കൊളംബോ
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയാം. സൂപ്പർഫോറിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ് ഇന്ന് കളി. ജയിക്കുന്ന ടീം ഫൈനലിലെത്തും. മഴകാരണം കളി മുടങ്ങിയാൽ ലങ്കയ്‌ക്കാണ് സാധ്യത. കഴിഞ്ഞദിവസം ലങ്കയെ 41 റണ്ണിന് കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നാലാമത്തെ ടീമായ ബംഗ്ലാദേശ് പുറത്തായി. ഞായറാഴ്‌ചയാണ് ഫൈനൽ.
പേസർമാരുടെ പരിക്കാണ് പാകിസ്ഥാനെ അലട്ടുന്നത്. ഹാരിസ് റൗഫും നസീം ഷായും ഇന്ന് കളിക്കില്ല. ഇരുവർക്കും ഇന്ത്യയുമായുള്ള മത്സരത്തിനിടെ പരിക്കേൽക്കുകയായിരുന്നു. ഷഹ്‌നവാസ് ദഹാനിയും സമൻ ഖാനുമാണ് പകരക്കാർ. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന ബൗളറാണ് സമൻ. ബാറ്റിങ് നിര നേപ്പാളിനെതിരെ ശോഭിച്ചതല്ലാതെ പിന്നെ കളംപിടിച്ചിട്ടില്ല. ക്യാപ്‌റ്റൻ ബാബർ അസം, ഓപ്പണർമാരായ ഫഖർ സമാൻ, ഇമാം ഉൾ ഹഖ് എന്നിവരെ കൂടുതൽ ആശ്രയിക്കേണ്ടിവരുന്നതാണ് പാകിസ്ഥാന്റെ പ്രശ്‌നം. മുഹമ്മദ് റിസ്വാനും ആഗ സൽമാനും റൺ കണ്ടെത്തുന്നില്ല.
ലങ്ക അവസാനകളിയിൽ ഇന്ത്യയോട് പൊരുതിത്തോറ്റതാണ്. 214 റൺ ലക്ഷ്യവുമായി ഇറങ്ങിയ ലങ്ക ഇരുപതുകാരൻ ദുനിത് വെല്ലാലഗെയുടെ പ്രകടത്തിന്റെ ബലത്തിൽ ജയം പ്രതീക്ഷിച്ചതാണ്. എന്നാൽ, ഇന്ത്യൻ സ്‌പിന്നർ കുൽദീപ് യാദവ് നാല് വിക്കറ്റുമായി കളി തിരിച്ചു. തുടർച്ചയായ 13 ജയങ്ങൾക്കുശേഷമായിരുന്നു ലങ്കയുടെ തോൽവി. വല്ലാലഗെ, മതീഷ പതിരണ, മഹീഷ് തീക്ഷണ എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷകൾ.
പട്ടികയിൽ ഇന്ത്യക്ക് നാല് പോയിന്റാണ്. ലങ്കയ്‌ക്കും പാകിസ്ഥാനും രണ്ടുവീതം. ഇതിൽ പാകിസ്ഥാന്റെ റൺനിരക്ക് മോശമാണ്. ഇന്ത്യയോടുള്ള കൂറ്റൻ തോൽവിയാണ് കാരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..