ഹാങ്ചൗ
ചൈനീസ് മതിലിനപ്പുറം ഇന്ത്യയുടെ സ്വർണക്കുളമ്പടി മുഴങ്ങി. അശ്വാഭ്യാസത്തിലെ ഡ്രെസേജ് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി സ്വർണം. 41 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസത്തിൽ സ്വർണം നേടുന്നത്. മിക്സ്‌ഡ് ടീം ഇനത്തിലാണ് നേട്ടം. ഹൃദയ് വിപുൽ ചെഡ, അനുഷ് അഗർവാല, ദിവ്യകൃതി സിങ്, സുദിപ്‌തി ഹജെല എന്നിവരാണ് കുതിരപ്പൊന്ന് സ്വന്തമാക്കിയത്.
മത്സരത്തിൽ 209.205 പോയിന്റ് നേടിയാണ് വിജയം. ചൈനയ്‌ക്കാണ് വെള്ളി (204.882). ഹോങ്കോങ് 204.852 പോയിന്റുമായി മൂന്നാമതായി. 1982ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിലാണ് അവസാനമായി അശ്വാഭ്യാസത്തിൽ സ്വർണം കിട്ടിയത്. ആ വർഷമാണ് ആദ്യമായി മത്സര ഇനമായത്. ഇന്ത്യക്ക് അക്കുറി മൂന്ന് സ്വർണമുണ്ടായിരുന്നു. രണ്ടെണ്ണം വ്യക്തിഗത ഇനത്തിലും ഒന്ന് ടീം ഇനത്തിലും. 1986ൽ ഡ്രെസേജിൽ വെങ്കലമുണ്ട്. ഹൃദയ് ചെഡ യൂറോപ്പിലെ പരിശീലനത്തിനുശേഷമാണ് എത്തിയത്. ഇരുപത്തഞ്ചുകാരന് ആറാംവയസ്സിൽ കുതിരയോട് ഇഷ്‌ടം തുടങ്ങിയതാണ്. ചെം എക്‌സ്‌പ്രോ എമറാൾഡ് എന്ന കുതിരക്കൊപ്പം 69.941 പോയിന്റ് നേടി.
കൊൽക്കത്തയിൽനിന്നുള്ള അനുഷിന് മൂന്നാംവയസ്സുമുതൽ കുതിരക്കമ്പമുണ്ട്. 17–-ാംവയസ്സിൽ ജർമനിയിലേക്ക് പരിശീലനത്തിനുപോയത് നിർണായകമായി. അവിടെ ഒളിമ്പ്യൻ ഹൂബർട്ടസ് ഷിമിദതിനൊപ്പം പരിശീലിച്ചത് ഫലം ചെയ്‌തു. മത്സരത്തിൽ ഇട്രോ എന്ന കുതിരയുമായി 71.088 പോയിന്റ് നേടി മികച്ച പ്രകടനം കാഴ്‌ചവച്ചു.
രാജസ്ഥാനിലെ ജയ്‌പുരിൽനിന്നാണ് ഇരുപത്തിനാലുകാരി ദിവ്യകൃതി. 12–-ാംവയസ്സിൽ അശ്വാഭ്യാസം തുടങ്ങി. ഏഷ്യയിൽ ഒന്നാംറാങ്കും ലോകത്ത് 14–-ാംറാങ്കും സ്വന്തമാക്കി. അഡ്രിനാലിൻ ഫിർഫോഡ് എന്ന കുതിരക്കൊപ്പം 68.176 പോയിന്റ് സ്വന്തമാക്കി. ഇരുപത്തൊന്നുകാരി സുദിപ്‌തി ആറാംവയസ്സുമുതൽ കുതിരയുമായി ചങ്ങാത്തമുണ്ട്. ചിൻസ്‌കി എന്ന കുതിരക്കൊപ്പം 66.706 പോയിന്റ് കരസ്ഥമാക്കി.
നാലുപേരും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ കടന്നു. ഹൃദയ് മൂന്നാംസ്ഥാനത്തുണ്ട്. അനുഷ് രണ്ടാമതാണ്. ഹോങ്കോങിന്റെ വിങ് യിങ് വി യു ഒന്നാംസ്ഥാനത്തുണ്ട്. കഴിഞ്ഞതവണ ജക്കാർത്തയിൽ അശ്വാഭ്യാസത്തിൽ രണ്ട് വെള്ളി കിട്ടിയിരുന്നു. എന്നാൽ, ഡ്രെസേജ് ഇനത്തിൽ ടീം ഉണ്ടായിരുന്നില്ല. ഏഷ്യൻ ഗെയിംസ് അശ്വാഭ്യാസത്തിൽ കഴിഞ്ഞ 18 പതിപ്പിലുമായി ഇന്ത്യ നേടിയത് മൂന്നുവീതം സ്വർണവും വെള്ളിയും ആറ് വെങ്കലവും.
ഡ്രെസേജ്
അശ്വാഭ്യാസത്തിലെ മത്സര ഇനമാണ്. പരിശീലനം നേടിയ കുതിരയുമായുള്ള പ്രകടനമെന്ന് ചുരുക്കിപ്പറയാം. കുതിരക്കാരനും കുതിരയും തമ്മിലുള്ള ചേർച്ച പ്രധാനം. മൈതാനത്ത് ജഡ്‌ജസിനുമുന്നിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പോയിന്റ്.
പായ്‌വഞ്ചിയിൽ വെള്ളിയും
വെങ്കലവും
പായ്‌വഞ്ചിയോട്ടത്തിൽ (സെയ്‌ലിങ്) ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. പെൺകുട്ടികളുടെ ഡിംഗി ഇൽക 4 ഇനത്തിൽ നേഹ ഠാക്കൂറിനാണ് വെള്ളി. 11 റൗണ്ട് മത്സരത്തിൽ 27 പോയിന്റുമായാണ് നേട്ടം. തായ്‌ലൻഡ് താരം നൊപ്പോസോൺ സ്വർണം നേടി. സിംഗപ്പൂരിലെ കെയ്‌റ മാരിക്ക് വെങ്കലം. മധ്യപ്രദേശിലെ അംലതാജ് ഗ്രാമത്തിലെ കർഷക കുടുംബത്തിൽനിന്നാണ് നേഹയുടെ വരവ്. കഴിഞ്ഞവർഷം അബുദാബിയിൽ നടന്ന ഏഷ്യൻ സെയ്‌ലിങ് ചാമ്പ്യൻഷിപ്പിലെ വെങ്കലമാണ് പതിനേഴുകാരിക്ക് യോഗ്യത നേടിക്കൊടുത്തത്. ഭോപ്പാലിലെ ദേശീയ സെയ്‌ലിങ് സ്‌കൂളിലാണ് പരിശീലനം. മത്സരത്തിൽ അഞ്ചാംറൗണ്ട് ഒഴികെ മികച്ച പ്രകടനമായിരുന്നു. ഒമ്പതാംറൗണ്ടിൽ മൂന്നാംസ്ഥാനത്തേക്ക് കയറി. 10–-ാംറൗണ്ടിൽ രണ്ടാമതായി. അവസാന റൗണ്ടിൽ പ്രകടനം ആവർത്തിച്ച നേഹ വെള്ളി സ്വന്തമാക്കി.
പുരുഷന്മാരുടെ വിൻഡ്‌സർഫർ വിഭാഗത്തിൽ ഇബാദ് അലി വെങ്കലം നേടി. ദക്ഷിണകൊറിയ സ്വർണവും തായ്‌ലൻഡ് വെള്ളിയും കരസ്ഥമാക്കി. ഉത്തർപ്രദേശിലെ റുഹിയാവൻ സ്വദേശിയാണ്. മലയാളിതാരം അദ്വൈത് മേനോന് മികച്ച പ്രകടനം നടത്താനായില്ല. തുഴച്ചിൽ (റോവിങ്) മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ അഞ്ച് മെഡൽ നേടി. രണ്ട് വെള്ളിയും മൂന്ന് വെങ്കലവും. 2010ൽ ഗാങ്ചൗവിലും സമാനനേട്ടമായിരുന്നു. ആകെയുള്ള 14 സ്വർണത്തിൽ 11 ചൈന നേടി. രണ്ടെണ്ണം ഉസ്‌ബെക്കിസ്ഥാനും ഒന്ന് ഹോങ്കോങ്ങും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..