04 December Monday

ഇന്ത്യക്ക് കൂറ്റൻ ജയം ; പാകിസ്ഥാനെ 228 റണ്ണിന്‌ തകർത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023

image credit Asian Cricket Council facebook


കൊളംബോ
മഴക്കളിയിൽ വെടിക്കെട്ട്‌ നടത്തിയ ഇന്ത്യക്ക്‌ കൂറ്റൻ ജയം. ഏഷ്യാകപ്പ്‌ ക്രിക്കറ്റ്‌ സൂപ്പർഫോറിൽ പാകിസ്ഥാനെ 228 റണ്ണിന്‌ തരിപ്പണമാക്കി. എട്ട്‌ ഓവറിൽ 25 റൺ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്ത സ്‌പിന്നർ കുൽദീപ്‌ യാദവാണ്‌ അയൽക്കാരുടെ കഥ കഴിച്ചത്‌. റണ്ണിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനെതിരെ നേടുന്ന വലിയ വിജയമാണ്‌.

സ്‌കോർ: ഇന്ത്യ 2–-356 (50 ഓവർ), പാകിസ്ഥാൻ 128 (32)

മഴമൂലം രണ്ടുദിവസമായി നടന്ന കളിയിൽ ബാറ്റിലും പന്തിലും ഇന്ത്യക്കായിരുന്നു നിയന്ത്രണം. പകരംദിനത്തിൽ വിരാട്‌ കോഹ്‌ലിയും (94 പന്തിൽ 122) കെ എൽ രാഹുലും (106 പന്തിൽ 111) സെഞ്ചുറിയുമായി കളംവാണപ്പോൾ ഇന്ത്യ 2–-356 റണ്ണാണ്‌ അടിച്ചുകൂട്ടിയത്‌. 223 റണ്ണിന്റെ സഖ്യമാണ്‌ ഇരുവരും പടുത്തുയർത്തിയത്‌. പാകിസ്ഥാനെതിരെയുള്ള മികച്ച കൂട്ടുകെട്ട്‌. ആദ്യദിനം രോഹിത്‌ ശർമയും (56) ശുഭ്‌മാൻ ഗില്ലും (58) അർധ സെഞ്ചുറി നേടിയിരുന്നു.

ഏകദിനത്തിൽ 47–-ാംസെഞ്ചുറിയാണ്‌ കോഹ്‌ലിക്ക്‌. സച്ചിൻ ടെൻഡുൽക്കറുടെ 49 സെഞ്ചുറിക്ക്‌ തൊട്ടരികിലെത്തി. ഏകദിനത്തിൽ 13,000 റണ്ണും തികച്ചു. ഏറ്റവും വേഗത്തിൽ ഈ കടമ്പ കടക്കുന്ന  ബാറ്ററുമായി. 267 ഇന്നിങ്‌സിൽ 13,024 റണ്ണായി. സച്ചിൻ ടെൻഡുൽക്കറുടെ (321 ഇന്നിങ്സ്‌) റെക്കോഡാണ്‌ തിരുത്തിയത്‌. പകരംദിനത്തിൽ 24.1 ഓവറിൽ 2–-147 എന്ന നിലയിലാണ്‌ ഇന്ത്യ കളി പുനരാരംഭിച്ചത്‌. മഴകാരണം കളി തുടങ്ങാൻ വൈകി. രാഹുലിന്റെ സ്‌കോർ പതിനേഴും കോഹ്‌ലിയുടേത്‌ എട്ടുമായിരുന്നു. ഏകദിനത്തിലെ ഏഴാംസെഞ്ചുറിയാണ്‌ രാഹുൽ നേടിയത്‌. രണ്ട്‌ സിക്‌സറും 12 ഫോറും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. കോഹ്‌ലിയുടെ ഇന്നിങ്‌സിൽ മൂന്ന്‌ സിക്‌സറും ഒമ്പത്‌ ഫോറുമായിരുന്നു. പാകിസ്ഥാനെതിരെയുള്ള ഏറ്റവും ഉയർന്ന സ്‌കോറിനൊപ്പമെത്തിയാണ്‌ ഇന്ത്യ അവസാനിപ്പിച്ചത്‌. മറുപടിക്കെത്തിയ പാകിസ്ഥാൻ നിരയിൽ ഓപ്പണർ ഫഖർ സമാനാണ്‌ (27) ടോപ്‌ സ്‌കോറർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top