25 April Thursday
മെസി, ജൂലിയൻ അൽവാരസ് ഗോളടിച്ചു ,ക്വാർട്ടറിൽ വെള്ളിയാഴ്ച നെതർലൻഡ്സിനോട്

ആയിരം 
നക്ഷത്രമുദിച്ചു ; അർജന്റീന ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022

image credit FIFA World Cup twitter

ദോഹ
ആയിരാമത്തെ മത്സരത്തിൽ മനോഹര ഗോൾ തൊടുത്ത്‌ ലയണൽ മെസി അർജന്റീനയെ ലോകകപ്പ്‌ ക്വാർട്ടറിലേക്ക്‌ നയിച്ചു. പൊരുതിക്കളിച്ച ഓസ്‌ട്രേലിയയെ  പ്രീക്വാർട്ടറിൽ  2–-1നാണ്‌ അർജന്റീന തോൽപ്പിച്ചത്‌. രണ്ടാമത്തെ ഗോൾ ജൂലിയൻ അൽവാരെസ്‌ നേടി. എൺസോ ഫെർണാണ്ടസിന്റെ പിഴവുഗോളിലാണ്‌ ഓസ്‌ട്രേലിയ വലകണ്ടത്‌.

ക്വാർട്ടറിൽ നെതർലൻഡ്‌സാണ്‌ അർജന്റീനയുടെ എതിരാളികൾ. ഈ മാസം ഒമ്പതിനാണ്‌ മത്സരം. ദേശീയ കുപ്പായത്തിലും ക്ലബ് തലത്തിലും ചേർന്നാണ്‌ മെസി ആയിരം മത്സരം പൂർത്തിയാക്കിയത്‌. 789 ഗോളും നേടി. അർജന്റീനയ്ക്കായി 169–-ാം മത്സരം. 94 ഗോൾ. ബാഴ്‌സലോണ കുപ്പായത്തിൽ 778, പിഎസ്‌ജിക്കായി 53. അർജന്റീന ക്യാപ്‌റ്റൻ കുപ്പായത്തിൽ നൂറാം മത്സരമായിരുന്നു മെസിക്ക്‌. കളിയുടെ 35–-ാം മിനിറ്റിലായിരുന്നു ഗോൾ. നിക്കോളാസ്‌ ഒട്ടമെൻഡി അവസരമൊരുക്കി. ഈ ലോകകപ്പിലെ മൂന്നാംഗോൾ.

അർജന്റീനയുടെ  രണ്ടാമത്തെ ഗോൾ ഓസ്‌ട്രേലിയൻ ഗോൾ കീപ്പർ മാറ്റ്‌ റ്യാന്റെ പിഴവിൽനിന്നായിരുന്നു. റോഡ്രിഗോ ഡി പോൾ ഓടിയെത്തിയപ്പോൾ റ്യാന്‌ നിയന്ത്രണം നഷ്ടമായി. ഈ തക്കത്തിൽ അൽവാരെസ്‌ പന്ത്‌ വലയിലേക്ക്‌ തൊടുത്തു. ഗോൾ വഴങ്ങാതെ മുന്നേറുകയായിരുന്ന മെസിയെയും കൂട്ടരെയും അവസാന ഘട്ടത്തിൽ ഓസ്‌ട്രേലിയ ഞെട്ടിച്ചു. ഗുഡ്--വിന്റെ ഷോട്ട്‌ എൺസോയുടെ ദേഹത്തുതട്ടി സ്വന്തം വലയിൽ പതിച്ചു. അവസാന ഘട്ടത്തിൽ പ്രതിരോധം പിടിച്ചുനിന്നു. ഗോൾകീപ്പർ എമിലിയാനോ മാർടിനെസിന്റെ പ്രകടനവും നിർണായകമായി.

നാലാം ലോകകപ്പ്‌ കളിക്കുന്ന മെസി, നോക്കൗട്ട്‌ ഘട്ടത്തിൽ നേടുന്ന ആദ്യ ഗോളായി ഇത്‌. അർജന്റീനയ്‌ക്കായി അവസാന എട്ടുകളിയിൽ 13–-ാം ഗോളായിരുന്നു മെസിയുടേത്‌. അർജന്റീനയ്‌ക്കായി ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ ദ്യേഗോ മാറഡോണയെയും മറികടന്നു. 22 കളിയിൽ ഒമ്പത്‌ ഗോളായി. പത്ത്‌ ഗോളുള്ള ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ടയാണ്‌ ഒന്നാമത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top