ഹാങ്‌ചൗ
ട്വന്റി 20 ക്രിക്കറ്റിലെ സർവമാന റെക്കോഡുകളും തകർത്ത് നേപ്പാൾ ടീം. ഏഷ്യൻ ഗെയിംസ് പുരുഷവിഭാഗം ക്രിക്കറ്റിൽ മംഗോളിയക്കെതിരെയായിരുന്നു നേപ്പാളിന്റെ പ്രകടനം. നേപ്പാൾ 20 ഓവറിൽ മൂന്നിന് 314 റണ്ണാണ് അടിച്ചുകൂട്ടിയത്. മംഗോളിയ 13.1 ഓവറിൽ 41 റണ്ണിന് പുറത്തായി. 273 റണ്ണിനാണ് നേപ്പാളിന്റെ ജയം.
റെക്കോഡുകൾ
3–-314: ട്വന്റി 20യിലെ ഏറ്റവും ഉയർന്ന സ്‌കോർ. അയർലൻഡിന്റെ 3–-278 എന്ന റെക്കോഡ് മറികടന്നു.
273 റൺ ജയം: ട്വന്റി 20യിലെ ഏറ്റവും വലിയ ജയം.
26 സിക്‌സറുകൾ: ഒരു ട്വന്റി 20 ഇന്നിങ്‌സിലെ കൂടുതൽ സിക്‌സറുകൾ. 212 റൺ ബൗണ്ടറികളിലൂടെയാണ് നേപ്പാൾ നേടിയത്. 14 ഫോറും ഉൾപ്പെടും.
ഒമ്പത് പന്തിൽ അരസെഞ്ചുറി തികച്ച ദിപേന്ദ്ര സിങ് ഐറീ റെക്കോഡിട്ടു. ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അരസെഞ്ചുറിയാണ് ദീപേന്ദ്രയ്‌ക്ക്. 10 പന്ത് നേരിട്ട 52 റണ്ണടിച്ച ദീപേന്ദ്രയുടെ ഇന്നിങ്‌സിൽ എട്ട് സിക്‌സറുകൾ ഉൾപ്പെട്ടു. 12 പന്തിൽ അരസെഞ്ചുറിയടിച്ച യുവരാജ് സിങ്ങിന്റെ റെക്കോഡാണ് മായ്‌ച്ചത്. ക്രിസ് ഗെയ്‌ൽ, ഹസ്‌റത്തുള്ള സസായ് എന്നിവരും 12 പന്തിൽ അരസെഞ്ചുറി നേടിയിട്ടുണ്ട്. 34 പന്തിൽ സെഞ്ചുറിയടിച്ച കുശാൽ മല്ലയും റെക്കോഡ് ബുക്കിൽ ഇടംകണ്ടു. ട്വന്റി 20യിലെ വേഗമേറിയ സെഞ്ചുറിയാണ്. 35 പന്തിൽ സെഞ്ചുറിനേടിയ ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറുടെ റെക്കോഡ് പഴങ്കഥയാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..