26 April Friday

പൊലീസ്‌ അക്വാട്ടിക്‌ ചാമ്പ്യൻഷിപ്പ്: ആദ്യസ്വർണ്ണം കേരളാ പൊലീസിന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

ജോമി ജോർജ്ജ്

തിരുവനന്തപുരം> 71-ാമത് അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ്‌ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണം കേരളാ പൊലീസിന്.  1500  മീറ്റർ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ജോമി ജോർജ്ജ് ആണ് കേരളത്തിന് വേണ്ടി ആദ്യ സ്വർണം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം ബാംഗ്ലൂരിൽ നടന്ന സീനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ  ജോമി ജോർജ്ജ് വെളളിമെഡൽ നേടിയിരുന്നു. 2019 ൽ കേരളാ പൊലീസിൽ സർവ്വീസിൽ പ്രവേശിച്ച ജോമി ജോർജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവിൽ കെഎപി അഞ്ചാം ബറ്റാലിയനിൽ ഹവിൽദാർ ആണ്.

പിരപ്പൻകോട് ഡോ ബി ആർ അംബേദ്‌കർ ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന പൊലീസ് അക്വാട്ടിക് ആൻഡ്‌ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ ബിഎസ്‌എഫ്‌, സിഐഎസ്‌എഫ്‌, സിആർപിഎഫ്‌, ഐടിബിപി, എസ്‌എസ്‌ബി എന്നീ അർധസൈനിക വിഭാഗങ്ങളും വിവിധ  പൊലീസ് സേനകളുമാണ്  പങ്കെടുക്കുന്നത്‌. ആകെ 27 ടീമിലായി 128 വനിതകളടക്കം 682 പേർ മത്സരത്തിനിറങ്ങും. 44 അംഗ ടീമാണ്‌ കേരള പൊലീസിന്റേത്‌.

വാട്ടർപോളോ, ഹൈ ബോർഡ് ഡൈവിങ്‌ എന്നിവ മത്സരത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഫ്രീസ്റ്റൈൽ, ബാക് സ്ട്രോക്, ബ്രെസ്റ്റ് സ്ട്രോക്, ബട്ടർഫ്ളൈ സ്ട്രോക്,  ഫ്രീസ്റ്റൈൽ മെഡ്ലെ, മെഡ്ലെ റിലെ, സ്പ്രിങ്‌ ബോർഡ് ഡൈവിങ്‌, ഹൈബോർഡ്‌ ഡൈവിങ്‌, മിക്സഡ് റിലെ ഇനങ്ങളിലാണ്‌ മത്സരങ്ങൾ. 21 വരെ രാവിലെ 8.30 മുതൽ രാത്രി 9.30 വരെയാണ് മത്സരങ്ങൾ.

ശനിയാഴ്‌ച  ക്രോസ് കൺട്രി റേയ്‌സ് മത്സരങ്ങൾ നടക്കും. ശംഖുംമുഖം മുതൽ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയംവരെയാണ് മത്സരം. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് രാവിലെ 6.30 ന് ശംഖുംമുഖത്ത്  ഫ്ലാഗ് ഓഫ് ചെയ്യും. 24 ടീമിലായി 236 പേർ ക്രോസ് കൺട്രി മത്സരങ്ങളിൽ പങ്കെടുക്കും.  21ന്‌ വൈകിട്ട്‌ 5.30ന്‌  സമാപന സമ്മേളനത്തിൽ സ്പീക്കർ എം ബി രാജേഷ്‌  മുഖ്യാതിഥിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top