01 December Friday

ഏഷ്യന്‍ ഗെയിംസ്; ഹൈടെക് വിരുന്നൊരുക്കി ചൈന

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

ഹാങ്ചൗ> പഴയതും പുതിയതും വരാനിരിക്കുന്നതും ചേർത്തൊരു ഹൈടെക്‌ വിരുന്ന്‌. പാരമ്പര്യം മുഖമുദ്രയാക്കുമ്പോൾത്തന്നെ സാങ്കേതികവിദ്യയുടെ അടിത്തറയിൽ മെഗാഷോ. ഓരോ നിമിഷവും അത്ഭുതവും അവിശ്വസനീയതയും നിറഞ്ഞൊരു രണ്ടരമണിക്കൂർ സിനിമയെന്ന്‌ ലളിതമായി വിശേഷിപ്പിക്കാം. ഒളിമ്പിക്‌സ്‌ ചാമ്പ്യൻ വാങ് ഷുൻ ദീപം ജ്വലിപ്പിച്ച അതേനിമിഷം ആകാശത്തിലൂടെ പറന്നെത്തിയ നിർമിതബുദ്ധി അത്‌ലീറ്റും അതിൽ പങ്കാളിയായി. ചൈന കാലത്തിനുമുമ്പെ പറക്കുന്നുവെന്ന്‌ ഒരിക്കൽക്കൂടി വിളംബരം ചെയ്‌തു.
പാട്ടും നൃത്തവും കൊഴുപ്പിച്ച സന്ധ്യയിൽ ചൈന അവരുടെ കഥ പറഞ്ഞു. സംസ്‌കാരത്തിന്റെ വൈവിധ്യവും കരുത്തും ചിത്രീകരിച്ചു. സ്‌റ്റേഡിയത്തിൽ ചുവപ്പ്‌ പടരവെ ചൈനീസ്‌ പതാകയേന്തി സൈനികരെത്തി. പശ്‌ചാത്തലത്തിൽ വൻമതിലിന്റെ കൂറ്റൻ ചിത്രം തെളിഞ്ഞു.

കുട്ടികൾക്കൊപ്പം ഭാഗ്യചിഹ്നങ്ങൾ ചുവടുവച്ചു. റോബോട്ടുകളായ ചെൻചെൻ, കോങ്കോങ്, ലിയാൻലിയാൻ എന്നീ ഭാഗ്യചിഹ്നങ്ങൾ ഹാങ്ചൗ നഗരത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളങ്ങളാണ്‌. അവർക്കിടയിലൂടെ അത്‌ലീറ്റുകൾ സ്‌റ്റേഡിയത്തിലേക്ക്‌ ഒഴുകി. ആദ്യം ചുവടുവച്ചത്‌ അഫ്‌ഗാൻ ടീമാണ്‌. ഒമ്പതാമതായാണ്‌ ഇന്ത്യ എത്തിയത്‌. ഹോക്കി ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്ങും ബോക്‌സിങ് താരം ലവ്‌ലിനയും ചേർന്ന്‌ ദേശീയ പതാകയേന്തി. ഒപ്പം മറ്റു താരങ്ങൾ അണിനിരന്നു. പുരുഷതാരങ്ങൾ കുർത്തയണിഞ്ഞു. വനിതകൾക്ക്‌ സാരിയായിരുന്നു വേഷം.

ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിച്ചപ്പോൾ സ്‌റ്റേഡിയത്തിൽ നിലയ്‌ക്കാത്ത കരഘോഷം. ഭാവിയിലും ഹൃദയംചേർത്ത്‌ ഒരുമിച്ച്‌ നീങ്ങാമെന്ന്‌ ഇന്ത്യക്കാരനായ ഒളിമ്പിക്‌ കൗൺസിൽ ഓഫ്‌ ഏഷ്യ ആക്‌ടിങ് പ്രസിഡന്റ്‌ രാജ രൺധീർ സിങ്ങിന്റെ വാഗ്‌ദാനം.  ദീപം തെളിക്കാൻ നിയോഗിച്ചത്‌ ഒളിമ്പിക്‌സ്‌ ചാമ്പ്യൻമാരെയാണ്‌. നീന്തൽതാരം യി ഷി പെനും ടേബിൾടെന്നീസ്‌ താരം ഫാൻ സിനഡോങ്ങും ദീപശിഖയുമായി സ്‌റ്റേഡിയം വലംവച്ചു. ഒടുവിൽ ഒളിമ്പിക്‌സിലെ നീന്തൽ സ്വർണക്കാരൻ വാങ് ഷുൻ ദീപം ജ്വലിപ്പിച്ചു. അതേസമയം സ്‌റ്റേഡിയത്തിനുമുകളിൽ പ്രത്യക്ഷപ്പെട്ട നിർമിതബുദ്ധിയിൽ തീർത്ത രൂപം കാഴ്‌ചക്കാരെ അമ്പരപ്പിച്ചു. അത്‌ലീറ്റിന്റെ രൂപത്തിലുള്ള ആ രൂപവും ദീപം ജ്വലിപ്പിച്ചതോടെ പുതിയകാലത്ത്‌ കൂടുതൽ കരുത്തോടെ ഏഷ്യ കുതിക്കുമെന്ന വിളംബരമായി.

ടേബിൾ ടെന്നീസിൽ പ്രീക്വാർട്ടറിൽ

ഇന്ത്യൻ ടീം ടേബിൾടെന്നീസിൽ കുതിപ്പ്‌ തുടരുന്നു പുരുഷ, വനിതാ ടീമുകൾ പ്രീക്വാർട്ടറിൽ കടന്നു. പുരുഷവിഭാഗത്തിൽ മൂന്ന്‌ കളിയും ജയിച്ചു. യെമൻ, സിംഗപ്പൂർ എന്നീ ടീമുകളെ കീഴടക്കിയ ഇന്ത്യ അവസാന മത്സരത്തിൽ തജികിസ്ഥാനെയും മറികടന്നു. ഹർമീത്‌ ദേശായ്‌, മാനവ്‌ വികാസ്‌ ജാക്കർ, മാനുഷ്‌ ഉത്‌പൽ ഷാ എന്നിവർ മൂന്ന്‌ കളിയും ജയിച്ചു. പ്രീക്വാർട്ടറിൽ കസാഖ്‌സ്ഥാനാണ്‌ എതിരാളി. ജയിച്ചാൽ ക്വാർട്ടറിൽ ദക്ഷിണകൊറിയ കാത്തിരിക്കുന്നു.

വനിതകൾ നേപ്പാളിനെ പരാജയപ്പെടുത്തി. ദിയ പരാഗ്‌ ചിറ്റാലേ, അയിഹിക മുഖർജി, സുതീർഥ മുഖർജി എന്നിവർ അണിനിരന്നു. ഇന്ന്‌ പ്രീക്വാർട്ടറിൽ തായ്‌ലൻഡാണ്‌ എതിരാളി.

വോളി ഇന്ന്‌ വീണ്ടും

കോർട്ടിൽ പ്രകമ്പനം തീർത്ത ഇന്ത്യൻ പുരുഷ വോളിബോൾ ടീം  ഇന്ന്‌ സെമി ലക്ഷ്യമിട്ട്‌  ജപ്പാനെ നേരിടും. പകൽ 12നാണ്‌ മത്സരം. നിലവിലെ ജേതാക്കളാണ്‌ ജപ്പാൻ. റണ്ണറപ്പായ ദക്ഷിണകൊറിയയെയും വെങ്കലം നേടിയ ചൈനീസ്‌ തായ്‌പേയിയെയും തോൽപ്പിച്ചാണ്‌ ഇന്ത്യയുടെ കുതിപ്പ്‌. 

പുരുഷ ഫുട്‌ബോളിൽ മ്യാൻമറിനെതിരെ സമനില നേടിയാൽ പ്രീക്വാർട്ടറിലെത്താം. വൈകിട്ട്‌ അഞ്ചിനാണ്‌ കളി. ആദ്യമത്സരത്തിൽ ചൈനയോട്‌ തകർന്ന ഇന്ത്യ ബംഗ്ലാദേശിനെതിരെ ഒരുഗോൾ ജയവുമായി തിരിച്ചുവന്നതാണ്‌. വനിതകൾ ആദ്യകളിയിൽ പകൽ ഒന്നരയ്‌ക്ക്‌ തായ്‌ലൻഡിനെ നേരിടും.

വനിതാ ക്രിക്കറ്റ്‌ സെമിയിൽ ബംഗ്ലാദേശിനെ നേരിടും. പുരുഷ ഹോക്കിയിൽ രാവിലെ 8.45ന്‌ ഉസ്‌ബക്കിസ്ഥാനുമായി ഏറ്റുമുട്ടും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top