ഹാങ്‌ചൗ
ഏഷ്യൻ ഗെയിംസിൽ പി മുഹമ്മദ് അഫ്‌സലും ആൻസി സോജനും മുഹമ്മദ് അജ്‌മലും മലയാളത്തിന്റെ വെള്ളിനക്ഷത്രങ്ങളായി. ഹാങ്‌ചൗവിലെ അത്‌ലറ്റിക്‌സ് സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിൽ തകർപ്പൻ പ്രകടനങ്ങളുമായി അവർ കളംവാണു. ഏഷ്യൻ കരുത്തരുടെ പോരിൽ അഫ്‌സൽ 800 മീറ്ററിൽ രണ്ടാമനായി.
ആൻസി ലോങ് ജമ്പിലാണ് വെള്ളിയണിഞ്ഞത്. അജ്‌മൽ മിക്സ്‌ഡ് റിലേ ഇനത്തിൽ വെള്ളി കിട്ടിയ ടീമിൽ പങ്കാളിയായി. രണ്ടുദിവസമായി അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മിന്നലാട്ടങ്ങൾ കണ്ടപ്പോൾ മലയാളിതാരങ്ങളും അതിൽ പേരുചാർത്തി.പുരുഷന്മാരുടെ 800 മീറ്ററിൽ ഒരു മിനിറ്റ് 48.50 സെക്കൻഡിലാണ് അഫ്‌സൽ വെള്ളി നേടിയത്. ഈയിനത്തിൽ ദേശീയ റെക്കോഡുകാരനാണ് പാലക്കാട്ടുകാരൻ. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അഫ്‌സൽ സ്‌കൂൾ കായികമേളകളിലെ നിറസാന്നിധ്യമായിരുന്നു. പാലക്കാട് പറളി ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായിരുന്നു.
എണ്ണൂറിൽ സൗദി അറേബ്യയുടെ എസ അലി കസ്വാനിക്കാണ് (1:48.05) സ്വർണം. ഇന്ത്യയുടെതന്നെ കൃഷൻകുമാർ അയോഗ്യനായി. ലോങ്‌ജമ്പിൽ ഏറ്റവും മികച്ച പ്രകടനത്തോടെയായിരുന്നു ആൻസിയുടെ വെള്ളിച്ചാട്ടം. 6.63 മീറ്ററാണ് ചാടിയത്. അഞ്‌ജു ബോബി ജോർജിന്റെ ശിഷ്യ ശൈലി സിങ് 6.48 മീറ്ററിൽ അഞ്ചാമതായി. 6.73 മീറ്റർ ചാടിയ ചൈനയുടെ ഷിക്വി ഷിയോങ്ങിനാണ് സ്വർണം.
സ്‌കൂൾ മീറ്റുകളിലൂടെ ഉയർന്നുവന്ന ആൻസി ഈ വർഷം ഇന്ത്യൻ ഗ്രാൻഡ് പ്രീ, ഫെഡറേഷൻ കപ്പ്, ഇന്റർ സ്‌റ്റേറ്റ് മീറ്റുകളിൽ ചാമ്പ്യനായി. പക്ഷേ, ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡിൽ നാലാമതായിപ്പോയി. എന്നാൽ ഏഷ്യൻ ഗെയിംസിൽ ആ നിരാശ മാറ്റുകയായിരുന്നു തൃശൂർക്കാരി. റഷ്യയുടെ മുൻ ട്രിപ്പിൾജമ്പ് താരം ഡെനിസ് കപുസ്‌തിനാണ് നിലവിലെ കോച്ച്. കഴിഞ്ഞവർഷമാണ് ആൻസി പൂർണമായും ലോങ്‌ജമ്പിലേക്ക് മാറുന്നത്. ജൂനിയർ തലത്തിൽ ലോങ്‌ജമ്പിൽ മത്സരിച്ചിരുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..