03 July Thursday

അനധികൃത ചാരിറ്റിക്കും ധനസമാഹരണത്തിനും തടയിടാന്‍ യുഎഇ നിയമം കര്‍ശനമാക്കുന്നു

അനസ് യാസിന്‍Updated: Friday Jan 14, 2022

മനാമ> യുഎഇയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊതുജനങ്ങളുടെ സൗജന്യ ഭക്ഷണ കൈമാറ്റങ്ങളും സോഷ്യല്‍ മീഡിയ അപ്പീലുകളും നിരോധിച്ചു. ചാരിറ്റി ലൈസന്‍സില്ലാതെ അനധികൃത ധനസമാഹരണത്തിലും സംഭാവനകളിലും ഏര്‍പ്പെടുന്നവര്‍ക്ക് തടവും രണ്ട് ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം (ഏതാണ്ട് 10,055,862 രൂപ) വരെ പിഴയും ലഭിക്കുമെന്ന് കമ്മ്യൂണിറ്റി വികസന മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.

പരിഷ്‌കരിച്ച നിയമം പുറത്തിറക്കി സാമൂഹ്യ വികസന മന്ത്രി ഹെസ്സ ബിന്റ് ഈസ ബുഹുമൈദാണ് ഇക്കാര്യം അറിയിച്ചത്. ധനസമാഹരണത്തിന് രാജ്യത്ത് ഇതിനകം തന്നെ കര്‍ശനമായ നിയമങ്ങളുണ്ട്. ഇത് കൂടുതല്‍ കര്‍ക്കശമാക്കുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ക്രമവിരുദ്ധമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സഹായങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് കൊടുക്കുന്നവര്‍ക്കറിയാത്തതിനാല്‍ അവര്‍ പ്രശ്‌നത്തിലാകുമെന്ന് മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായ ധനസമാഹരണവും നല്ല വിശ്വാസത്തോടെ നല്‍കുന്ന ഭക്ഷണമോ സാധനങ്ങളോ ദുരുപയോഗം ചെയ്യുന്നതും തടയുകയാണ് ലക്ഷ്യമെന്ന് അവര്‍ വിശദീകരിച്ചു.

ജീവകാരുണ്യ അപേക്ഷ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് മാത്രമേ നടത്താനാകൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന പൊതുജനങ്ങള്‍ ലൈസന്‍സുള്ള ഒരു ചാരിറ്റിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണത്തിനായി സോഷ്യല്‍ മീഡിയായില്‍ അഭ്യര്‍ത്ഥന നടത്തുന്നതില്‍ നിന്ന് പുതിയ നിയമം പൊതുജനങ്ങളെ വിലക്കുന്നു. എന്നാല്‍, ഒരു വ്യക്തിക്ക് അവര്‍ക്ക് വിശ്വസ്തരായ ആളുകളില്‍ നിന്ന് ധനസഹായമോ വസ്തുക്കളോ സ്വകാര്യമായി ശേഖരിച്ച് അയാള്‍ക്ക് അറിയാവുന്ന ഒരു വ്യക്തിക്ക് സംഭാവനയായി നല്‍കാം.
ഭീകരതയ്‌ക്കോ കുറ്റകൃത്യങ്ങള്‍ക്കോ വേണ്ടി സംഭാവനകള്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ 2015 മുതല്‍ യുഎഇയില്‍ അനധികൃത ധനസമാഹരണത്തിനെതിരെ കര്‍ശനമായ നിയമം നിലവിലുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top