10 December Sunday

മരുഭൂമിയിൽ മരണക്കാറ്റോ ?

ഖത്തറിൽനിന്ന് 
ആർ രഞ്ജിത്Updated: Tuesday Nov 22, 2022


സലേഹ്‌ അൽ ഷെഹ്‌രി, സലേം അൽ ദോസരി. സൗദി അറേബ്യയുടെ ഫുട്‌ബോൾ ചരിത്രം ഈ രണ്ടുപേരുകളിൽ കുറിക്കപ്പെട്ടിരിക്കുന്നു. സൗദിയുടെ വരുംതലമുറയ്ക്ക്‌ വാഴ്‌ത്തിപ്പാടാനുള്ള അത്ഭുതകഥകൾ ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ അവർ എഴുതി. മറുവശം, നിധി തേടി വന്ന ലയണൽ മെസിയും സംഘവും മണൽക്കാറ്റിൽ മരവിച്ചുപോയി. ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീനയെന്നത് 11 പേർ അണിനിരന്ന ഒരു ടീംമാത്രമായിരുന്നു സൗദിക്ക്. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികവുറ്റ പോരാട്ടത്തിലൂടെയാണ് ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരെ സൗദി വീഴ്ത്തിയത്.

മെസിയുടെ പെനൽറ്റി ഗോളിൽ തുടക്കത്തിൽത്തന്നെ മുന്നിലെത്തിയപ്പോൾ തോൽവിയില്ലാക്കളികളിൽ ഒരെണ്ണംകൂടി എഴുതിച്ചേർക്കാമെന്ന് മാത്രമായിരുന്നു പരിശീലകൻ ലയണൽ സ്കലോണിയുടെ മനസ്സിൽ. തുടർച്ചയായി മൂന്ന് ഗോളുകൾ ഓഫ് സെെഡ് വിളിച്ചപ്പോഴും സ്കലോണിയുടെ മുഖത്ത് പുഞ്ചിരി മാഞ്ഞിരുന്നില്ല. കളി വിവരണക്കാർ അതുവരെ കാണാത്ത മെസിയുടെ ആത്മവിശ്വാസത്തെക്കുറിച്ച് പറഞ്ഞു. റാങ്കിങ് പട്ടികയിലെ 51-–ാംസ്ഥാനക്കാരും ഓർക്കാൻ 1994ലെ പ്രീക്വാർട്ടർ പ്രവേശവുംമാത്രമുള്ള സൗദിയുടെ ഉള്ളിലുറഞ്ഞ വീര്യത്തെ ആരുംകണ്ടില്ല. ലോകകപ്പിനെത്തിയ ടീമുകളിൽ ഘാനമാത്രമാണ് സൗദിക്ക് പിന്നിലുള്ളത്. കണക്കുകൾ കണക്കുകളായിത്തന്നെ അവസാനിച്ചു. കളത്തിൽ താരങ്ങളല്ല പോരാളികൾ ജയിക്കുമെന്ന് കാണിച്ചുകൊടുത്ത നിമിഷങ്ങളായിരുന്നു രണ്ടാംപകുതിയിൽ കണ്ടത്. ഓഫ് സെെഡ് കെണിയിൽ ആദ്യഘട്ടത്തിൽ അർജന്റീനയെ അസ്വസ്ഥരാക്കിയ സൗദി രണ്ടാംഘട്ടത്തിൽ ആക്രമണത്തിന്റെ സംഹാരഭാവംപൂണ്ടു. സ്കലോണിയുടെ സംഘത്തിലെ നാലുപേരാണ് 34 വയസ്സുപിന്നിട്ടവർ. അവസാന അരമണിക്കൂറിൽ അവരുടെ കാലുകൾ തളരാൻ തുടങ്ങി.

അഞ്ച് മിനിറ്റിലാണ് സൗദി കളിയുടെ കഥ മാറ്റിയത്. 48–ാംമിനിറ്റിൽ ഷെഹ്‌രിയുടെ ഷോട്ട് വലയിൽ കയറുമ്പോൾ സ്കലോണി പകരക്കാരുടെ നിരയിലേക്ക് ഭീതിയോടെ നോക്കി. അഞ്ച് മിനിറ്റിനുള്ളിൽ ദോസരിയുടെ ഗംഭീര ഗോൾ എമിലിയാനോ മാർട്ടിനെസിനെ കീഴടക്കി അർജന്റീന ഹൃദയത്തിൽ തറച്ചു. സ്കലോണിയുടെ മുഖം വിവർണമായി. മെസിയുടെ മുഖംകുനിഞ്ഞു. ഒട്ടമെൻഡിയുടെയും റോഡ്രിഗോ ഡി പോളിന്റെയും കാലുകൾ തളർന്നു. എയ്ഞ്ചൽ ഡി മരിയ ചിത്രത്തിലുണ്ടായില്ല. ആശയങ്ങളറ്റ സ്കലോണി മൂന്ന് മാറ്റങ്ങൾ വരുത്തിയെങ്കിലും കളി പൂർണമായും അർജന്റീനയുടെ കാലിൽനിന്ന് വഴുതിയിരുന്നു. ഹൃദയംകൊണ്ട് കളിച്ച സൗദി ഒരു പഴുതും നൽകിയില്ല. ഗോൾ കീപ്പർ  മുഹമ്മദ് അൽ ഒവെെസ് ആത്മവിശ്വാസത്തിന്റെ അടയാളമായി. മെസിയുടെയും നിക്കോളാസ് താഗ്ലിയാഫിക്കോയുടെയും ഗോളെന്നുറച്ച ഷോട്ടുകളെയാണ് ഒവെെസ് തടഞ്ഞത്.


 

ഷെഹ്‌രിയുടെ വെടിച്ചില്ല്‌
അർജന്റീനയുടെ നെഞ്ചിലേക്ക്‌ ആദ്യ വെടിച്ചില്ല്‌ പായിച്ചത്‌ സലേ അൽ ഷെഹ്‌രി. 48–-ാം മിനിറ്റ്‌. ക്രിസ്‌റ്റ്യൻ റൊമേറോയുടെ ദുർബല പ്രതിരോധത്തെ മറികടന്ന്‌ ഷെഹ്‌രി തൊടുത്ത ഷോട്ട്‌ തടയാൻ മാർട്ടിനെസിനും കഴിഞ്ഞില്ല. അർജന്റീനയുടെ ഹൃദയം തകർത്തു ആ ഗോൾ.  സൗദിയിലെ അൽ ഹിലാൽ ക്ലബ്ബിലെ പ്രധാന സ്‌ട്രൈക്കറാണ്‌. യൂറോപ്യൻ ലീഗിൽ ഗോൾ നേടിയ ആദ്യ സൗദി അറേബ്യൻ താരമാണ്‌ ഇരുപത്തൊമ്പതുകാരനായ അൽ ഷെഹ്-രി. 2012–-13 സീസണിൽ പോർച്ചുഗീസ്‌ ലീഗായ ലിഗ പോർച്ചുഗലിലായിരുന്നു ഗോൾനേട്ടം.

ഉറപ്പിച്ചു ദോസരി
53–-ാം മിനിറ്റ്‌. വീണ്ടും സൗദിയുടെ ആക്രമണം. വലതുപാർശ്വത്തിലൂടെ മുന്നേറ്റം. പന്ത്‌ ബോക്‌സിൽവച്ച്‌ തട്ടിത്തെറിച്ചു. അർജന്റീന പ്രതിരോധത്തിന്‌ അപകടമൊഴിവാക്കാനായില്ല. പന്ത്‌ ദോസരിയുടെ കാലിൽ. വലംകാൽകൊണ്ട്‌ മനോഹരമായ ഷോട്ട്‌. അത്‌ വളഞ്ഞിറങ്ങിയ വലയിൽ പതിച്ചു. അർജന്റീന തകർന്നു. ദോസരി അൽ ഹിലാൽ ക്ലബ്ബിലെ വിങ്ങറാണ്‌. 2014 ബ്രസീൽ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലാണ്‌ ആദ്യമായി സൗദി കുപ്പായമണിഞ്ഞത്‌. 2012ൽ യോഗ്യതാമത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗദിക്കായി ആദ്യഗോൾ കണ്ടെത്തി.

ആ നമിഷം, അൽ അമ് രി
92–-ാം മിനിറ്റ്‌. അർജന്റീന സമനില നേടി എന്ന്‌ തോന്നിച്ച നിമിഷം. ഗോൾ കീപ്പർ അൽ ഒവൈസ്‌ പന്ത്‌ കുത്തിയകറ്റിയെങ്കിലും അപകടമൊഴിഞ്ഞില്ല. ജൂലിയൻ അൽവാരെസിന്റെ കാലിലാണ്‌ കിട്ടിയത്‌. ലക്ഷ്യത്തിലേക്ക്‌ തൊടുക്കുമ്പോഴും ഒവൈസ്‌ വലയ്‌ക്ക്‌ മുന്നിൽ എത്തിയിരുന്നില്ല. ആ നിമിഷം അബ്‌ദുലെലാഹ്‌ അൽ അമ്‌രി അവതരിച്ചു. അൽവാരസിന്റെ ഷോട്ട്‌ അമ്‌രി തലകൊണ്ട്‌ കുത്തിയകറ്റി.

ഒവൈസിന്റെ കോട്ട
സൗദി ഗോൾമുഖത്ത്‌ നൃത്തം ചവിട്ടിയ ഗോളി മുഹമ്മദ്‌ അൽ ഒവൈസിനെമറികടക്കാൻ അർജന്റീനയ്‌ക്കായില്ല. ബോക്‌സിന്‌ അകത്തും പുറത്തും ഒവൈസ്‌ നടത്തിയ മിന്നൽനീക്കങ്ങളിൽ അർജന്റീന തളർന്നു. രണ്ടാംപകുതിയിൽ നിക്കോളാസ്‌ താഗ്ലിയാഫികോയുടെ ക്ലോസ്‌ റേഞ്ച്‌ ഷോട്ട്‌ തടഞ്ഞു. രണ്ടുതവണ ഉയർന്നുപൊങ്ങി പന്ത്‌ തട്ടിയകറ്റിയപ്പോൾ ബോക്‌സിനുള്ളിലെത്തി അഞ്ചുശ്രമങ്ങളെ തടഞ്ഞിട്ടു. ഇടയ്‌ക്ക്‌ മുന്നോട്ട്‌ കുതിച്ചെത്തി പന്ത്‌ അടിച്ചകറ്റി. സൗദി അറേബ്യക്കായി 43 മത്സരങ്ങളിൽ ഒവൈസ്‌ ബൂട്ട്‌ കെട്ടിയിട്ടുണ്ട്‌. സൗദി ക്ലബ്‌  അൽ അഹ്‌ലിയുടെ ഗോളിയാണ്‌.പെനൽറ്റിയിൽ തുടക്കം

പെനൽറ്റിയിൽ തുടക്കം
ലിയാൻഡ്രോ പരദെസിനെ അൽ ബുലായാഹി ബോക്‌സിൽ പിടിച്ചുവീഴ്‌ത്തി. വാർ പരിശോധന. റഫറി പെനൽറ്റിക്ക്‌ വിസിലൂതി. മെസിയുടെ ഇടങ്കാൽ കിക്ക്‌ മനോഹരമായി വലയുടെ ഇടതുമൂലയിലേക്ക്‌. നാല്‌ വ്യത്യസ്ത ലോകകപ്പുകളിൽ ഗോളടിക്കുന്ന ആദ്യ അർജന്റീനക്കാരനുമായി. 2006ൽ സെർബിയക്കെതിരെയായിരുന്നു കന്നിഗോൾ. 2014ൽ ബ്രസീലിലും 2018ൽ റഷ്യയിലും മുപ്പത്തഞ്ചുകാരൻ നിറയൊഴിച്ചു. ലോകകപ്പിൽ ലക്ഷ്യംകാണുന്ന പ്രായമേറിയ രണ്ടാമത്തെ താരവുമായി മെസി. മാർടിൻ പലെർമോയുടെ (36 വയസ്സ്‌) പേരിലാണ്‌ റെക്കോഡ്‌. ദ്യേഗോ മാറഡോണയും (1982, 1986, 1994) ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും (1994, 1998, 2002) മൂന്നു പതിപ്പുകളിൽ ഗോളടിച്ചിട്ടുണ്ട്‌.

അർജന്റീന ‘ഓഫ്സെെഡ്’
സൗദി അറേബ്യ ഒരുക്കിയ ഓഫ്‌ സൈഡ്‌ കെണി പൊളിക്കാൻ അർജന്റീനയ്‌ക്ക്‌ കഴിഞ്ഞില്ല. നാലുതവണ സൗദി പോസ്റ്റിൽ പന്ത്‌ എത്തിച്ചെങ്കിലും മൂന്നെണ്ണവും ഓഫ്‌ സൈഡായി. ലയണൽ മെസിയിലൂടെ പത്താംമിനിറ്റിൽ ലീഡെടുത്ത ടീം ആദ്യപകുതിയിൽത്തന്നെ മൂന്നുതവണകൂടി വലകുലുക്കി. 22–-ാംമിനിറ്റിൽ മെസിയും 27, 35 മിനിറ്റുകളിൽ ലൗതാരോ മാർട്ടിനെസും ലക്ഷ്യം കണ്ടെങ്കിലും ഫലമുണ്ടായില്ല. ആകെ പത്തുതവണയാണ്‌ അർജന്റീന താരങ്ങൾ ഓഫ്‌ സൈഡായത്‌. ആദ്യപകുതിയിൽമാത്രം ഏഴുതവണ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
-----
-----
 Top