ഹാങ്ചൗ
ഇന്ത്യയുടെ യുവ ഷൂട്ടർമാർ വെടിവച്ചിട്ടത് ചൈനയുടെ ലോക റെക്കോഡ്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രുദ്രാംഗ്‌ഷ് ബാലാസാഹിബ് പാട്ടിൽ, ദിവ്യാൻഷ് സിങ് പൻവർ, ഐശ്വരി പ്രതാപ് സിങ് എന്നിവരാണ് സ്വർണത്തിന് റെക്കോഡിന്റെ കിന്നരിയും സമ്മാനിച്ചത്. മൂവരും ചേർന്ന് 1893.7 പോയിന്റ് നേടി. കഴിഞ്ഞമാസം ബാകുവിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ചൈന നേടിയതിനേക്കാൾ 0.4 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യയുടെ നേട്ടം.
മത്സരത്തിൽ ഇന്ത്യക്ക് പിന്നിൽ ദക്ഷിണകൊറിയ രണ്ടാമതെത്തി. 1890.1 പോയിന്റാണ് അവരുടെ സമ്പാദ്യം. ചൈന 1888.2 പോയിന്റോടെ മൂന്നാംസ്ഥാനത്തായി.
മഹാരാഷ്‌ട്രയിലെ താനെയിൽനിന്നുള്ള പത്തൊമ്പതുകാരൻ രുദ്രാംഗ്‌ഷിന്റെ തകർപ്പൻ പ്രകടനമാണ് വിജയമൊരുക്കിയത്. 632.5 പോയിന്റാണ് അഭിനവ് ബിന്ദ്രയുടെ പിൻഗാമിയായി വിലയിരുത്തപ്പെടുന്ന ഷൂട്ടറുടെ സംഭാവന. കഴിഞ്ഞവർഷം ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അടുത്തവർഷത്തെ പാരിസ് ഒളിമ്പിക്‌സിന് യോഗ്യത സ്വന്തമാക്കി. മധ്യപ്രദേശിലെ രത്നാപുരിൽനിന്നുള്ള ഷൂട്ടർ ഐശ്വരി പ്രതാപ് സിങ്ങിന് 631.6 പോയിന്റുണ്ട്. വ്യക്തിഗത ഇനത്തിൽ ഇരുപത്തൊന്നുകാരൻ വെങ്കലവും കീശയിലാക്കി. ദിവ്യാൻഷ് സിങ് പൻവർ 629.6 പോയിന്റ് കരസ്ഥമാക്കി. എന്നാൽ, ഇരുപതുകാരന് വ്യക്തിഗത ഇനത്തിലെ ഫൈനലിൽ മത്സരിക്കാനായില്ല.
ആദ്യ എട്ടിൽ മൂന്ന് ഇന്ത്യക്കാർ സ്ഥാനം പിടിച്ചെങ്കിലും ഒരു രാജ്യത്തുനിന്ന് രണ്ടുപേർക്കാണ് അവസരം. രുദ്രാംഗ്‌ഷും ഐശ്വരിയും വ്യക്തിഗത ഇനത്തിൽ മത്സരിച്ചു. ചൈനയുടെ ഷെങ് ലിഹാവോ ലോക റെക്കോഡോടെ (253.3) സ്വർണവും ദക്ഷിണകൊറിയയുടെ ഹജുൻ പാർക് (251.3) വെള്ളിയും നേടി. ഐശ്വരിക്ക് (228.8) പിന്നിൽ രുദ്രാംഗ്‌ഷ് നാലാമതായി. ഷൂട്ടിങ്ങിൽ ഇതോടെ ഓരോ സ്വർണവും വെള്ളിയും മൂന്ന് വെങ്കലവുമുണ്ട്.
പുരുഷന്മാരുടെ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്‌റ്റൾ ടീം ഇനത്തിൽ വിജയ്‌വീർ സിങ് സിദ്ധു, ആദർശ് സിങ്, അനീഷ് ദിൻവാല എന്നിവർ വെങ്കലം നേടി. ആദ്യ രണ്ട് സ്ഥാനവും ചൈനക്കാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..