29 March Friday

യുഎഇയുടെ ഹോപ്പ് പ്രോബ് ചൊവ്വാ ഭ്രമണ പഥത്തില്‍

അനസ് യാസിന്‍Updated: Wednesday Feb 10, 2021
മനാമ: യുഎഇയുടെ ആദ്യ ചൊവ്വ ദൗത്യം ചുവന്ന ഗ്രഹത്തിലെത്തിലെത്തി. ആദ്യ ശ്രമത്തില്‍ തന്നെ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തിലെത്തില്‍ പ്രവേശിച്ചു. എമിറേറ്റ്‌സ് ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഭ്രമണപഥത്തിലാണെന്ന് സ്ഥിരീകരിക്കുന്ന സന്ദേശം രാത്രി 8.15ന് ഭൂമിയിലെത്തി.
 
'ദൗത്യം സഫലമായി'-ഹോപ്പിന്റെ ചൊവ്വാ ഭ്രമണപഥത്തിലേക്കുള്ള പ്രവശേനം ആഘോഷിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
 
ഇതോടെ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി യുഎഇ. നേരത്തെ അമേരിക്ക, റഷ്യ, യുറോപ്പ്യന്‍ യൂണിയന്‍, ഇന്ത്യ എന്നിവ ചൊവ്വ ദൗത്യം പൂര്‍ത്തിയാക്കിയിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ചൊവ്വ ദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമായും യുഎഇ മാറി. അറബ് ലോകത്ത് നിന്ന് ആദ്യമായി ചൊവ്വയിലെത്തുന്ന രാജ്യവും യുഎഇയാണ്. 
 
ഒരാഴ്ചക്കുള്ളില്‍ ചൊവ്വയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഹോപ് അയച്ചുതുടങ്ങും. 11 മിനിറ്റുകൊണ്ട് ചിത്രങ്ങള്‍ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവര്‍ഷം) ചൊവ്വയിലെ വിവരശേഖരണം പൂര്‍ത്തിയാക്കും. ഹോപിനൊപ്പം എമിറേറ്റ്‌സ് മാര്‍സ് സ്‌പെക്ട്രോ മീറ്റര്‍, ഇമേജര്‍, ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോ മീറ്റര്‍ എന്നീ മൂന്ന് ഉപകരണങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ആദ്യത്തെ പൂര്‍ണ്ണ ഛായാചിത്രം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാലാനുസൃതവും ദൈനംദിനവുമായ മാറ്റങ്ങള്‍ കണക്കാക്കാന്‍ ഉപകരണങ്ങള്‍ അന്തരീക്ഷത്തിലെ വ്യത്യസ്ത ഡാറ്റ പോയിന്റുകള്‍ ശേഖരിക്കും. ചൊവ്വയിലെ അന്തരീക്ഷത്തിന്റെ വിവിധ തലങ്ങളില്‍ കാലാവസ്ഥാ ചലനാത്മകതയും ആകാശനിലയും എങ്ങനെയാണെന്നതിനെക്കുറിച്ച് ഈ വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് ധാരണ നല്‍കും. ഓക്‌സിജനും ഹൈഡ്രജനും പോലുള്ള ഊര്‍ജ്ജവും കണികളും അന്തരീക്ഷത്തിലൂടെ എങ്ങനെ നീങ്ങുന്നു, അവ ചൊവ്വയില്‍ കടക്കാതെ എങ്ങിനെ നില്‍ക്കുന്നു എന്നിവയിലേക്ക് ഇത് വെളിച്ചം വീശും.
 
കഴിഞ്ഞ വര്‍ഷം ജൂലൈ 20നാണ് ജപ്പാനിലെ താനെഗാഷിമ ഐലന്‍ഡില്‍ നിന്ന് ഹോപ് ചൊവ്വയിലേക്ക് കുതിച്ചത്. ജൂലായില്‍ വിക്ഷേപിച്ച് മൂന്ന് ചൊവ്വാ ദൗത്യങ്ങളില്‍ ഒന്നാണിത്. നാസയുടെ പെര്‍സര്‍വറന്‍സ് റോവറും ചൈനയുടെ ടിയാന്‍വെന്‍ 1 ദൗത്യവുമാണ് മറ്റു രണ്ടെണണം. ഹോപ് പ്രോബ് ചൊവ്വയെ പരിക്രമണം ചെയ്യും, ടിയാന്‍വെന്‍ 1 ഗ്രഹത്തെ പരിക്രമണം ചെയ്യുകയും അതില്‍ ഇറങ്ങുകയും ചെയ്യും. റോവറും ചൊവ്വയില്‍ ഇറങ്ങും.
 
ചൊവ്വയും ഭൂമിയും തമ്മില്‍ സൂര്യന്റെ ഒരേ വശത്ത് വിന്യസിച്ചതിനാല്‍ മൂന്ന് ദൗത്യങ്ങളും ഒരേ സമയമാണ് വിക്ഷേപിച്ചത്. ഇത് ചൊവ്വയിലേക്കുള്ള യാത്ര കൂടുതല്‍ കാര്യക്ഷമമാക്കി. ചൊവ്വയില്‍ എത്തുന്ന ആദ്യ ദൗത്യം ഹോപ്പാണ്; ടിയാന്‍വെന്‍ 1 ബുധനാഴ്ചയും റോവര്‍ ഈ മാസം 18 നും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
 
'ചൊവ്വയുടെ ഭ്രമണപഥത്തിലെ നിങ്ങളുടെ സുരക്ഷിതമായ വരവിന് അഭിനന്ദനങ്ങള്‍! റെഡ് പ്ലാനറ്റ് പര്യവേക്ഷണം ചെയ്യാനുള്ള നിങ്ങളുടെ ധീരമായ ശ്രമം നക്ഷത്രങ്ങളിലേക്ക് എത്തിച്ചേരാന്‍ മറ്റു പലരെയും പ്രചോദിപ്പിക്കും. നാസാപെര്‍സെവറിനൊപ്പം ചൊവ്വയില്‍ ഉടന്‍ തന്നെ നിങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നാസയുടെ സയന്‍സ് മിഷന്‍ ഡയറക്ടറേറ്റിനായി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ തോമസ് സുര്‍ബുചെന്‍ ട്വീറ്റ് ചെയ്തു.
 
ചൊവ്വാഴ്ച രാത്രി ചൊവ്വയിലെ ദൗത്യത്തിന്റെ ബഹുമാനാര്‍ത്ഥം ദുബായിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ, യുഎഇയിലുടനീളമുള്ള മറ്റ് കെട്ടിടങ്ങള്‍ എന്നിവയും ചുവപ്പ് അണിഞ്ഞു. ദൗത്യം ചൊവ്വയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥത്തില്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത വന്നപ്പോള്‍, ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് ഷോ തുടങ്ങിയിരുന്നു. 
 
ഹോപ് പ്രോബില്‍ ശരാശരി 27 വയസ് പ്രായമുള്ള യുഎഇ എഞ്ചിനീയര്‍മാര്‍ പ്രവര്‍ത്തിച്ചു, അതില്‍ 34 ശതമാനം വനിതകളാണ്. സയന്‍സ് ടീമില്‍ 80 ശതമാനമാണ് സ്ത്രീകള്‍. യുഎഇയ്ക്കായി ഒരു വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നതാണ് മിഷന്റെ ലക്ഷ്യങ്ങളിലൊന്ന്. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ കൂടുതല്‍ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്. 
 
യുഎഇ ബഹിരാകാശ ഏജന്‍സി ചൊവ്വാഴ്ച ഹോപ്പിന്റെ ചൊവ്വ ഭ്രമണപഥത്തിലേക്കുള്ള തത്സമയ കവറേജ് ആരംഭിച്ചിരുന്നു. യുഎഇ ദൗത്യത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബഹ്‌റൈനില്‍ ഇരട്ട കെട്ടിടമായ വേള്‍ഡ് ട്രേഡ് സെന്ററും ചുവപ്പ് പ്രകാശത്തിലായി. അറബ് ഭരണാധികാരികള്‍ യുഎഇ ഭരണ നേതൃത്വത്തെ അഭിനന്ദിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top