29 March Friday

അക്‌സർ പഞ്ച്‌; ഇന്ത്യക്ക്‌ 63 റൺ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

കാൺപുർ > നാലാം ടെസ്റ്റുമാത്രം കളിക്കുന്ന അക്സർ പട്ടേൽ, ഇടംകെെകൊണ്ട് കിവികളെ കശക്കി. ആദ്യ ടെസ്റ്റിൽ ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിങ്സ് 296 റണ്ണിൽ അവസാനിച്ചപ്പോൾ അഞ്ചു വിക്കറ്റുമായി അക്സർ ഇന്ത്യയെ നയിച്ചു.  അഞ്ചാംതവണയാണ്‌ അക്സർ അഞ്ചു വിക്കറ്റ് നേടുന്നത്‌. നാല്‌ ടെസ്‌റ്റിൽ 27 വിക്കറ്റ്‌. 

മൂന്നാംദിനം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യക്ക് 14 റണ്ണിന് ഒരു വിക്കറ്റ് നഷ്ടമായി. രണ്ട് ദിവസവും ഒമ്പതു വിക്കറ്റും ശേഷിക്കെ 63 റണ്ണിന്റെ ലീഡുണ്ട് ഇന്ത്യക്ക്.
സ്കോർ: ഇന്ത്യ 345, 1–14; ന്യൂസിലൻഡ്‌ 296.

മൂന്നാംദിനം വിക്കറ്റ് നഷ്ടമില്ലാതെ 129 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ ന്യൂസിലൻഡിന് 167 റൺ മാത്രമാണ് കൂട്ടിച്ചേർക്കാനായത്. അവസാന ഒമ്പത് വിക്കറ്റ് 99 റണ്ണിൽ വീണു. മൂന്നു വിക്കറ്റുമായി ആർ അശ്വിനും ഇന്ത്യൻ നിരയിൽ തിളങ്ങി. രവീന്ദ്ര ജഡേജയും ഉമേഷ് യാദവും ഓരോ വിക്കറ്റെടുത്തു.

കിവീസ് നിരയിൽ 95 റണ്ണെടുത്ത ടോം ലാതമാണ് ടോപ് സ്കോറർ. വിൽ യങ് 89 റണ്ണെടുത്തു. 151 റണ്ണിലാണ് കിവികൾക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. യങ്ങിനെ മടക്കി അശ്വിൻ ഇന്ത്യക്ക് വഴി തുറന്നു.

തുടർന്നുവന്നവരിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ (18) ഉമേഷ് യാദവ് വിക്കറ്റിനുമുന്നിൽ കുരുക്കിയതോടെ അവർ തകർന്നു. ലാതത്തിനെ അക്സർ പട്ടേലിന്റെ പന്തിൽ പകരക്കാരൻ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് സ്റ്റമ്പ് ചെയ്ത് മടക്കി. വൃദ്ധിമാൻ സാഹയ്ക്ക് പരിക്കായതിനാൽ ഭരത് ഇറങ്ങുകയായിരുന്നു. 23 റണ്ണെടുത്ത കെെൽ ജാമിസൺ മാത്രം പിന്നീടുവന്നവരിൽ പൊരുതിനോക്കി.

രണ്ടാം ഇന്നിങ്സിൽ ഒരു റണ്ണെടുത്ത ശുഭ്മാൻ ഗില്ലിനെ ഇന്ത്യക്ക് നഷ്ടമായി. ജാമിസനാണ് പുറത്താക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റും ജാമിസൺ തികച്ചു. ഒമ്പത് ടെസ്റ്റിൽനിന്നാണ് ഈ നേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top