03 December Sunday

ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ : ഇന്ത്യ 
കീഴടങ്ങി ; ഗില്ലിന്റെ സെഞ്ചുറി പാഴായി

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2023

image credit Asian Cricket Council facebook



കൊളംബോ
ഓപ്പണർ ശുഭ്‌മാൻ ഗില്ലിന്റെ വീരോചിത സെഞ്ചുറി പാഴായി. ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ്‌ ആറ്‌ റണ്ണിന്‌ ഇന്ത്യയെ തോൽപ്പിച്ചു. അഞ്ചാം സെഞ്ചുറി നേടിയ ഗിൽ 133 പന്തിൽ 121 റണ്ണെടുത്തു. എട്ടാമനായി ഇറങ്ങി അക്‌സർ പട്ടേൽ (34 പന്തിൽ 42) പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. 11 വർഷത്തിനുശേഷമാണ്‌ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ വിജയം. സ്‌കോർ: ബംഗ്ലാദേശ്‌ 8–-265, ഇന്ത്യ 259 (49.5).

ബംഗ്ലാദേശ്‌ ടൂർണമെന്റിൽനിന്ന്‌ നേരത്തേ പുറത്തായതാണ്‌. ഇന്ന്‌ കളിയില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഫൈനൽ നാളെ നടക്കും. ടൂർണമെന്റിലെ  ആദ്യ തോൽവിയാണ്‌. ഇതിനുമുമ്പ്‌ 2012 ഏഷ്യാകപ്പിലാണ്‌ ബംഗ്ലാദേശ്‌ ഇന്ത്യയെ തോൽപ്പിക്കുന്നത്‌. അവസാന ഓവറിൽ ജയിക്കാൻ 12 റൺ മതിയായിരുന്നു. മുഹമ്മദ്‌ ഷമിയും പ്രസിദ്ധ്‌കൃഷ്‌ണയുമായിരുന്നു ക്രീസിൽ. തൻസീം ഹസ്സന്റെ ആദ്യ പന്ത്‌ ഷമിയുടെ ഹെൽമറ്റിൽ തട്ടി. അടുത്ത മൂന്ന്‌ പന്തും തൊടാനായില്ല. നാലാംപന്തിൽ ഫോറടിച്ചു. ജയിക്കാൻ രണ്ട്‌ പന്തിൽ എട്ട്‌ റൺ. അഞ്ചാംപന്തിൽ രണ്ടു റണ്ണിനായുള്ള ഓട്ടത്തിൽ ഷമി (6) റണ്ണൗട്ടായി.

വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ്‌ പേസർ തൻസിം ഹസ്സൻ സാകിബ്‌ ഞെട്ടിച്ചു. രണ്ടാംപന്തിൽ ക്യാപ്‌റ്റൻ രോഹിത്‌ ശർമ പൂജ്യത്തിന്‌ പുറത്ത്‌. ആദ്യ ഏകദിനത്തിനിറങ്ങിയ തിലക്‌ വർമയ്‌ക്കും (5) പിഴച്ചു. ഈ വിക്കറ്റും തൻസിം കൊണ്ടുപോയി. ഓപ്പണർ ശുഭ്‌മാൻ ഗില്ലും കെ എൽ രാഹുലും (19) രക്ഷാപ്രവർത്തനം നടത്തി. ഇരുവരും മൂന്നാംവിക്കറ്റിൽ 57 റണ്ണെടുത്തു. ഒരറ്റത്ത്‌ വിക്കറ്റ്‌ കൊഴിഞ്ഞപ്പോൾ ഗിൽ ഏകനായി പൊരുതി. 117 പന്തിലാണ്‌ അഞ്ചാം സെഞ്ചുറി പിറന്നത്‌. എട്ട്‌ ഫോറും അഞ്ച്‌ സിക്‌സറും പറത്തി. 44–-ാംഓവറിൽ ഗിൽ പുറത്തായി. ഈ ടൂർണമെന്റിൽ റണ്ണടിയിൽ ഒന്നാമനാണ്‌. ഇഷാൻ കിഷനും (5) രവീന്ദ്ര ജഡേജയും (7) വേഗം മടങ്ങി. സൂര്യകുമാർ യാദവ്‌ 34 പന്തിൽ 26 റണ്ണെടുത്തു. എട്ടാംവിക്കറ്റിൽ ശാർദുൽ ഠാക്കൂറും (11) അക്‌സറും 40 റണ്ണടിച്ചു. ബംഗ്ലാദേശിനായി മുസ്‌തഫിസുർ റഹ്‌മാൻ മൂന്ന്‌ വിക്കറ്റെടുത്തു. തൻസിമിനും മെഹ്‌ദി ഹസ്സനും രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്‌ 14 ഓവറിൽ 59 റണ്ണിന്‌ നാല്‌ വിക്കറ്റ്‌ നഷ്‌ടപ്പെട്ടതായിരുന്നു. ഓപ്പണർമാരായ തൻസിദ്‌ ഹസ്സനും (13) ലിറ്റൺ ദാസും (0) ഇന്ത്യൻ പേസർമാർക്കുമുന്നിൽ വീണു. ക്യാപ്‌റ്റൻ ഷാകിബ്‌ അൽ ഹസ്സനും തൗഹിദ്‌ ഹൃദോയിയും ചേർന്നാണ്‌ കരകയറ്റിയത്‌. ഇരുവരും അഞ്ചാംവിക്കറ്റിൽ 101 റണ്ണെടുത്തു. ഷാകിബ്‌ 85 പന്തിൽ 80 റൺ നേടി. അതിൽ എട്ട്‌ ഫോറും മൂന്ന്‌ സിക്‌സറും ഉൾപ്പെട്ടു. തൗഹിദിന്‌ 54 റണ്ണുണ്ട്‌. എട്ടാമനായ നാസും അഹമ്മദിന്റെ 44 റൺ സ്‌കോർ ഉയർത്താൻ സഹായിച്ചു. ഒമ്പതാമനായി ഇറങ്ങിയ മെഹ്‌ദി ഹസ്സൻ 29 റണ്ണുമായി പുറത്താകാതെനിന്നു.

ഇന്ത്യൻ നിരയിൽ ശാർദുൽ മൂന്ന്‌ വിക്കറ്റെടുത്തു. ഷമിക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. അഞ്ചു മാറ്റങ്ങളുമായാണ്‌ ഇന്ത്യ ഇറങ്ങിയത്‌. ശ്രീലങ്കയെ തോൽപ്പിച്ച ടീമിൽ ഉണ്ടായിരുന്ന വിരാട്‌ കോഹ്‌ലി, ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌, ഹാർദിക്‌ പാണ്ഡ്യ, കുൽദീപ്‌ യാദവ്‌ എന്നിവർക്ക്‌ വിശ്രമം അനുവദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top