ് ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച നേട്ടം. അത്തവണ ഇന്ത്യക്ക് മൂന്ന് സ്വർണമടക്കം 14 മെഡലായിരുന്നു.
കഴിഞ്ഞതവണ ജക്കാർത്തയിൽ രണ്ട് സ്വർണമടക്കം ഒമ്പത് മെഡൽ. അതിന്റെ ഇരട്ടി മെഡലുകളായി ഇതുവരെ. ഇനിയും അഞ്ച് ഇനങ്ങൾ ബാക്കി. 28 ഇനങ്ങൾ പൂർത്തിയായപ്പോൾ ചൈനയ്‌ക്ക് 12 സ്വർണമടക്കം 23 മെഡലാണ്. ഇന്ത്യയാണ് രണ്ടാംസ്ഥാനത്ത്. യുവത്വത്തിന് മുൻതൂക്കമുള്ള 33 പേരുടെ ഷൂട്ടിങ് സംഘമാണ് ഇന്ത്യയുടേത്.
ഇന്നലെ രണ്ട് സ്വർണവും മൂന്ന് വെള്ളിയുമാണ് ഷൂട്ടർമാർ സമ്മാനിച്ചത്. വനിതകളുടെ 10 മീറ്റർ എയർ പിസ്‌റ്റളിൽ ഇന്ത്യ 1–-2 ഫിനിഷ് നടത്തി ചൈനയെ അമ്പരപ്പിച്ചു. ഹരിയാനയിൽനിന്നുള്ള പതിനേഴുകാരി പലക് ഗുലിക 242.1 പോയിന്റോടെ സ്വർണം സ്വന്തമാക്കി. രണ്ടാമതെത്തിയത് ഇഷ സിങ്ങായിരുന്നു. ടീം ഇനത്തിൽ ഇരുവർക്കൊപ്പം ടി എസ് ദിവ്യയും ചേർന്നപ്പോൾ വെള്ളിയായി. 1731 പോയിന്റുള്ള ഇന്ത്യക്കുമുന്നിൽ അഞ്ച് പോയിന്റ് വ്യത്യാസത്തിൽ ചൈന സ്വർണം കരസ്ഥമാക്കി.
പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിൽ ടീം ഇനത്തിൽ ഇന്ത്യ ലോക റെക്കോഡോടെ സ്വർണം നേടി. ഐശ്വരി പ്രതാപ് സിങ് ടൊമാർ, സ്വപ്‌നീൽ കുശാലെ, അഖിൽ ഷിയോറൻ എന്നിവരായിരുന്നു ടീം. 1769 പോയിന്റാണ് റെക്കോഡ്. ചൈനയ്‌ക്കാണ് വെള്ളി. വ്യക്തിഗതവിഭാഗത്തിൽ ഐശ്വരി പ്രതാപ് വെള്ളി സ്വന്തമാക്കി. ചൈനയുടെ ഡു ലിൻഷുവിനാണ് സ്വർണം. ഇന്ത്യയുടെ സ്വപ്‌നീൽ കുശാലെ നാലാമതായി. ഐശ്വരിയുടെ നാലാമത്തെ മെഡലാണിത്. അതിൽ രണ്ട് സ്വർണവും ഉൾപ്പെടുന്നു.
സ്‌ക്വാഷിൽ വെങ്കലം ഫൈനൽ
സ്‌ക്വാഷിൽ വനിതകൾ വെങ്കലം നേടി. പുരുഷ ടീം ഫൈനലിലെത്തി. വനിതാ സെമിയിൽ ഹോങ്കോങ്ങിനോട് തോറ്റു (1–-2). ഇതോടെ വെങ്കല മെഡൽ കിട്ടി. ജോഷ്‌ന ചിന്നപ്പ, തൻവി ഖന്ന, അനാഹത് സിങ് എന്നിവരാണ് ടീമിൽ. പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻമാരായ മലേഷ്യയെ തോൽപ്പിച്ചാണ് ഫൈനൽ പ്രവേശം (2–-0). സൗരവ് ഘോഷാലും അഭയ് സിങ്ങുമാണ് ടീമിൽ. ഇന്ന് പാകിസ്ഥാനുമായാണ് ഫൈനൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..