ഹാങ്ചൗ
ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ സെമിയിലെത്തി. മലേഷ്യക്കെതിരായ കളി മഴമൂലം ഉപേക്ഷിച്ചപ്പോൾ ഉയർന്ന റാങ്ക് ഇന്ത്യക്ക് തുണയായി. 15 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 173 റണ്ണെടുത്തു. മലേഷ്യ രണ്ട് പന്ത് നേരിട്ടപ്പോഴേക്കും മഴ പെയ്‌തു. ഉയർന്ന സീഡുള്ള ഇന്ത്യ ക്വാർട്ടറിലേക്ക് നേരിട്ട് യോഗ്യത നേടിയതാണ്. റാങ്കിങ്ങിൽ ഇന്ത്യ നാലാമതാണ്. മലേഷ്യ 27.
ഇന്ത്യക്കായി ഓപ്പണർ ഷഫാലി വർമ അർധസെഞ്ചുറി നേടി. 39 പന്തിൽ 67 റൺ. നാല് ഫോറും അഞ്ച് സിക്‌സറും ഉൾപ്പെട്ടു. സ്‌മൃതി മന്ദാന 27 റൺ നേടി. ജെമീമ റോഡ്രിഗസും (47) റിച്ചാഘോഷും (21) പുറത്താകാതെനിന്നു. മലയാളിയായ മിന്നുമണി ടീമിലുണ്ടായിരുന്നു. സെമിയിൽ ശ്രീലങ്കയോ തായ്‌ലൻഡോ ആകും എതിരാളി. നിലവിലെ ജേതാക്കളായ പാകിസ്ഥാനും സെമിയിലെത്തി.
ജയവും തോൽവിയും
ഫുട്‌ബോളിൽ പുരുഷ ടീം ജയിച്ചപ്പോൾ വനിതകൾ തോറ്റു. സുനിൽ ഛേത്രി നേടിയ ഗോളിന് ബംഗ്ലാദേശിനെയാണ് മറികടന്നത്. കളി അവസാനിക്കാൻ അഞ്ച് മിനിറ്റുള്ളപ്പോൾ ബ്രൈസ് മിറാൻഡയെ ബോക്‌സിൽ വീഴ്‌ത്തിയതിന് കിട്ടിയ പെനൽറ്റിയാണ് ലക്ഷ്യത്തിലെത്തിച്ചത്. രാജ്യാന്തര ഫുട്ബോളിൽ 93 ഗോളായ് ഛേത്രിക്ക്. എ ഗ്രൂപ്പിൽ ആറ് പോയിന്റുമായി ചൈന ഒന്നാമതാണ്. ഇന്ത്യക്കും മ്യാൻമറിനും മൂന്ന് പോയിന്റുണ്ട്. ഇരുടീമുകളും ഞായറാഴ്‌ച ഏറ്റുമുട്ടും. ആദ്യകളിയിൽ ചൈനയോട് 1–-5ന് തോറ്റിരുന്നു. വനിതകൾ ആദ്യമത്സരത്തിൽ ചൈനീസ് തായ്‌പേയിയോട് 1–-2ന് കീഴടങ്ങി. അഞ്‌ജു തമാങ്ങിന്റെ ഗോളിൽ മുന്നിലെത്തിയെങ്കിലും ഫലമുണ്ടായില്ല. ഞായറാഴ്‌ച തായ്‌ലൻഡുമായാണ് അവസാന കളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..