29 March Friday

ഇന്ത്യന്‍ ഗോതമ്പ് യുഎഇയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത് നിരോധിച്ചു

അനസ് യാസിന്‍Updated: Wednesday Jun 15, 2022

മനാമ> ആഗോള വിപണിയില്‍ ഗോതമ്പ് ക്ഷാമം തുടരുന്നതിനിടെ ഇന്ത്യന്‍ ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവ യുഎഇയില്‍ നിന്നും കയറ്റുമതിയും പുനര്‍ കയറ്റുമതിയും ചെയ്യുന്നത് നാലു മാസത്തേക്ക് നിരോധിച്ചു. ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയ മെയ് 13 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ്. ഫ്രീ സോണുകള്‍ ഉള്‍പ്പെടെ എല്ലാ മേഖലക്കും ഇത് ബാധകമായിരിക്കും.

വ്യാപാരത്തെ ബാധിച്ച അന്താരാഷ്‌ട്ര സംഭവവികാസങ്ങള്‍ കണക്കിലെടുത്തും യുഎഇയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ദൃഢവും തന്ത്രപരവുമായ ബന്ധത്തെ മാനിച്ചുമാണ് ഈ തീരുമാനമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വിശദീകരിച്ചു. ആഭ്യന്തര ഉപഭോഗത്തിനായി യുഎഇയിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും ഇതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഒപ്പുവെച്ചിട്ടുണ്ട്.

ഉക്രെയ്ന്‍ യുദ്ധവും ഇന്ത്യയിലെ ഉഷ്‌ണതരംഗവുമായി ബന്ധപ്പെട്ട ഗോതമ്പിന് ലോക വിപണിയില്‍ ക്ഷാമം നേരിടുകയാണ്. ഈ പാശ്ചാത്തലത്തിലാണ് യുഎഇക്ക് ഗോതമ്പ് ഉറപ്പുവരുത്തുന്ന കരാറായത്. യുഎഇയിലേക്ക് കൊണ്ടുവരുന്ന ഏതൊരു ഗോതമ്പും പ്രാദേശിക ഉപഭോഗത്തിനാണെന്നും വിദേശത്ത് പുനര്‍വില്‍പ്പനയ്‌ക്ക‌‌ല്ലെന്നും മന്ത്രാലയം വ്യക്തമാക്കി. മെയ് 13 ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്‌ത‌‌ ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങള്‍ കയറ്റുമതി/പുനര്‍ കയറ്റുമതി ചെയ്യാന്‍ അനുവാദമുണ്ട്. താല്‍പ്പര്യമുള്ള കമ്പനികള്‍ യുഎഇക്ക് പുറത്ത് കയറ്റുമതി ചെയ്യുന്നതിന് അനുമതി ലഭിക്കുന്നതിന് മന്ത്രാലയത്തിന് അപേക്ഷിക്കണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top