09 December Saturday

യുകെയിലെ കെയർ രംഗത്തെ പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ കൈരളി യുകെ; പ്രശ്‌നക്കാരായ ഏജന്റുമാരുടെ ലൈസൻസ്‌ റദ്ദാക്കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ലണ്ടൻ > ഇംഗ്ലണ്ടിലെ കെയർ തൊഴിൽ രംഗത്ത്‌ നടക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെട്ട്‌ കൈരളി യുകെ. കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായും യുകെ സർക്കാരിനെയും പ്രശ്‌നം ധരിപ്പിച്ച്‌ പരിഹാരം കാണുന്നതിന്‌ നടപടികൾ സ്വീകരിച്ചതായി കൈരളി യുകെ ഫെയ്‌സ്‌ബുക്കിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും, നോർക്ക റൂട്ട്‌സ്‌ വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണനുമായും ബന്ധപ്പെട്ടു. സർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിഷയത്തിൽ പ്രശ്‌നക്കാരായ ഏജൻസികളുടെ പേരിൽ അതാത് പൊലീസ്‌ സ്റ്റേഷനുകളിൽ പരാതികൾ സമർപ്പിച്ചുവരുന്നതായും കൈരളി യുകെ അറിയിച്ചു.

എഡിൻബ്രയിലെ ഇന്ത്യൻ കൗൺസുലേറ്റ് ജനറൽ ബിജയ്‌ സെൽവരാജുമായി കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ്‌ നേരിട്ട് ചർച്ച നടത്തി. പ്രശ്‌നക്കാരായ ഏജന്റുമാരുടെ ലൈസൻസ്‌ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ അദ്ദേഹം ഉറപ്പുനൽകിയതായും കൈരളി യുകെ അറിയിച്ചു.

കെയർ രംഗത്ത് നടക്കുന്ന പ്രശ്‌നങ്ങളിൽ കൈരളി യുകെ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെപ്പറ്റി പങ്കുവച്ച ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

കഴിഞ്ഞ ഏതാനും മാസങ്ങളായി കൈരളി ഈ വിഷയത്തിൽ ഇടപെടുന്നുണ്ടെങ്കിലും എല്ലാവരെയും ചേർത്തിണക്കി ഒരു പ്രവർത്തനത്തിലേക്ക് കടന്നത് ആഗസ്റ്റ്‌ 19നു നടത്തിയ ഒരു ഓൺലൈൻ മീറ്റിംഗിനു ശേഷമായിരുന്നു. അതിനുശേഷം പ്രശ്നത്തിൽപെട്ടവരുടെയും, സഹായിക്കുവാൻ മനസ്സുള്ളവരുടെയും ഒരു വാട്‌സ്ആപ്പ് കൂട്ടായ്‌മ തുടങ്ങുകയും അവിടെ പ്രശ്നപരിഹാരത്തിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ ഗ്രൂപ്പിൽ ഇരുനൂറ്റി അൻപതോളം പേർ ഇപ്പോൾ അംഗങ്ങളായി ഉണ്ട്‌.

യുകെ സർക്കാരിനെ പ്രശ്‌നം ധരിപ്പിച്ചു

അതിനുശേഷം അടിയന്തരമായി യുകെയിലെ എല്ലാ എംപിമാർക്കും ഈ വിഷയത്തിൽ ഇവിടെ ദുരിതം അനുഭവിക്കുന്നവരെ നാട്ടിലേക്ക് തിരികെ അയക്കരുത് എന്ന് അഭ്യർത്ഥിച്ച് സാഹചര്യം വ്യക്തമാക്കികൊണ്ട് ഒരു കത്ത് എഴുതി, ഇതിനു കാരണം കമ്പനികളുടെ സ്പോൺസർഷിപ്പ് ലൈസൻസുകൾ നഷ്‌ടപ്പെട്ടാൽ തിരികെ നാട്ടിലേക്ക് അയക്കുമോ എന്ന് ഭീതിയിലാണ് പലരും ജോലി ചെയ്‌തിരുന്നത്, കൂടാതെ തങ്ങളുടെ ഏജൻസിക്കെതിരെയോ കമ്പനിക്കെതിരെയോ പരാതിപ്പെട്ടാൽ തങ്ങളുടെ ജോലി വരെ നഷ്‌ടപ്പെടും എന്നുള്ള രീതിയിൽ ഭയപ്പെടുന്നു. ഈ വിഷയത്തിൽ പല എംപിമാരും മറുപടി നൽകുകയും ഈ വിഷയം ഹോം സെക്രട്ടറി സുവെല്ല ബ്രാവർമാന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇതോടൊപ്പം പ്രശ്നത്തിൽപെട്ടിരിക്കുന്ന എല്ലാവരോടും തങ്ങളുടെ എംപിമാരെ നേരിട്ട് ഈ വിഷയം ധരിപ്പിക്കുവാൻ കൈരളി ആവശ്യപ്പെടുകയും അവർക്ക് അതിനു വേണ്ട ഗൈഡൻസ് കൊടുക്കുകയും ചെയ്‌തു.

കേരള സർക്കാരുമായി ചേർന്നുള്ള നടപടികൾ

അതോടൊപ്പം നാട്ടിലുള്ള സർക്കാർ ഏജൻസികളോട് ഈ വിഷയം അവതരിപ്പിക്കുകയും ഇതിന് നാട്ടിൽ നിന്നുള്ള പ്രശ്‌നപരിഹാരത്തിന് ആയിട്ടുള്ള വഴികൾ ആരായുകയും ചെയ്‌തു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, നോർക്ക റെസിഡെന്റ്‌ വൈസ്‌ ചെയർമാൻ ശ്രീ പി ശ്രീരാമകൃഷ്‌ണൻ ഉൾപ്പെടെയുള്ള നാട്ടിലെ ഭരണരംഗത്ത് ഈ വിഷയത്തിൽ സഹായിക്കുവാൻ സാധിക്കുന്ന എല്ലാവരെയും നേരിട്ട് ബന്ധപ്പെടുകയും അവർക്ക് ഇതിൻറെ  ഗൗരവം മനസ്സിലാക്കുവാൻ കത്ത് കൊടുക്കുകയും ചെയ്‌തു. ഇപ്പോൾ സർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിഷയത്തിൽ പ്രശ്‌നക്കാരായ ഏജൻസികളുടെ പേരിൽ അതാത് പോലീസ്‌ സ്റ്റേഷനുകളിൽ പരാതികൾ സമർപ്പിച്ചു വരുന്നു. ഈ സാഹചര്യത്തിൽ പല ഏജൻസികളും പ്രശ്‌നപരിഹാരത്തിനായി മുന്നോട്ട് വരികയും ഉദ്യോഗാർത്ഥികൾക്ക് പണം തിരികെ നൽകുവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇന്ത്യാ ഗവൺമെന്റിന്റെ ഉറപ്പ്‌

യുകെയിലെ എംബസി മുഖാന്തരം ഇന്ത്യൻ ഗവൺമെന്റിന്റെ സഹായം ഈ വിഷയത്തിൽ അഭ്യർത്ഥിച്ചു. എഡിൻബ്രയിലെ ഇന്ത്യൻ കൗൺസുലേറ്റ് ജനറൽ ബിജയ്‌ സെൽവരാജുമായി കൈരളി യുകെ സെക്രട്ടറി കുര്യൻ ജേക്കബ്‌ നേരിട്ട് ചർച്ച നടത്തി ഈ വിഷയങ്ങൾ അവതരിപ്പിക്കുകയും പ്രശ്‌നപരിഹാരത്തിന് പൂർണ്ണ സഹകരണം ഉറപ്പാക്കുകയും ചെയ്‌തു. തിരുവനന്തപുരത്ത് ഇന്ത്യ ഗവൺമെൻറിൻറെ പ്രതിനിധിയായി നേരത്തെ പ്രവർത്തിച്ച പരിചയമുള്ള ബിജയ്‌ സെൽവരാജ് ഗൾഫ് മേഖലയിലെ സമാന പ്രശ്‌നങ്ങൾ കൈകാര്യം ചെയ്‌തു പരിചയമുള്ളതുകൊണ്ട്‌ ഈ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടൻ നടപടി എടുക്കാമെന്ന് ഉറപ്പ്‌ നൽകി.

താഴെക്കാണുന്ന വിഷയങ്ങളിലാണ് അദ്ദേഹം ഉറപ്പു നൽകിയിട്ടുള്ളത്

1. പ്രശ്‌നക്കാരായ ഏജന്റുമാരുടെ ലൈസൻസ്‌ റദ്ദാക്കുന്നതിനുള്ള നടപടി.

2. ഇതിൽ ഉൾപ്പെട്ട വ്യക്തികൾ, സബ് ഏജന്റുകളായി പ്രവർത്തിച്ച്‌ പ്രശ്നം ഉണ്ടാക്കുന്നവർ ഉൾപ്പടെയുള്ളവർക്കെതിരെ യുകെയിലെ ഹോം ഓഫീസ്‌ വഴി ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നത്.

3. ഇതിൽ ഉൾപ്പെട്ട ഏജൻസികളുടെയും വ്യക്തികളുടെയും പേരുകൾ ഇന്ത്യയിലെ അന്വേഷണം ഏജൻസികൾക്ക് കൈമാറുകയും അവർക്കെതിരെ യാത്രാ വിലക്കുകൾ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന്.

4. കൂടാതെ പ്രശ്‌നത്തിൽപ്പെട്ട്‌ ബുദ്ധിമുട്ടുന്ന എല്ലാവർക്കും ഇന്ത്യ ഗവർണ്മെന്റിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും വാഗ്ദാനം ചെയ്‌തു.

ട്രേഡ്‌ യൂണിയനുകളുടെ സഹായം

യുകെയിൽ കെയർ മേഖലയിൽ പ്രശ്നങ്ങൾ ചർച്ച ചെയ്തപ്പോൾ ജോലി സ്ഥലത്തെ ചൂഷണം, അനാവശ്യ പിരിച്ചുവിടൽ, കിട്ടുന്ന ജോലിയും കൂലിയും തമ്മിലുള്ള അന്തരം തുടങ്ങി പല കാരണങ്ങളാൽ ഭീതിയോടെയാണ് പലരും ജോലി ചെയ്യുന്നത്. ഇത്തരം സാഹചര്യത്തിൽ ഒരു ട്രേഡ് യൂണിയൻ അംഗം ആണെങ്കിൽ അവകാശങ്ങൾ എന്തൊക്കെയാണെന്ന് എന്ന് പ്രമുഖ ട്രേഡ് യൂണിയനായ റോയൽ കോളേജ് ഓഫ് നഴ്സിംഗ് (RCN) ഡെപ്യൂട്ടി ഡയറക്ടർ ഡോ. നിക്കോൾ ആഷ്ബി കഴിഞ്ഞ ദിവസം ഓൺലൈനിൽ മീറ്റിങ്ങിൽ പങ്കുവെച്ചു. കൈരളി യുകെ പ്രസിഡൻറ് പ്രിയ രാജൻ റോയൽ കോളേജ് ഓഫ് നേഴ്സിങ് ഇൻറർനാഷണൽ കമ്മിറ്റി മെമ്പർ ഡോ. അജിമോൾ പ്രദീപ് എന്നിവർ ഈ പരിപാടിക്ക്‌ നേതൃത്ത്വം നൽകി. ഈ പ്രശ്നം യുകെ സർക്കാരിൻറെ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുവാനും, പ്രശ്നത്തിൽ ഉൾപ്പെട്ടവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ഡോ. നിക്കോൾ ആഷ്ബി ഉറപ്പ്‌ നൽകി. യുകെയിലെ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളികൾ ട്രേഡ് യൂണിയനിൽ അംഗമാകാത്തത് പിന്നീട് ഒരു പ്രശ്നത്തിൽ അകപ്പെടുമ്പോൾ അവരെ സഹായിക്കുവാൻ കഴിയാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നു, അതുകൊണ്ട് എല്ലാവരും തന്നെ ട്രേഡ് യൂണിയനിൽ അംഗമാകുവാൻ പരിപാടിയിൽ പങ്കെടുത്ത നഴ്‌സിംഗ്‌ കെയർ രംഗത്തെ മുതിർന്ന പ്രവർത്തകർ അഭ്യർത്ഥിച്ചു.

തുടർനടപടികൾ

ഈ വിഷയത്തിൽ മാധ്യമപ്രവർത്തകർ അഭിഭാഷകർ എന്നിവരെ ഉൾപ്പെടുത്തി എല്ലാ ആഴ്ചയിലും ഒരു അപ്ഡേറ്റ് മീറ്റിംഗ് നടത്തുകയും പുരോഗതി അറിയിക്കുകയും ചെയ്യുന്നുണ്ട്. കൈരളി ഇപ്പോൾ യുകെയിലെ വിവിധ കെയർ ഹോമുകൾ/ഏജൻറ്മാർ എന്നിവരുമായി ബന്ധപ്പെട്ട് പ്രശ്‌ന‌ത്തിൽ ഉൾപ്പെട്ടവർക്ക് യുകെയിൽ തുടരുവാൻ ഉള്ള ജോലി സാധ്യതകളും അതിനുള്ള തയ്യാറെടുപ്പുകൾക്കുള്ള സഹായങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഉടൻ തന്നെ പ്രശ്നക്കാരായിട്ടുള്ള ഏജൻസികളുടെ ഒരു ലിസ്റ്റ് മാദ്ധ്യമങ്ങൾ വഴി പ്രസിദ്ധീകരിക്കുവാനും ഉദ്ദേശിക്കുന്നു.

ഈ വിഷയത്തിൽ കൈരളിയെ സഹായിക്കുന്ന, പിന്തുണ വാഗ്ദാനം ചെയ്‌തിട്ടുള്ള എല്ലാ സുമനസ്സുകൾക്കുമുള്ള നന്ദി ഈ അവസരത്തിൽ പ്രത്യേകം അറിയിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top