25 April Thursday

നീലാകാശം, നീലക്കടൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ രാത്രി പത്തിനായിരുന്നു അർജന്റീനയുടെ കളി. ഇന്ത്യൻ സമയം അർധരാത്രി 12.30ന്‌. ആരാധകർ മലവെള്ളംപോലെ ഒഴുകുകയായിരുന്നു. അവർക്ക്‌ ഒറ്റവികാരമായിരുന്നു. മെസി...അർജന്റീന... വൈകിട്ടോടെ സ്‌റ്റേഡിയം പരിസരം നിറഞ്ഞു. ആരാധകരുടെ മുഖത്ത്‌ പരിഭ്രമമുണ്ടായിരുന്നു. എതിരാളി മെക്‌സിക്കോയാണ്‌. തോറ്റാൽ പുറത്താണ്‌. ചതിക്കുമോ?

കിക്കോഫിനുമുമ്പേ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. നീലയും വെള്ളയും ചേർന്ന ജേഴ്‌സിയണിഞ്ഞും മുഖത്ത്‌ ചായംതേച്ചും മുടി കളറാക്കിയും കാണികൾ. ഒരു ടീമിനോട്‌ അതിരില്ലാത്ത സ്‌നേഹം. കലവറിയില്ലാത്ത പിന്തുണ. ഡ്രമ്മുകൾ മുഴങ്ങി. മാറഡോണയുടെയും മെസിയുടെയും പോസ്‌റ്ററുകൾ തെളിഞ്ഞു. മാറഡോണയെ ഓർത്ത്‌ പാട്ടുകൾ. മെസിയെ വാഴ്‌ത്തി മുദ്രാവാക്യങ്ങൾ. അതിനൊത്ത്‌ ചുവടുകൾ. ആർപ്പുവിളിയിൽ റഫറി വിസിൽ മുഴക്കി. ആരാധകർ തിരമാലകൾ തീർത്തു. ഗോൾ വന്നില്ല. ഇടവേളയായി, കാത്തിരിപ്പായി. അവർ മെസിയിൽ വിശ്വസിച്ചു. 

ഒടുവിൽ ആ നിമിഷംവന്നു. അവിശ്വസനീയമായി മെസിയുടെ ഗോൾ. തൃശൂർ പൂരത്തിന്റെ അവസാന വെടിക്കെട്ടുപോലൊരു പൊട്ടിത്തെറി, ഒരു ഇരമ്പം, മുഴക്കം. അത്‌ പിന്നെ അവസാനിച്ചതേയില്ല. സ്‌കോർ ബോർഡിൽ രണ്ടാമത്തെ ഗോളും തെളിഞ്ഞു. ഒപ്പം നിറഞ്ഞ സ്‌റ്റേഡിയത്തിൽ കാണികളുടെ എണ്ണവും –- 88,966. ലോകകപ്പിൽ 28 വർഷത്തിനുശേഷമുള്ള ഏറ്റവുംവലിയ ജനക്കൂട്ടം. 1994 അമേരിക്ക ലോകകപ്പ്‌ ഫൈനലിലെ കാണികളുടെ എണ്ണം റെക്കോഡായിരുന്നു. കാലിഫോർണിയയിലെ റോസ്‌ബൗൾ  സ്‌റ്റേഡിയത്തിൽ അന്ന്‌ നിറഞ്ഞത്‌ 94,194 കാണികളാണ്‌. ഷൂട്ടൗട്ടിലേക്ക്‌ നീണ്ട ഫൈനലിൽ ബ്രസീൽ ഇറ്റലിയെ തോൽപ്പിച്ച്‌ ചാമ്പ്യന്മാരായി. ലോകകപ്പിലെ എക്കാലത്തേയും വലിയ ജനക്കൂട്ടം 1950ൽ ബ്രസീലിലെ മാറക്കാന സ്‌റ്റേഡിയത്തിലായിരുന്നു.

ബ്രസീലും ഉറുഗ്വേയും തമ്മിലുള്ള കലാശപ്പോരാട്ടം കാണാൻ തടിച്ചുകൂടിയത്‌ 1.73 ലക്ഷം കാണികൾ. ബ്രസീലിനെ 2–-1ന്‌ കീഴടക്കി ഉറുഗ്വേ ജേതാക്കളായി. ലുസെയ്‌ൽ സ്‌റ്റേഡിയത്തിൽ ബ്രസീൽ–-സെർബിയ മത്സരം കാണാൻ 88,103 പേരാണുണ്ടായിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top