ഹാങ്ചൗ
ട്രാക്കിലും ഫീൽഡിലും ഏഷ്യൻ ആധിപത്യത്തിനായുള്ള പോര് ഇന്ന് തുടങ്ങും. ഹാങ്ചൗ ഒളിമ്പിക് സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിലാണ് അത്‌ലറ്റിക്‌സിലെ 48 ഇനങ്ങൾ. ആദ്യദിവസം അഞ്ച് ഫൈനലുണ്ട്. പുരുഷ–-വനിത 20 കിലോമീറ്റർ നടത്തത്തോടെയാണ് തുടക്കം. ഗെയിംസിന്റെ അവസാനദിനമായ ഒക്‌ടോബർ അഞ്ചുവരെ അത്‌ലറ്റിക്‌സുണ്ട്.
ഏഷ്യയിലെ ഒളിമ്പ്യൻമാരും ലോകമെഡൽ ജേതാക്കളും അണിനിരക്കുന്ന വേദിയിൽ ചൈനതന്നെയാണ് മെഡൽ വേട്ടക്കാർ. ജപ്പാനും ഇന്ത്യക്കുംപുറമെ ആഫ്രിക്കൻ കരുത്തുമായി ബഹ്‌റൈനും ഖത്തറും വെല്ലുവിളി ഉയർത്തും.
ജാവലിൻത്രോയിൽ ലോക–-ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര (ഇന്ത്യ), ഹൈജമ്പിൽ മുതാസ് ഇസ ബർഷിം (ഖത്തർ), ഷോട്ട്‌പുട്ടിൽ ഗോങ് ജിയാവോ (ചൈന), ജാവലിൻത്രോയിൽ അർഷാദ് നദീം (പാകിസ്ഥാൻ), സ്‌പ്രിന്റ് ഇനങ്ങളിൽ ശാന്തി പെരേര (സിംഗപ്പൂർ) എന്നീ പ്രമുഖ അത്‌ലീറ്റുകൾ തീപാറുന്ന പോരാട്ടത്തിനുണ്ടാകും. 2018ൽ ജക്കാർത്തയിൽ നടന്ന അവസാന ഗെയിംസിൽ 12 സ്വർണമടക്കം 34 മെഡലുമായി ചൈന ട്രാക്ക് വാണിരുന്നു. ബഹ്‌റൈൻ 10 സ്വർണത്തോടെ രണ്ടാംസ്ഥാനം നേടി. ഇന്ത്യക്ക് മൂന്നാംസ്ഥാനമായിരുന്നു. എട്ട് സ്വർണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 20 മെഡൽ. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മൂന്നാമത്തെ മികച്ച പ്രകടനമാണിത്.
ഡൽഹിയിൽ നടന്ന പ്രഥമ ഗെയിംസിലാണ് ഏറ്റവും വലിയ നേട്ടം. 1951ലെ ഗെയിംസിൽ 10 സ്വർണവും 12 വീതം വെള്ളിയും വെങ്കലവും സ്വന്തമാക്കിയിരുന്നു. രണ്ടാംസ്ഥാനത്തെത്തിയ ഈ 34 മെഡൽ പ്രകടനത്തിന് അടുത്തെങ്ങും പിന്നീട് വന്നില്ല. വീണ്ടും 1982ൽ ഡൽഹി വേദിയായപ്പോൾ നാല് സ്വർണമടക്കം 21 മെഡൽ നേടി.
ഇന്ത്യക്ക് ഇത്തവണ വൻ സംഘമാണ്. 68 അംഗ ടീമിൽ 35 പുരുഷന്മാരും 33 വനിതകളുമുണ്ട്. കഴിഞ്ഞതവണത്തെ മെഡൽ ജേതാക്കളും ഉൾപ്പെടുന്നു. നീരജ് ചോപ്രതന്നെ സൂപ്പർ താരം. ജാവലിൻത്രോയിൽ നീരജിനൊപ്പം ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ കിഷോർകുമാർ ജെനയുമുണ്ട്. ഷോട്ട്‌പുട്ടിൽ തജീന്ദർപാൽ സിങ് ടൂറും 1500 മീറ്റിൽ ജിൻസൻ ജോൺസനും സ്വർണം ആവർത്തിക്കാനിറങ്ങുന്നു. ലോങ്ജമ്പിൽ എം ശ്രീശങ്കർ, ജെസ്വിൻ ആൽഡ്രിൻ എന്നിവർ മെഡൽ പ്രതീക്ഷയാണ്. ട്രിപ്പിൾജമ്പിൽ അബ്‌ദുള്ള അബൂബക്കറും പ്രവീൺ ചിത്രവേലുമുണ്ട്. 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ അവിനാഷ് സാബ്‌ലെ ഉറച്ച മെഡലാണ്. ഡെക്കാത്‌ലണിൽ തേജസ്വിൻ ശങ്കറുണ്ട്.
വനിതകളുടെ 3000 മീറ്റർ സ്‌റ്റീപ്പിൾചേസിൽ പാരുൾ ചൗധരി, ഹെപ്‌റ്റാത്‌ലണിൽ സ്വപ്‌ന ബർമൻ, ജാവലിൻത്രോയിൽ അന്നുറാണി, ലോങ്ജമ്പിൽ ശൈലി സിങ്, ഷോട്ട്‌പുട്ടിൽ മൻപ്രീത് കൗർ, 100 മീറ്റർ ഹർഡിൽസിൽ ജ്യോതി യാരാജി എന്നിവരുണ്ട്.
റിലേ ടീമിൽ നല്ല പ്രതീക്ഷയാണ്. പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേ ടീം ലോക ചാമ്പ്യഷിപ്പിൽ മികച്ച പ്രകടനത്തോടെ ഏഷ്യൻ റെക്കോഡിട്ടിരുന്നു. അതാവർത്തിച്ചാൽ സ്വർണമുറപ്പ്. മിക്സ്‌ഡ് റിലേയിലും വനിതാ റിലേയിലും കഴിഞ്ഞതവണ സ്വർണമുണ്ട്.
മലയാളികൾ 12
ഇന്ത്യൻ അത്‌ലറ്റിക്‌സ് ടീമിൽ 12 മലയാളികൾ. അതിൽ മൂന്നുപേർ വനിതകളാണ്. എം ശ്രീശങ്കർ ലോങ്ജമ്പിലും അബ്‌ദുള്ള അബൂബക്കർ ട്രിപ്പിൾജമ്പിലും മത്സരിക്കും. ജിൻസൺ ജോൺസൺ 1500 മീറ്ററിലാണ്. മുഹമ്മദ് അഫ്‌സലിന്റെ ഇനം 800 മീറ്റർ. റിലേ ടീമിൽ ഉള്ള മുഹമ്മദ് അനസും മുഹമ്മദ് അജ്‌മലും 400 മീറ്ററിലും ട്രാക്കിലിറങ്ങും. രാഹുൽ ബേബി, അമോജ് ജേക്കബ്, മിജോ ചാക്കോ എന്നിവരാണ് മറ്റ് റിലേ ടീം അംഗങ്ങൾ. വനിതകളിൽ ആൻസി സോജൻ ലോങ്ജമ്പിലുണ്ട്. വി ഷീനയ്‌ക്ക് ട്രിപ്പിൾജമ്പാണ്. ജിസ്‌ന മാത്യു രണ്ട് റിലേ ടീമിലുണ്ട്.
ഇന്ത്യ ഇന്ന്
വനിതകളുടെ 20 കിലോമീറ്റർ
നടത്തം പ്രിയങ്ക ഗോസ്വാമി:-
രാവിലെ 4.30 മുതൽ
പുരുഷന്മാരുടെ 20 കിലോമീറ്റർ
നടത്തം: സന്ദീപ്‌കുമാർ, വികാസ് സിങ്–-രാവിലെ 4.30 മുതൽ
വനിതകളുടെ ഹാമർത്രോ :
തന്യ ചൗധരി, രചന കുമാരി–-
വെെകിട്ട് 4.30
പുരുഷ–-വനിത 400 മീറ്റർ
ആദ്യറൗണ്ട്: മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, ഐശ്വര്യ കൈലാഷ് മിശ്ര, ഹിമാൻഷി മാലിക്–-പകൽ 4.30 മുതൽ
വനിതാ ഷോട്ട്‌പുട്ട് :കിരൺ ബലിയാൻ, മൻപ്രീത് കൗർ–-വെെകിട്ട് 6.15
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..