26 April Friday
അല്ലിസ്റ്ററും അൽവാരസും ഗോളടിച്ചു ,മെസിയുടെ പെനൽറ്റി 
സ്‌റ്റെസ്‌നി തടഞ്ഞു

ജ്വലിച്ചു ; അർജന്റീന പ്രീ ക്വാർട്ടറിലേക്ക്‌

ഖത്തറിൽനിന്ന് 
ആർ രഞ്ജിത്Updated: Thursday Dec 1, 2022

image credit FIFA WORLD CUP twitter


ഒടുവിൽ അർജന്റീനയുടെ അതിമനോഹരമായ തിരിച്ചുവരവ്‌. സൗദി അറേബ്യക്ക്‌ മുന്നിൽ വാടിക്കരിഞ്ഞ ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർ നിർണായക നിമിഷത്തിൽ ജ്വലിച്ചുയർന്നു. റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ച്‌ ലയണൽ മെസിയുടെ അർജന്റീന ഗ്രൂപ്പ്‌ സി ചാമ്പ്യൻമാരായി ലോകകപ്പ്‌ പ്രീ ക്വാർട്ടറിലേക്ക്‌ കുതിച്ചു. 
    അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററും ജൂലിയൻ അൽവാരസും തൊടുത്ത ഗോളുകളിലായിരുന്നു മുന്നേറ്റം. ആദ്യഘട്ടത്തിൽ ലയണൽ മെസിയുടെ പെനൽറ്റി പോളണ്ട്‌ ഗോൾ കീപ്പർ വോജിയെക്‌ സ്‌റ്റെസ്‌നി തടഞ്ഞെങ്കിലും അർജന്റീന തളർന്നില്ല.

ആറ്‌ പോയിന്റുമായാണ്‌ അർജന്റീന മുന്നേറിയത്‌. പ്രീക്വാർട്ടറിൽ ഓസ്‌ട്രേലിയ എതിരാളികൾ. പോളണ്ട്‌ നാല്‌ പോയിന്റുമായി രണ്ടാംസ്ഥാനക്കാരായി. ഫ്രാൻസാണ്‌ പ്രീക്വാർട്ടർ എതിരാളികൾ. പോളണ്ടിനെതിരെ അർന്റീനയുടെ കാലുകളിലായിരുന്നു കളി മുഴുവൻ. ഒന്നിനു പിറകെ ഒന്നായി അവർ ആക്രമണങ്ങൾ നെയ്‌തു. ഇടതുവശത്ത്‌ മാർകോസ്‌ അക്യുനയാണ്‌ ബോക്‌സിലേക്ക്‌ നിരന്തരം പന്തൊഴുക്കിയത്‌. എല്ലാത്തിനുംമുന്നിൽ സ്‌റ്റെസ്‌നി വൻമതിലായി നിന്നു. മെസിയുടെ പെനൽറ്റി ഗംഭീരമായ ചാട്ടത്തിലൂടെ, ഒറ്റക്കൈ കൊണ്ട്‌ സ്‌റ്റെസ്‌നി തട്ടിയകറ്റി. പന്ത്‌ തടയുന്നതിനിടയിൽ സ്‌റ്റെസ്‌നിയുടെ കൈ മെസിയുടെ മുഖത്ത്‌ തട്ടിയതിനായിരുന്നു പെനൽറ്റി. വാർ പരിശോധനയിലാണ്‌ തീരുമാനം. ആറ്‌ സേവുകളാണ്‌ സ്‌റ്റെസ്‌നി ആദ്യപകുതിയിൽ തന്നെ നടത്തിയത്‌.

രണ്ടാംപകുതിയുടെ തുടക്കത്തിൽതന്നെ അർജന്റീന കെട്ടുപൊട്ടിച്ചു. അലെക്‌സിസ്‌ മക്‌ അല്ലിസ്‌റ്ററുടെ മിന്നുന്ന ഗോളിൽ അതുവരെ കോട്ടകാത്ത സ്‌റ്റെസ്‌നി നിലംപതിച്ചു. ഏയ്‌ഞ്ചൽ ഡി മരിയയാണ്‌ തുടക്കമിട്ടത്‌. ഡി മരിയ വലതുവശത്തിലൂടെ കുതിച്ചു. പിന്നെ മൊളീനയിലേക്കുള്ള നീക്കം. മൊളീനയുടെ ക്രോസ്‌ അല്ലിസ്‌റ്റർ വലയുടെ ഇടതുമൂലയിലേക്ക്‌ തൊടുത്തു. സ്‌റ്റെസ്‌സിക്ക്‌ എത്തിപ്പിടിക്കാനായില്ല. ആ ഗോളിൽ അർജന്റീന ആക്രമണം ഒന്നുകൂടി ശക്തമാക്കി.

67–-ാം മിനിറ്റിൽ അൽവാരെസിന്റെ മനോഹര ഗോളിൽ അർജന്റീന നേടി. എൺസോ ഫെർണാണ്ടസാണ്‌ അവസരമൊരുക്കിയത്‌. പെനൽറ്റി പാഴാക്കിയെങ്കിലും മെസി കളംനിറഞ്ഞ്‌ കളിച്ചു. അവസാന ഘട്ടത്തിൽ ഈ മുപ്പത്തഞ്ചുകാരന്റെ കനത്ത ഷോട്ട്‌ സ്‌റ്റെസ്‌നി പിടിയിലൊതുക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top